
അടുക്കളമുറ്റത്ത് കോഴിവളർത്തലുണ്ടെങ്കിൽ പുരയിടമൊരു പോഷക കലവറയായി മാറുമെന്നത് വെറുമൊരു വാക്കല്ല, പോഷക സമൃദ്ധിയുടെ കാര്യത്തിൽ മുട്ടയെ വെല്ലാൻ മറ്റൊരു ഭക്ഷണ പദാർത്ഥമില്ല എന്ന് തന്നെ പറയാം. ആരോഗ്യദായകവും സമീകൃതവുമായ ആഹാരത്തിൽ അടങ്ങിയിരിക്കേണ്ട പോഷകങ്ങളിൽ നല്ലൊരു പങ്കും ഉൾക്കൊള്ളുന്ന ഒരു ഉത്തമാഹാരമായ മുട്ടയുടെ വെള്ളയും മഞ്ഞക്കരുവും മികച്ച മാംസ്യ (Protein) സ്രോതസ്സുകളാണ്. ശരാശരി 50 മുതൽ 55 ഗ്രാം വരെ തൂക്കമുള്ള ഒരു കോഴിമുട്ടയിൽ ഏകദേശം 6.3 ഗ്രാമോളം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. മനുഷ്യശരീരത്തിന് ആവശ്യമായ എല്ലാ അമിനോ ആസിഡുകളും ശരിയായ അനുപാതത്തിൽ ഉള്ളതിനാൽ 'ഐഡിയൽ പ്രോട്ടീൻ സ്രോതസ്സ്' (Ideal Protein Source) ആയാണ് ശാസ്ത്രലോകം മുട്ടയെ കണക്കാക്കുന്നത്. നമ്മൾ കഴിക്കുന്ന പ്രോട്ടീൻ എത്രത്തോളം കാര്യക്ഷമമായി ശരീരകലകളായി മാറുന്നു എന്ന് അളക്കുന്ന 'ജൈവികമൂല്യം' (Biological Value) പശുവിൻ പാലിൽ 90 ആണെങ്കിൽ, മുട്ടയിലിത് അമ്മയുടെ മുലപ്പാലിലെ മാംസ്യത്തിനോട് തൊട്ടുരുമ്മി നിൽക്കുന്ന 94 എന്ന ഉയർന്ന നിലയിലാണ്.
പോഷകഗുണങ്ങൾക്കപ്പുറം മുട്ടയ്ക്കുള്ളിലെ ജീവതന്മാത്രകളെക്കുറിച്ചുള്ള ഗവേഷണങ്ങൾ ശാസ്ത്രലോകത്തെ എന്നും അമ്പരപ്പിച്ചിട്ടുണ്ട്. ലോകപ്രശസ്ത ഗവേഷണ ജേർണലായ 'ന്യൂട്രിയന്റ്സി'ൽ (Nutrients) പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, മുട്ടയുടെ വെള്ളയിൽ നിന്നും മഞ്ഞക്കരുവിൽ നിന്നുമായി അഞ്ഞൂറിലധികം (550) വ്യത്യസ്ത പ്രോട്ടീനുകൾ ഇതുവരെ വേർതിരിച്ചെടുത്തിട്ടുണ്ട്. എന്നാൽ ഇതിൽ ഓവൽബുമിൻ, ലൈസോസൈം, ഓവോമുക്കോയിഡ് തുടങ്ങിയ ഇരുപതോളം പ്രധാന മാംസ്യങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചും ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചും മാത്രമേ ശാസ്ത്രത്തിന് ഇതുവരെ പൂർണ്ണമായി മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളൂ. ബാക്കിയുള്ള ചെറു പ്രോട്ടീനുകളുടെയും അവയുടെ ജീവശാസ്ത്രപരമായ ദൗത്യങ്ങളുടെയും വിവരങ്ങൾ ഇന്നും ഗവേഷണ ഘട്ടത്തിലാണ്. നാഡീവ്യവസ്ഥയുടെ വികാസത്തിനും ഓർമ്മശക്തിക്കും അത്യാവശ്യമായ 'കോളിൻ' (Choline), പ്രായമാകുമ്പോഴുണ്ടാകുന്ന കാഴ്ചക്കുറവ് തടയുന്ന ലൂട്ടീൻ, സെയാക്സാന്തിൻ എന്നീ ആന്റിഓക്‌സിഡന്റുകൾ, അണുബാധകളെ പ്രതിരോധിക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്ന ബയോആക്റ്റീവ് പെപ്റ്റൈഡുകൾ എന്നിവയും മുട്ടയിൽ സമൃദ്ധമായി അടങ്ങിയിട്ടുണ്ടെന്ന് സമീപകാല ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. ശാസ്ത്രത്തിന് ഇന്നും പൂർണ്ണമായി അജ്ഞാതമായ എത്രയോ പോഷകരഹസ്യങ്ങളും ജൈവതന്മാത്രകളും ഇനിയും ഒരു സാധാരണ മുട്ടയ്ക്കുള്ളിൽ മറഞ്ഞിരിപ്പുണ്ട്. ദിവസവും ഭക്ഷണത്തിൽ ഒരു മുട്ടയെങ്കിലും ഉൾപ്പെടുത്തുന്നത് ശരീരത്തിന് ആവശ്യമായ മികച്ച പ്രോട്ടീനും ഇതുവരെ പൂർണ്ണമായി അനാവരണം ചെയ്യപ്പെടാത്ത പ്രകൃതിയുടെ രഹസ്യ പോഷകങ്ങളും നൽകാൻ സഹായിക്കും.
മുട്ടക്കും ഒരു ദിനം
ഒക്ടോബർ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച ലോകമെമ്പാടും 'ലോക മുട്ട ദിനമായി' (World Egg Day) ആചരിക്കുകയാണ്. ചുരുങ്ങിയ ചെലവിൽ പരമാവധി പോഷകങ്ങൾ ലഭ്യമാക്കുന്ന അത്യുത്തമ ആഹാരമെന്ന നിലയിൽ മുട്ടയുടെ പ്രാധാന്യത്തെ ഓർമ്മിപ്പിക്കാനും, ആഗോളതലത്തിൽ പോഷകാഹാരക്കുറവ് പരിഹരിക്കാനും ലക്ഷ്യമിട്ടാണ് ഈ ദിനം ആഘോഷിക്കുന്നത്. "Protein That Powers and Protects" (ശരീരത്തിന് ഊർജ്ജവും രോഗപ്രതിരോധ സംരക്ഷണവും നൽകുന്ന പ്രോട്ടീൻ) എന്നതാണ് ഈ വർഷത്തെ ഔദ്യോഗിക പ്രമേയം.
മുട്ടയും കൊളസ്ട്രോൾ പേടിയും
മുട്ട കഴിച്ചാൽ ശരീരത്തിൽ കൊഴുപ്പും കൊളസ്ട്രോളും കൂടുമെന്ന ഭയം പലർക്കുമുണ്ട്. മുൻകാലങ്ങളിൽ ആരോഗ്യ പ്രവർത്തകർ തന്നെ ഇത്തരമൊരു മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, പുതിയ ശാസ്ത്രീയ ഗവേഷണങ്ങൾ ഈ വാദത്തെ പൂർണ്ണമായും തള്ളിക്കളയുന്നു. മുട്ടയുടെ മഞ്ഞക്കരുവിൽ (ഒരു വലിയ മുട്ടയിൽ) ഏകദേശം 186 മുതൽ 200 മില്ലിഗ്രാം വരെ കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, ഭക്ഷണത്തിലൂടെ ലഭിക്കുന്ന കൊളസ്ട്രോൾ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവിനെ കാര്യമായി കൂട്ടുന്നില്ലെന്നാണ് ആധുനിക പഠനങ്ങൾ വ്യക്തമാക്കുന്നത്, പൂരിത കൊഴുപ്പുകളും (Saturated fats) ട്രാൻസ് ഫാറ്റുകളുമാണ് (Trans fats) രക്തത്തിലെ കൊളസ്ട്രോൾ ഉയർത്തുന്ന പ്രധാന ഘടകങ്ങൾ.
കൂടാതെ, മുട്ടയിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പിൽ ഭൂരിഭാഗവും ഹൃദയാരോഗ്യത്തിന് ഗുണകരമായ 'അപൂരിത കൊഴുപ്പുകളാണ്' (Unsaturated fats). 100 ഗ്രാം മുട്ടയിൽ അടങ്ങിയിരിക്കുന്ന ആകെ കൊഴുപ്പിൽ 5.5 ഗ്രാമോളം ആരോഗ്യകരമായ മോണോ അൺസാച്ചുറേറ്റഡ്, പോളി അൺസാച്ചുറേറ്റഡ് കൊഴുപ്പുകളാണ്. കൂടാതെ ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന ലിനോലെയിക് ആസിഡ് ഉൾപ്പെടെയുള്ള അവശ്യ ഫാറ്റി ആസിഡുകളാലും മുട്ട സമൃദ്ധമാണ്. അതിനാൽ കൊഴുപ്പിനെ പേടിക്കാതെ ധൈര്യമായി കഴിക്കാവുന്ന സുരക്ഷിതമായ ഭക്ഷണമാണ് മുട്ട.
പോഷക സമ്പന്നതയുടെ കാര്യത്തിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതിലും മുട്ട ഏറെ മുന്നിലാണ്. മുട്ടയിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് വളരെ കുറവായതിനാൽ (ഒരു വലിയ മുട്ടയിൽ 1 ഗ്രാമിൽ താഴെ മാത്രം) ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയർത്തുന്നില്ല. പ്രമേഹരോഗികൾക്ക് കഴിക്കാൻ പറ്റിയ മികച്ചതും ഉയർന്ന പ്രോട്ടീൻ അടങ്ങിയതുമായ ഒരു ഭക്ഷണമാണിതെന്ന് അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ (ADA) തന്നെ സാക്ഷ്യപ്പെടുത്തുന്നു. കൂടാതെ, വൈറ്റമിൻ സി ഒഴികെയുള്ള മറ്റെല്ലാ ജീവകങ്ങളും (എ, ഡി, ഇ, കെ, ബി-ഗ്രൂപ്പ് ജീവകങ്ങൾ) മുട്ടയുടെ മഞ്ഞക്കരുവിൽ അടങ്ങിയിരിക്കുന്നു. വെള്ളയിലാകട്ടെ ബി-ഗ്രൂപ്പ് ജീവകങ്ങളും ഉയർന്ന നിലവാരമുള്ള പ്രോട്ടീനുമാണ് പ്രധാനം. സൂര്യപ്രകാശത്തിൽ നിന്ന് മാത്രം പ്രധാനമായി ലഭിക്കുന്ന വൈറ്റമിൻ ഡി-യുടെ അപൂർവ്വമായ ഒരു ഭക്ഷണ സ്രോതസ്സ് കൂടിയാണിത്. നാഡീവ്യൂഹത്തിന്റെ പ്രവർത്തനം, തലച്ചോറിന്റെ വികാസം, ഓർമ്മശക്തി, എല്ലുകളുടെ ആരോഗ്യം എന്നിവയ്ക്ക് അത്യന്താപേക്ഷിതമായ 'കോളിൻ' (Choline) എന്ന ഘടകത്തിന്റെ മികച്ച സ്രോതസ്സാണിത്. 100 ഗ്രാം മഞ്ഞക്കരുവിൽ 680 മില്ലിഗ്രാമോളം കോളിൻ അടങ്ങിയിട്ടുണ്ട്. ഗർഭിണികൾക്കും വളരുന്ന കുട്ടികൾക്കും മസ്തിഷ്ക വളർച്ചയ്ക്ക് ഇത് ഏറെ സഹായിക്കുന്നു. ഒപ്പം, കണ്ണിന്റെ കാഴ്ചശക്തി സംരക്ഷിക്കാനും വാർദ്ധക്യസഹജമായ കാഴ്ചമങ്ങൽ തടയാനും സഹായിക്കുന്ന 'ലൂട്ടീൻ' (Lutein), 'സെയാക്സാന്തിൻ' (Zeaxanthin) എന്നീ ശക്തിയേറിയ ആന്റിഓക്സിഡന്റുകളും മുട്ടയിലുണ്ട്.
