വെള്ളം കഴിക്കാന്‍ കഴിയുമോ, ആദ്യമായി ജപ്പാനിലെ റെയിന്‍ ഡ്രോപ് കേക്ക് ഓര്‍ഡര്‍ ചെയ്ത ആള്‍ക്ക് മനസില്‍ ഓടിയെത്തുന്ന സംശയമാണ്. ജപ്പാന്‍കാരുടെ കണ്ടുപിടിത്തങ്ങള്‍ ലോകത്തെയെന്നും ആശ്ചര്യപ്പെടുത്തുന്നതാണ്. അതുപോലെ തന്നെയാണ് അവരുടെ പാചകവും.

To advertise here,

അവിടുത്തെ ഒരു പ്രത്യേകതരം കേക്കാണ് റെയിന്‍ ഡ്രോപ് കേക്ക്. ഒരു വെള്ളത്തുള്ളി പോലെ സുതാര്യവും മനോഹരവുമാണ് ഈ വിഭവം. അതുകൊണ്ടുതന്നെ ഇത് കാണുമ്പോള്‍ വെള്ളത്തിന്റെ പ്രതീതി തോന്നുന്നതും സ്വഭാവികമാണ്. ഇതൊരു ജെലാറ്റിന്‍ ഡെസേര്‍ട്ടായി തോന്നിയെങ്കില്‍ തെറ്റി. ജാപ്പനീസ് ഭാഷയില്‍ ഈ വിഭവത്തിന് മിസു ഷിംഗന്‍ മോച്ചി എന്നാണ് പേര്. 'വെള്ളം കൊണ്ടുള്ള കേക്ക്' എന്നര്‍ത്ഥം വരുന്ന പേരാണിത്.

വെള്ളം തന്നെയാണ് കേക്കിലെ പ്രധാന ചേരുവ. ജെലാറ്റിനു പകരമായി ഉപയോഗിക്കുന്ന വീഗന്‍ ഉത്പന്നമായ അഗര്‍ അഗര്‍ പൗഡറും ഇതില്‍ ചേര്‍ക്കുന്നുണ്ട്. വറുത്ത സോയാബീന്‍ പൗഡറും പഞ്ചസാര സിറപ്പും ഇതിനൊപ്പം വിളമ്പും. കലോറി കുറഞ്ഞ ഒരു വീഗന്‍ വിഭവമാണിത്. അഗര്‍ അഗര്‍ പൗഡറും പഞ്ചസാരയും വെള്ളത്തില്‍ ലയിപ്പിച്ച ശേഷം ഇത് തിളപ്പിക്കുന്നു. ശേഷം ഇത് ചൂടാറിയ ശേഷം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുന്നു.

ശേഷം സോയാബീന്‍ പൗഡര്‍ (കിനാക്കോ), പഞ്ചസാര സിറപ്പ് (കുറോമിറ്റ്‌സു) എന്നിവയോടൊപ്പം വിളമ്പുന്നു. വിളമ്പിയ ശേഷം 30 മിനിറ്റിനുള്ളില്‍ കഴിച്ചില്ലെങ്കില്‍ അലിഞ്ഞുപോകുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. പൂക്കളും പഴങ്ങളുമെല്ലാം ഉപയോഗിച്ച് ഈ റെയിന്‍ ഡ്രോപ് കേക്ക് അലങ്കരിച്ചും വിളമ്പാറുണ്ട്. ജപ്പാന്‍കാരുടെ വാട്ടര്‍ കേക്ക് വളരെ വേഗത്തിലാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്.