വളരെ സാധാരണയായി ഉപയോഗിക്കുന്ന ഫലവർ​ഗങ്ങളിലൊന്നാണ് മുന്തിരി. പലതരത്തിലുള്ള മുന്തിരി വിപണിയിൽ ലഭ്യമാണെങ്കിലും കറുത്ത മുന്തിരിയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. വിറ്റാമിനുകളായ സി,കെ,എ എന്നിവയുടെ നല്ല സ്രോതസാണ് ഈ മുന്തിരി. കൂടാതെ പൊട്ടാസ്യം, ഫൈബർ , ആന്റി ഓക്‌സിഡന്റുകൾ, കാത്സ്യം തുടങ്ങിയവയും ഇതിലുണ്ട്. കറുത്ത മുന്തിരിയുടെ ആരോഗ്യ ഗുണങ്ങൾ അറിഞ്ഞിരിക്കാം. 

To advertise here,

കറുത്ത മുന്തിരി കഴിക്കുന്നത് ആരോഗ്യത്തിനൊപ്പം സൗന്ദര്യസംരക്ഷണത്തിനും ഒരുപോലെ ഗുണകരമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും വിറ്റാമിൻ ഇയും ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ചർമം സുന്ദരമാക്കുകയും യുവത്വം പ്രദാനം ചെയ്യുകയും ചെയ്യും. കൂടാതെ കറുത്ത മുന്തിരിയിലെ ആന്റിഓക്സിഡന്റുകൾ ഹൃദയാരോഗ്യം സംരക്ഷിക്കാൻ വളരെയേറെ ഗുണം ചെയ്യും.

ദഹനപ്രശ്‌നങ്ങൾ മൂലം ബുദ്ധിമുട്ടുന്നവരും കറുത്ത മുന്തിരി കഴിക്കുന്നത് വളരെ നല്ലതാണ്. ജലാംശം കൂടുതലടങ്ങിയിരിക്കുന്ന കറുത്ത മുന്തിരിയിൽ ഫൈബർ ധാരാളമുണ്ട്. അതിനാൽ ഇവ കഴിക്കുന്നത് മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

എപ്പോഴും അസുഖങ്ങൾ വിട്ടുമാറാത്തവരാണ് നിങ്ങളെങ്കിൽ പതിവായി കറുത്തമുന്തിരി കഴിക്കുന്നത് ഗുണം ചെയ്യും. വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്നതിനാൽ മുന്തിരി ദിവസവും കഴിക്കുന്നത് രോഗപ്രതിരോധശേഷി വർധിക്കാൻ സഹായിക്കും.

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും കറുത്ത മുന്തിരി കഴിക്കുന്നത് വളരെ നല്ലതാണ്. മുന്തിരിയിൽ കലോറി വളരെ കുറവാണ്. കൂടാതെ ഇവയിൽ ജലാംശം കൂടുതൽ ഉള്ളതിനാലും ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇവ കഴിക്കുന്നത് നല്ലതാണ്. 

ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ കറുത്ത മുന്തിരിയിലുള്ള പൊട്ടാസ്യം സഹായിക്കും. വിറ്റാമിനുകളും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ മുന്തിരി പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ഗുണം ചെയ്യും.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക.)