ജീവകങ്ങൾക്കൊപ്പം ഫോസ്ഫറസ്, കാൽസ്യം, പൊട്ടാസ്യം, സോഡിയം, അയൺ, സിങ്ക്, സെലീനിയം, കോപ്പർ തുടങ്ങി നിരവധി ധാതുക്കളും മുട്ട നൽകുന്നു. അയണും സിങ്കും സമൃദ്ധമായി അടങ്ങിയ മഞ്ഞക്കരു വിളർച്ച തടയാൻ ഉത്തമമാണ്. കൂടാതെ, രക്തസമ്മർദ്ദം കുറയ്ക്കാനും (Anti-hypertensive), രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും (Immunomodulatory), അർബുദ കോശങ്ങളെ ചെറുക്കാനും (Tumor-inhibitory), രോഗാണുക്കളെ നശിപ്പിക്കാനും (Antimicrobial), ഓക്സീകരണ സമ്മർദ്ദം കുറയ്ക്കാനും (Antioxidant) ശേഷിയുള്ള ജീവതന്മാത്രകൾ മുട്ടയിലുണ്ടെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. ഇതിനുപുറമേ, ഉയർന്ന പ്രോട്ടീൻ സാന്നിധ്യം വയർ നിറഞ്ഞ സംതൃപ്തി നൽകുന്നതിനാൽ പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് അമിതാഹാരം ഒഴിവാക്കാനും ശരീരഭാരം ക്രമീകരിക്കാനും ഏറെ സഹായകരമാണ്.
കുറഞ്ഞ ചെലവിൽ ഇത്രയധികം പോഷകങ്ങൾ നൽകുന്ന മറ്റൊരു ഭക്ഷണപദാർത്ഥമില്ല. ഒരു മുതിർന്ന വ്യക്തി ആരോഗ്യകരമായ ജീവിതത്തിനായി പ്രതിവർഷം കുറഞ്ഞത് 180 മുട്ടകളെങ്കിലും (രണ്ട് ദിവസത്തിലൊരിക്കൽ ഒന്ന്) കഴിക്കണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) നിർദ്ദേശിക്കുന്നു. കുട്ടികൾക്ക് വർഷത്തിൽ കുറഞ്ഞത് 90 മുട്ടകളെങ്കിലും ഉറപ്പാക്കണമെന്നും ICMR ശുപാർശ ചെയ്യുന്നു. സാധാരണ ആരോഗ്യമുള്ള ഒരു വ്യക്തിക്ക് ദിവസവും ഒന്നോ രണ്ടോ മുട്ട മുഴുവനായി കഴിക്കുന്നത് തികച്ചും സുരക്ഷിതമാണ്. പ്രമേഹമോ ഉയർന്ന കൊളസ്ട്രോളോ ഉള്ളവർക്ക് പോലും, ഭക്ഷണത്തിൽ പൂരിത കൊഴുപ്പുകളുടെ (Saturated fats) അളവ് കുറവാണെങ്കിൽ, ദിവസവും ഒരു മുട്ട വീതം (അല്ലെങ്കിൽ ആഴ്ചയിൽ 7 മുട്ട വരെ) കഴിക്കുന്നത് സുരക്ഷിതമാണെന്ന് ആരോഗ്യ വിദഗ്ദ്ധരും മെഡിക്കൽ മാർഗ്ഗനിർദ്ദേശങ്ങളും വ്യക്തമാക്കുന്നു. എണ്ണയില്ലാതെ പുഴുങ്ങി നന്നായി വേവിച്ചു കഴിക്കുന്നതാണ് മുട്ടയുടെ പൂർണ്ണ ഗുണം ലഭിക്കാൻ ഏറ്റവും നല്ലത്.
മുറ്റത്തൊരുക്കാം മുട്ടകൃഷി
നാടൻ കോഴിമുട്ടയ്ക്ക് വിപണിയിൽ മികച്ച ആവശ്യക്കാരുള്ള കാലമാണിത്. അടുക്കളമുറ്റത്ത് കുറച്ച് മുട്ടക്കോഴികളെ വളർത്തിയാൽ വീട്ടാവശ്യത്തിനുള്ള മുട്ട ലഭിക്കുമെന്ന് മാത്രമല്ല, മിച്ചം വരുന്നവ പ്രാദേശികമായി വിറ്റ് നല്ലൊരു വരുമാനവും കണ്ടെത്താം. 5 മുതൽ 10 വരെ കോഴികളെ വളർത്തുന്ന ചെറുകിട യൂണിറ്റുകളാണ് വീട്ടുമുറ്റത്തെ വളർത്തലിന് ഏറ്റവും അനുയോജ്യം. നാടൻ കോഴികളെ വളർത്താൻ താല്പര്യമുള്ളവർക്ക് തലശ്ശേരി കോഴി, നേക്കഡ് നെക്ക്, അസീൽ, കരിങ്കോഴി തുടങ്ങിയ പ്രാദേശിക ഇനങ്ങളെ തിരഞ്ഞെടുക്കാം. വർഷത്തിൽ 80 മുതൽ 100 മുട്ടകൾ വരെ ഇവയിൽ നിന്ന് ലഭിക്കും. അടയിരിക്കുന്നതിനും രോഗപ്രതിരോധ ശേഷിക്കും പേരുകേട്ടവരാണ് നാടൻ കോഴികൾ. മാത്രമല്ല, ഇവയുടെ ഇറച്ചിക്കും തവിട്ടുനിറമുള്ള മുട്ടയ്ക്കും മികച്ച വിപണിമൂല്യവുമുണ്ട്. ഉത്പാദനശേഷി കുറഞ്ഞ നാടൻ കോഴികൾക്ക് പകരം അടുക്കളമുറ്റങ്ങൾക്ക് അനുയോജ്യമായ ഉയർന്ന ഉത്പാദനശേഷിയുള്ള സങ്കരയിനം കോഴികളും ഇന്ന് ലഭ്യമാണ്. തവിട്ടും കറുപ്പും വെളുപ്പും കലർന്ന ഗ്രാമശ്രീ, വെളുപ്പിൽ കറുത്ത പുള്ളികളുള്ള ഗ്രാമലക്ഷ്മി (ആസ്ട്രോവൈറ്റ്), വൈറ്റ് ലെഗോൺ, തലശ്ശേരി, റോഡ് ഐലന്റ് റെഡ് എന്നിവയുടെ സങ്കരയിനമായ ത്രിവേണി കോഴി, ഗ്രാമപ്രിയ, കൈരളി, കാവേരി, കലിംഗ ബ്രൗൺ, ഗിരിരാജ, വനരാജ തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്.
കേരള വെറ്ററിനറി സർവ്വകലാശാല വികസിപ്പിച്ചെടുത്ത ഉയർന്ന തീറ്റപരിവർത്തനശേഷിയും വളർച്ചാനിരക്കുമുള്ള ഗ്രാമശ്രീ കോഴികൾ വീട്ടുവളപ്പിലെ വളർത്തലിന് ഏറ്റവും അനുയോജ്യമാണ്. കാഴ്ചയിൽ നാടൻ കോഴികളുടെ വർണ്ണവൈവിധ്യമുള്ള ഇവയുടെ മുട്ടയ്ക്കും തവിട്ടുനിറവും കടുംമഞ്ഞക്കരുവുമാണുള്ളത്. ഇത്തരം സങ്കരയിനങ്ങൾ 5 മുതൽ 5.5 മാസം പ്രായമെത്തുമ്പോൾ മുട്ടയിടാൻ തുടങ്ങുകയും വർഷത്തിൽ 190 മുതൽ 220 മുട്ടകൾ വരെ തരുകയും ചെയ്യും. ഏകദേശം ഒന്നര വർഷത്തെ (72-74 ആഴ്ചകൾ) ലാഭകരമായ മുട്ടയുത്പാദന കാലയളവിന് ശേഷം ഇവയെ ഇറച്ചിക്കായി വിൽക്കാം, അപ്പോൾ ഏകദേശം രണ്ട് കിലോയോളം ശരീരഭാരമുണ്ടാകും. ജൈവരീതിയിൽ വളർത്തുന്നതിനാൽ ഈ ഇറച്ചി സ്വാദിഷ്ടവും പോഷകസമൃദ്ധവുമാണ്.
ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെ വാങ്ങുകയാണെങ്കിൽ മൂന്നാഴ്ച പ്രായമാകുന്നതുവരെ കൃത്രിമ ചൂട് നൽകാനുള്ള ബ്രൂഡിങ് ക്രമീകരണങ്ങളും സ്റ്റാർട്ടർ തീറ്റയും വാക്സിനുകളും നൽകേണ്ടതുണ്ട്. കുറഞ്ഞ എണ്ണം കോഴികൾക്ക് ഇത് ലാഭകരമല്ലാത്തതിനാൽ, ആവശ്യമായ പ്രതിരോധ കുത്തിവെയ്പുകൾ നൽകിയ 2 മാസം പ്രായമുള്ള കുഞ്ഞുങ്ങളെ വാങ്ങുന്നതാണ് അഭികാമ്യം. സർക്കാർ/സർവ്വകലാശാല ഫാമുകളിൽ നിന്നോ അംഗീകൃത നഴ്സറികളിൽ നിന്നോ ഇവയെ വാങ്ങാം. പകൽ സമയം അഴിച്ചുവിട്ടു വളർത്തുകയാണെങ്കിൽ വലിയ പാർപ്പിട സൗകര്യങ്ങൾ ആവശ്യമില്ല. കാറ്റും വെളിച്ചവും ലഭിക്കുന്നതും ഇരപിടിയന്മാരിൽ നിന്ന് സംരക്ഷണം നൽകുന്നതുമായ കൂടുകൾ തടിയും കമ്പിവലയും ഉപയോഗിച്ച് തറനിരപ്പിൽ നിന്ന് കുറഞ്ഞത് 2 അടി ഉയരത്തിൽ നിർമ്മിക്കാം. കൂട് നിർമ്മിക്കുമ്പോൾ തറയിൽ തടികൊണ്ടുള്ള റീപ്പുകളോ കമ്പിവലയോ ഉപയോഗിക്കുന്നത് കാഷ്ടം താഴേക്ക് വീഴാനും കൂട് വൃത്തിയായി സൂക്ഷിക്കാനും സഹായിക്കും. കൂട്ടിൽ ഒരു കോഴിക്ക് 1 ചതുരശ്രയടി സ്ഥലം എന്ന കണക്കിൽ 4 അടി നീളവും 3 അടി വീതിയും 2 അടി ഉയരവുമുള്ള കൂട്ടിൽ 10-12 കോഴികളെ പാർപ്പിക്കാം. പൂർണ്ണമായും തുറന്നുവിടാൻ സൗകര്യമില്ലെങ്കിൽ കൂടിനുചുറ്റും നൈലോൺ/കമ്പിവല കെട്ടി ഒരു കോഴിക്ക് 10 ചതുരശ്രയടി എന്ന കണക്കിൽ 100 ചതുരശ്രയടി സ്ഥലം വേലിക്കുള്ളിൽ നൽകാം. മുട്ട പൊട്ടാതെയും അഴുക്കാകാതെയും ശേഖരിക്കാൻ കാർഡ്ബോർഡോ മരമോ ഉപയോഗിച്ച് 1 അടി നീളവും വീതിയും അരയടി ഉയരവുമുള്ള നെസ്റ്റ് ബോക്സുകൾ (മുട്ടപ്പെട്ടികൾ) വൈക്കോലോ ഉണക്കപ്പുല്ലോ വിരിച്ച് 5 കോഴികൾക്ക് ഒന്ന് എന്ന അനുപാതത്തിൽ തണലുള്ള മൂലകളിൽ സജ്ജീകരിക്കണം.
