ഹോര്‍മോണ്‍ സന്തുലിതാവസ്ഥയുമായി ബന്ധപ്പെട്ട് ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്നവരാണ് സ്ത്രീകളില്‍ മിക്കവരും. ജനിതക ഘടകങ്ങളും ഭക്ഷണക്രമവും ജീവിതശൈലിയുമെല്ലാം ഹോര്‍മോണിന്റെ സന്തുലിതാവസ്ഥയെ ബാധിക്കാറുണ്ട്. 

To advertise here,

ഹോര്‍മോണ്‍ സന്തുലിതാവസ്ഥയ്ക്ക് ആവശ്യമായ വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് കിഴങ്ങു വര്‍ഗങ്ങളില്‍ ചിലതെന്ന് പറഞ്ഞുകൊണ്ട് അവയില്‍ ചിലത് നിര്‍ദേശിച്ചിരിക്കുകയാണ് പോഷകാഹാര വിദഗ്ധയായ ലോവ്നീത് ബത്ര തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ.

'നിങ്ങളുടെ ശരീരം എത്ര നന്നായി വിഷാംശം നീക്കം ചെയ്യുന്നു, പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നു, ഇന്‍ഫ്‌ളമേഷന്‍ നിയന്ത്രിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥയുണ്ടാവുക. ഈസ്‌ട്രൊജന്‍ സന്തുലിതാവസ്ഥ, കുടലിന്റെ ആരോഗ്യം, മെറ്റബോളിക് സ്ഥിരത എന്നിവ നിലനിര്‍ത്താന്‍ നാല് കിഴങ്ങുവര്‍ഗങ്ങള്‍ സഹായിക്കും എന്ന് ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ലോവനീത് പറയുന്നു. അവ താഴെ നല്‍കിയിരിക്കുന്നവയാണ്.

1. ബീറ്റ്‌റൂട്ട്
ബീറ്റ്‌റൂട്ടില്‍ ഇരുമ്പ്, ഫോളേറ്റ്, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്നതിനാല്‍ സ്ത്രീകളുടെ ഹോര്‍മോണ്‍ ആരോഗ്യത്തിന് നല്ലതാണ്. ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും ഇന്‍ഫ്‌ളമേഷന്‍ കുറയ്ക്കാനും ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറക്കാനും ഇത് നല്ലതാണ്. അതുവഴി ഹോര്‍മോണ്‍ വ്യതിയാനങ്ങളെ തടുക്കാന്‍ സഹായിക്കും. ബീറ്റ്‌റൂട്ട് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രക്തയോട്ടം മെച്ചപ്പെടുത്തുകയും ആര്‍ത്തവ വേദന, മൂഡ് സ്വിങ്‌സ് പോലുള്ള ലക്ഷണങ്ങള്‍ ലഘൂകരിക്കുകയും ചെയ്യും. ബീറ്റ്‌റൂട്ട് പച്ചയ്ക്ക് ജ്യൂസ് ആയി കഴിക്കുന്നത് നല്ലതാണ്. നൈട്രിക് ഓക്‌സൈഡ് ഉത്പാദനത്തിന് ബീറ്റ്‌റൂട്ടില്‍ അടങ്ങിയ വിറ്റാമിന്‍ സി സഹായകമാണെന്നതും മറ്റൊരു ഗുണമാണ്.

2. കാരറ്റ്
കാരറ്റ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് അധിക ഈസ്‌ട്രൊജനെ പുറന്തള്ളാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. ഇതിലെ പ്രത്യേക ഫൈബര്‍ അധികമുള്ള ഈസ്‌ട്രൊജനുമായി കൂടിച്ചേര്‍ന്ന് ശരീരത്തില്‍ നിന്ന് പുറന്തള്ളാന്‍ സഹായിക്കുകയും ഈസ്‌ട്രൊജന്‍ വീണ്ടും ആഗിരണം ചെയ്യാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഫൈബര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കുന്നതിനാല്‍ ഹോര്‍മോണുകളെ നിയന്ത്രിക്കാന്‍ സഹായിക്കും. PCOS പോലുള്ള അവസ്ഥകളുള്ള വ്യക്തികള്‍ക്കും ഇത് പ്രയോജനകരമാണ്. 'മെച്ചപ്പെട്ട ആഗിരണത്തിനായി പച്ചയായി അല്ലെങ്കില്‍ ഓലിവ്/ഫ്‌ലാക്‌സ് ഓയിലില്‍ ചെറുതായി വേവിച്ച് കഴിക്കുക,' ന്യൂട്രീഷനിസ്റ്റ് പറയുന്നു.

3. മധുരക്കിഴങ്ങ്
മധുരക്കിഴങ്ങ് സാവധാനം ഊര്‍ജം പുറത്തുവിടുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ഹോര്‍മോണ്‍ ഉത്പാദനത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

ഇതിന്റെ കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ കൂടുന്നത് തടയുന്നു. അതേസമയം ബീറ്റാ കരോട്ടിന്‍ വിറ്റാമിന്‍ എ ആയി മാറുന്നു. ഇത് തൈറോയ്ഡ്, ലൈംഗിക ഹോര്‍മോണ്‍ സന്തുലിതാവസ്ഥയ്ക്ക് അത്യന്താപേക്ഷിതമാണ്.

4. റാഡിഷ്
ഉയര്‍ന്ന ഫൈബര്‍ അടങ്ങിയ പച്ചക്കറിയായതിനാല്‍ റാഡിഷ് കഴിക്കുന്നത് സ്ത്രീകളുടെ ഹോര്‍മോണ്‍ ആരോഗ്യത്തിന് നല്ലതാണ്. ഇത് ഈസ്‌ട്രൊജന്‍ ഡിടോക്‌സിഫിക്കേഷനെ സഹായിക്കുകയും വിറ്റാമിന്‍ സി, കാത്സ്യം പോലുള്ള അവശ്യ പോഷകങ്ങള്‍ നല്‍കുകയും ചെയ്യുന്നു. സാലഡില്‍ പച്ചയായോ അല്ലെങ്കില്‍ ചെറുതായി വഴറ്റിയോ റാഡിഷ് കഴിക്കാം. 

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)