ചേര്‍പ്പ് (തൃശൂര്‍): ദ്രവീകരിച്ച നൈട്രജന്‍ ഉപയോഗിച്ചുള്ള ഭക്ഷണങ്ങള്‍ നിരോധിച്ചിട്ടും ഉത്സവങ്ങള്‍, വീടുകളിലെ ആഘോഷങ്ങള്‍ എന്നിവിടങ്ങളില്‍ വ്യാപകം. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇവ ഉപയോഗിച്ചുള്ള ഭക്ഷണവില്‍പ്പന 2018-ല്‍ കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിരോധിച്ചിരുന്നു.

To advertise here,

ഐസ്‌ക്രീം, ശീതളപാനീയം, മിഠായി, ബിസ്‌കറ്റ് തുടങ്ങിയവയില്‍ ദ്രവീകരിച്ച നൈട്രജന്‍ ഉപയോഗിച്ച് പുക പറപ്പിച്ചാണ് ആളുകളെ ആകര്‍ഷിക്കുന്നത്. ചിലര്‍ മദ്യത്തിലും ഉപയോഗിക്കുന്നു. ഇത്തരം ഭക്ഷണം കഴിച്ച് ധാരാളം ആളുകള്‍ക്ക് ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്.

പുകബിസ്‌കറ്റിന് 80 മുതല്‍ നൂറുരൂപവരെയാണ് വില. ഇതരസംസ്ഥാനത്തൊഴിലാളികളാണ് പ്രധാനമായും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. ഭക്ഷണം തണുപ്പിച്ച് കേടുകൂടാതെ സൂക്ഷിക്കാന്‍ വ്യാവസായികാടിസ്ഥാനത്തില്‍ ദ്രവീകൃത നൈട്രജന്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, ഭക്ഷ്യവസ്തുവായി ഉപയോഗിക്കാന്‍ പാടില്ല. ഇറച്ചി, മത്സ്യം, പാല്‍ എന്നിവ കേടുകൂടാതെ വിവിധയിടങ്ങളിലേക്ക് എത്തിക്കാനാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്.

സൂക്ഷിച്ചില്ലെങ്കില്‍ അപകടം

മൈനസ് 196 ഡിഗ്രിയാണ് ദ്രവീകരിച്ച നൈട്രജന്റെ താപനില. ഇതു പുറത്തേക്ക് എടുത്ത് പൂജ്യംഡിഗ്രിയിലേക്ക് എത്തുമ്പോഴാണ് പുകയായി മാറുന്നത്. നൈട്രജന്‍ പൂര്‍ണമായി പുറത്തുപോകാതെ ഭക്ഷണം കഴിച്ചാല്‍ വായ, തൊണ്ട, അന്നനാളം തുടങ്ങിയവയ്ക്കു ഗുരുതരപ്രശ്‌നങ്ങളുണ്ടാക്കും.

ഇവ ശരീരത്തില്‍ കുറച്ചുനേരം വെച്ചാല്‍ പൊള്ളലും ഉണ്ടാകും. ശ്വാസതടസ്സം നേരിട്ട് ഗുരുതരപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് അമേരിക്കയില്‍ ശാസ്ത്രജ്ഞനായിരുന്ന ഡോ. സി.വി. കൃഷ്ണന്‍ പറഞ്ഞു. ബോധവത്കരണത്തിന്റെ ഭാഗമായി ഇതേക്കുറിച്ച് കഴിഞ്ഞദിവസം ഇദ്ദേഹം ചേര്‍പ്പില്‍ പ്രദര്‍ശനവും ക്ലാസും നടത്തി.

പരിശോധിക്കും -ബൈജു ജോസഫ്, ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണര്‍, തൃശ്ശൂര്‍

നൈട്രജന്‍ ഉപയോഗിച്ചുള്ള ഭക്ഷണത്തിന്റെ വില്‍പ്പന നിരോധിച്ചിട്ടുണ്ട്. ഓരോ നിയോജകമണ്ഡലത്തിലും ഒരു ഫുഡ്‌സേഫ്റ്റി ഓഫീസറുടെ നേതൃത്വത്തില്‍ ഉത്സവസ്ഥലങ്ങളില്‍ പരിശോധന നടത്താറുണ്ട്.
നിരോധിച്ച ആറുകൊല്ലത്തിനിടെ എത്ര കേസുകളെടുത്തുയെന്നത് വ്യക്തമല്ല.ദ്രവീകരിച്ച നൈട്രജന്‍ ചേര്‍ത്ത ഭക്ഷണം നിരോധിച്ചിട്ടും വിപണിയില്‍ സുലഭം.