സ്ഥലപരിമിതിയുള്ളവർക്ക് മട്ടുപ്പാവിലോ മുറ്റത്തോ വളർത്താൻ GI കമ്പികൊണ്ടുള്ള മോഡേൺ കൂടുകൾ ലഭ്യമാണ്. വാട്ടർ ടാങ്ക്, ഓട്ടോമാറ്റിക് നിപ്പിൾഡ്രിങ്കർ, ഫീഡർ, എഗ്ഗർ ചാനൽ, ട്രേ എന്നിവയടങ്ങിയ ഇത്തരം ഹൈടെക് കൂടുകളിൽ വളർത്താൻ വർഷത്തിൽ 280-300 മുട്ടകൾ വരെ തരുന്ന BV 380 ഇനം കോഴികളാണ് അനുയോജ്യം. മുട്ടയിടുന്ന ഒരു കോഴിക്ക് ദിവസേന 100-120 ഗ്രാം തീറ്റ ആവശ്യമാണ്. വീട്ടിലെ മിച്ചാഹാരം, അടുക്കള അവശിഷ്ടങ്ങൾ, ധാന്യങ്ങൾ, ധാന്യത്തവിട്, പിണ്ണാക്ക്, പച്ചക്കറി അവശിഷ്ടങ്ങൾ എന്നിവയ്ക്ക് പുറമേ അസോള, വാഴത്തട, അഗത്തിച്ചീര, ചീര, ചെമ്പരത്തിയില, പപ്പായയില, തീറ്റപ്പുല്ല് എന്നിവയും നൽകാം. സങ്കരയിനങ്ങൾക്ക് ഉത്പാദനം കൂട്ടാൻ ദിവസവും 30-40 ഗ്രാം സമീകൃത ലയർ തീറ്റ നൽകുന്നത് നല്ലതാണ് (എന്നാൽ ഹൈടെക് കൂടുകളിൽ വളർത്തുന്ന BV 380 കോഴികൾക്ക് പൂർണ്ണമായും 100-120 ഗ്രാം ലയർ തീറ്റ തന്നെ നൽകേണ്ടിവരും). കാൽസ്യം ഉറപ്പാക്കാൻ ഒരു കോഴിക്ക് ദിവസവും 5 ഗ്രാം എന്ന കണക്കിൽ കക്കത്തോട് പൊടിച്ചതോ ഉണക്കിപ്പൊടിച്ച മുട്ടത്തോടോ തീറ്റയിൽ ഉൾപ്പെടുത്തുന്നത് മുട്ടത്തോടിന്റെ ബലം കൂട്ടാനും ഉത്പാദനം വർദ്ധിപ്പിക്കാനും സഹായിക്കും. എന്നാൽ പച്ചയോ വേവിച്ചതോ ആയ ധാന്യങ്ങൾ അമിതമായി നൽകുന്നത് കോഴികളിൽ കൊഴുപ്പടിയാനും മുട്ടയുത്പാദനം കുറയാനും ഇടയാക്കും.
രാത്രികാലങ്ങളിൽ കൂട്ടിൽ 4 മണിക്കൂർ ബൾബ് കത്തിച്ചു വെളിച്ചം നൽകുന്നത് (മൊത്തം 16 മണിക്കൂർ വെളിച്ചം) മുട്ടയുത്പാദനം വർദ്ധിപ്പിക്കും. ഇടവിട്ട മാസങ്ങളിൽ വിരയിളക്കാനുള്ള മരുന്ന് നൽകുകയും, കോഴിപ്പേൻ പോലുള്ള ബാഹ്യപരാദങ്ങളെ തടയാൻ 2 മാസത്തിലൊരിക്കൽ മരുന്നുകൾ കൂട്ടിലും കോഴികളുടെ ശരീരത്തിലും തളിക്കുകയോ മരുന്നുവെള്ളത്തിൽ മുക്കിയെടുക്കുകയോ ചെയ്യണം. മഴക്കാലത്ത് കൂടുകളിൽ ഈർപ്പം തട്ടാതെ ഉണങ്ങി സൂക്ഷിക്കുന്നത് അസുഖങ്ങൾ ഒഴിവാക്കാൻ അത്യന്താപേക്ഷിതമാണ്. മുട്ടയിടാൻ തുടങ്ങുന്നതിന് തൊട്ടുമുമ്പ് (15-16 ആഴ്ച പ്രായത്തിൽ) കോഴിവസന്തയ്ക്കെതിരെയുള്ള (Ranikhet Vaccine) കുത്തിവെയ്പ് നൽകുകയും തുടർന്ന് ഓരോ 6 മാസം കൂടുമ്പോഴും ഇത് ആവർത്തിക്കുകയും വേണം. സങ്കരയിനം കോഴികൾ സാധാരണയായി അടയിരിക്കാറില്ലാത്തതിനാൽ, ഇവയുടെ കൊത്തുമുട്ടകൾ വിരിയിച്ചെടുക്കാൻ 10 പിടയ്ക്ക് 1 പൂവൻ എന്ന അനുപാതത്തിൽ വളർത്തി, നാടൻ കോഴിയെക്കൊണ്ട് അടവെപ്പിക്കുകയോ ഇൻകുബേറ്റർ ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.
Published: 09 Oct 2026, 06:46 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented