പ്രമേഹ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. അവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ചെറുതല്ല. പ്രമേഹബാധികരുടെ ഭക്ഷണക്രമം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ശരിയായ ഡയറ്റ് പിന്‍തുടര്‍ന്നില്ലെങ്കില്‍ ആരോഗ്യനില വഷളാകുന്ന അവസ്ഥ വരും. ഭക്ഷണക്രമീകരണത്തിലൂടെയും കൃത്യമായ വ്യായാമത്തിലൂടെയും പ്രമേഹത്തെ നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിയുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. 

To advertise here,

പ്രമേഹരോഗികള്‍ക്ക് ഏറ്റവും അനുയോജ്യമായ പച്ചക്കറികളൊന്നാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ടില്‍ കണ്ടുവരുന്ന ആല്‍ഫ ലിപോയിക് ആസിഡ് പ്രമേഹസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്നു. നാഡികളുടെയും കണ്ണുകളുടെയും കോശങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ പരിഹരിക്കാന്‍ ഉത്തമമാണ് ബീറ്റ്റൂട്ട്.


റാഡിഷ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. റാഡിഷ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിലെ അഡിപോനെക്റ്റിന്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനം ത്വരിതപ്പെടുത്തുന്നു. ഇത് ഇന്‍സുലില്‍ പ്രതിരോധത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്നു. 

ശാരീരികപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പോഷകങ്ങളുടെ മികച്ച സ്രോതസ്സാണ് കാരറ്റ്. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എയും ഫൈബറും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.

ഇവ കൂടാതെ ആപ്പിള്‍, ഓറഞ്ച്, പേരക്ക എന്നിവയെല്ലാം പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നവയാണ്. ഇവയില്‍ ധാരാളമായി കാര്‍ബോഹൈഡ്രേറ്റും ഫൈബറും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു. പ്രമേഹബാധിതരായവര്‍ക്ക് ബദാം, വാള്‍നട്ട് എന്നിവ സ്ഥിരമായി കഴിക്കാവുന്നതാണ്. 

ഈ പഴങ്ങള്‍ കൂടാതെ ഇലക്കറികളായ ചീര, കാബേജ്, കോളിഫ്ളവര്‍, ബ്രൊക്കോളി എന്നിവയും മാറി മാറി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. അയണ്‍, വിറ്റാമിനുകള്‍, പച്ചക്കറികള്‍ എന്നിവയാല്‍ സമ്പന്നമാണ് ഈ ഇലക്കറികള്‍.

(ശ്രദ്ധിക്കുക: ആഹാരക്രമത്തില്‍ മാറ്റം വരുത്തുമ്പോള്‍ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടുക)