ആസിഡ് റിഫ്‌ളക്‌സ് ഉണ്ടാകുന്നതിലും അതിന്റെ തീവ്രത വർധിപ്പിക്കുന്നതിലും ഭക്ഷണ ശീലങ്ങൾക്കും ചിലതരം ഭക്ഷണങ്ങൾക്കും പ്രധാന പങ്കുണ്ട്. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ്, സമയം, ഭക്ഷണത്തിന്റെ പ്രത്യേകത തുടങ്ങിയ പല കാര്യങ്ങളും ആസിഡ് റിഫ്‌ളക്‌സിന്റെ ലക്ഷണങ്ങളെ കാര്യമായി സ്വാധീനിക്കാറുണ്ട്.
ഭക്ഷണത്തിന്റെ കാര്യത്തിൽ വരുത്തുന്ന ചില ക്രമീകരണങ്ങളിലൂടെ ആസിഡ് റിഫ്‌ളക്ട് വലിയൊരു പരിധിവരെ നിയന്ത്രിച്ചുനിർത്താനാകും.
അസിഡിക്കും ആൽക്കലൈനും
അസിഡിക് സ്വഭാവമുള്ളതും ആൽക്കലൈൻ സ്വഭാവമുള്ളതുമായ ഭക്ഷണങ്ങളുണ്ട്. സിട്രിക് സ്വഭാവമുള്ള ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത് ആസിഡ് റിഫ്‌ളക്ട് ലക്ഷണങ്ങളുടെ തീവ്രത വർധിപ്പിക്കാനിടയുണ്ട്. ഭക്ഷണത്തിന്റെ പി.എച്ച്. നില കുറയുന്നതിന് അനുസരിച്ച് അതിന്റെ അസിഡിക് സ്വഭാവം കൂടും. പി.എച്ച്. നില കൂടുന്നതിന് അനുസരിച്ച് അതിന്റെ ആൽക്കലൈൻ സ്വഭാവവും കൂടും.
ഏകദേശം 7.4 ആണ് മനുഷ്യശരീരത്തിന്റെ പി.എച്ച്. നില. ഭക്ഷണം കഴിച്ചശേഷം ആ ഭക്ഷണം ശരീരത്തിൽ ഉണ്ടാക്കുന്ന ആസിഡിന്റെ അളവാണ് പൊട്ടൻഷ്യൻ റീനൽ ആസിഡ് ലെവൽ (PRAL). ശരീരത്തിന്റെ ജൈവിക പ്രവർത്തനങ്ങൾ നിലനിർത്തുന്നതിനും, രക്തത്തിലെ ഓക്‌സിജന്റെ തോത് ക്രമീകരിക്കുന്നതിനും പി.ആർ.എ.എൽ സാധാരണ നിലയിൽ നിലനിർത്തേണ്ടതുണ്ട്.
പ്രോട്ടീൻ, ഫോസ്ഫറസ്, സോഡിയം എന്നിവ കൂടുതലടങ്ങിയ ഭക്ഷണങ്ങൾ പി.ആർ.എ.എൽ. അളവ് വർധിപ്പിക്കും. അതായത് അത് കൂടുതൽ ആസിഡ് ഉത്പാദനത്തിന് ഇടയാക്കും.
അസിഡിക് സ്വഭാവമുള്ള ഭക്ഷണം മൂത്രത്തിലെ പി.എച്ച്. നിലയെയും ബാധിക്കും. അസിഡിക് ഭക്ഷണങ്ങൾ പാടെ ഒഴിവാക്കണമെന്നോ ആൽക്കലൈൻ ഭക്ഷണങ്ങൾ മാത്രമേ കഴിക്കാവൂ എന്നോ ഇല്ല. രണ്ടും ആവശ്യമായ രീതിയിൽ തിരഞ്ഞെടുക്കാവുന്നതാണ്. ഭക്ഷണത്തിന് അനുസരിച്ചും വ്യക്തികളുടെ വ്യത്യാസമനുസരിച്ചും അസിഡിറ്റി ഉണ്ടാക്കുന്ന ഭക്ഷണങ്ങളിൽ മാറ്റം വരാം.
അസിഡിക് സ്വഭാവമുള്ള ഭക്ഷണങ്ങൾ
സോഡ, കാപ്പി, തക്കാളി, ഇറച്ചികൾ, ബ്ലൂബെറി, പാലുത്പന്നങ്ങൾ, ചോക്ലേറ്റ്, മുട്ട, ബീൻസ്, ഉപ്പുചേർത്ത് സംസ്‌കരിക്കുന്ന ഭക്ഷ്യവസ്തുക്കൾ, ബ്രെഡ്, ബേക്കറി വിഭവങ്ങൾ എന്നിവ.
പി.എച്ച്. നില എട്ടിനെക്കാൾ കൂടുതലുള്ള ഭക്ഷണങ്ങളാണ് ആൽക്കലൈൻ ഭക്ഷണങ്ങൾ. പി.എച്ച്. ആറ് വരെയുള്ള ഭക്ഷണത്തെ അസിഡിക് ആയി കണക്കാക്കുന്നു. പി.എച്ച്. 6-8 വരെയുള്ളവ ന്യൂട്രൽ വിഭാഗത്തിലും ഉൾപ്പെടുന്നു.
ആൽക്കലൈൻ സ്വഭാവമുള്ളവ
സോയ, ലെമൺ (സ്വാഭാവികമായി അസിഡിക് ആണെങ്കിലും ആൽക്കലൈൻ ഗുണം നൽകുന്നതാണിത്. അതായത് നെഗറ്റീവ് പി.ആർ.എ.എൽ. ഉള്ളത്), അവക്കാഡോ, പപ്പായ, പൈനാപ്പിൾ, തണ്ണിമത്തൻ, മാങ്ങ, ബ്രോക്കോളി, കോളിഫ്‌ളവർ, കക്കിരി, കാരറ്റ്, മധുരക്കിഴങ്ങ്, അസ്പരാഗസ്, ബീൻസ്, സെലറി, നട്സ്, സീഡ്സ്, ക്വിൻവ, തവിടുള്ള അരി, ഓട്സ് എന്നിവ.
ദഹനക്കുറവും അസിഡിറ്റിയും
ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണങ്ങൾ വയറിൽ കൂടുതൽ സമയം തങ്ങിനിൽക്കും. ദഹിക്കാൻ സാധാരണയിലും കൂടുതൽ സമയമെടുക്കുന്നത് ആസിഡ് റിഫ്‌ളക്‌സ് ഉണ്ടാകാൻ കാരണമാണ്. എണ്ണയിൽ വറുത്തെടുക്കുന്ന ഭക്ഷണങ്ങൾ, പിസ, ചോക്ലേറ്റ്, ചിപ്‌സ്, മസാലകൾ കൂടുതൽ ചേർന്ന ഭക്ഷണങ്ങൾ, ചീസ്, കാർബണേറ്റഡ് പാനീയങ്ങൾ തുടങ്ങിയവ ഈ വിഭാഗത്തിൽ വരുന്നവയാണ്. കൂടാതെ കുരുമുളക്, ഗരം മസാലകൾ ചേർത്ത വിഭവങ്ങൾ, ചാട്ട് വിഭവങ്ങളായ പാനിപൂരി, ബേൽപുരി തുടങ്ങിയവയും പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളും അസിഡിറ്റി ലക്ഷണങ്ങളെ വർധിപ്പിക്കാൻ സാധ്യതയുള്ളവയാണ്.
ഭക്ഷണം ക്രമീകരിക്കാം
ഭക്ഷണം ക്രമീകരിച്ച് അസിഡിറ്റി കുറയ്ക്കാനാകും. അസിഡിക് സ്വഭാവം കുറഞ്ഞതും ആൽക്കലൈൻ ഗുണം കൂടിയതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് അന്നനാളത്തിലേക്ക് ആസിഡ് കയറാതിരിക്കാനും വയറിലെ അമ്ലാംശം കുറച്ച് അസിഡിറ്റിയും നെഞ്ചെരിച്ചിലും കുറയ്ക്കാനും സഹായിക്കും.
നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കാം
നാരുകൾ ധാരാളമുള്ള ഭക്ഷണം കഴിക്കുമ്പോൾ വേഗം വയർനിറഞ്ഞതായി അനുഭവപ്പെടും. അതിനാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ സഹായിക്കും. ഇത് അസിഡിറ്റി കുറയ്ക്കാൻ വഴിയൊരുക്കും. ഇലക്കറികൾ, ബീൻസ്, അസ്പരാഗസ്, ബ്രൊക്കോളി, മറ്റ് പച്ചക്കറികൾ, കാരറ്റ്, ബീറ്റ്‌റൂട്ട്, ഉരുളക്കിഴങ്ങ്, ഓട്മീൽ, തവിടുള്ള അരി, മുഴുധാന്യങ്ങൾ ഇവയൊക്കെ ഇത്തരത്തിൽ അസിഡിറ്റി കുറയ്ക്കുന്നതിന് സഹായിക്കുന്നവയാണ്.
കൊഴുപ്പ് കുറഞ്ഞ പാലും യോഗർട്ടും
പാലിന്റെ പി.എച്ച്. നില കൂടുതലാണ്. അതേസമയം പി.ആർ.എ.എൽ. കുറവുമാണ്. അതിനാൽ ഇത് ആൽക്കലൈൻ ഗുണം നൽകും. കൊഴുപ്പ് കൂടുതലുള്ള പാലിന് ഈ ഗുണം കിട്ടണമെന്നില്ല. അതിനാൽ കൊഴുപ്പുകുറഞ്ഞ പാൽ തുടർച്ചയായി ഏതാനും ദിവസം കുടിക്കുന്നത് നെഞ്ചെരിച്ചിൽ കുറയ്ക്കുന്നതായി കണ്ടിട്ടുണ്ട്. ഇത് ഒരു അന്റാസിഡായി പ്രവർത്തിക്കുന്നതാണ് കാരണം. പ്രോബയോട്ടിക് കൂടിയായ യോഗർട്ടിന്റെ ഉപയോഗവും അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും.
കുടിക്കാം ഇഞ്ചിച്ചായ
ഇഞ്ചിക്ക് ആൽക്കലൈൻ സ്വഭാവമാണുള്ളത്. മാത്രമല്ല ഇതിന് ആന്റിഇൻഫ്‌ളമേറ്ററി ഗുണം കൂടിയുണ്ട്. അതിനാൽ നെഞ്ചെരിച്ചിലുള്ളപ്പോൾ ഒരു ഇഞ്ചിച്ചായ കുടിക്കാവുന്നതാണ്.
വെള്ളം കുടിക്കണം
ധാരാളം വെള്ളം കുടിക്കുന്നത് ആമാശയത്തിലെ ദഹനരസത്തിലെ ആസിഡിന്റെ സാന്ദ്രത കുറയ്ക്കാൻ സഹായിക്കും. ജലാംശം ധാരാളമടങ്ങിയ വെള്ളരി, തണ്ണിമത്തൻ, ലെറ്റിയൂസ്, സെലറി, സൂപ്പുകൾ തുടങ്ങിയവയൊക്കെ അസിഡിറ്റി കുറയ്ക്കാൻ സഹായിക്കുന്നതാണ്. പി.എച്ച്. 8.8 ഉള്ള ആൽക്കലൈൻ സ്വഭാവത്തിലുള്ള വെള്ളം കുടിക്കുന്നതും ആസിഡ് റിഫ്‌ളക്ട് സിൻഡ്രോം കുറയ്ക്കും.
നല്ലതാണ് നാരങ്ങവെള്ളം
നാരങ്ങവെള്ളം അസിഡിറ്റി കൂട്ടുമെന്ന് കരുതി പലരും കഴിക്കാറില്ല. എന്നാൽ അല്പം നാരങ്ങാനീര് ഇളം ചൂടുവെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് അസിഡിറ്റി കുറയ്ക്കും. ഇതിൽ അല്പം തേൻ കൂടി ചേർക്കുന്നത് ആൽക്കലൈൻ ആക്കാൻ സഹായിക്കും.
നട്സ് കഴിക്കാം
ബദാം തുടങ്ങിയ നട്സ്, ഫ്‌ളാക്‌സീഡ്, മത്തൻകുരു സൂര്യകാന്തി വിത്ത്, എള്ള് തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും അസിഡിറ്റി തടയാൻ സഹായിക്കും.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
- ഭക്ഷണം വേഗത്തിൽ കഴിക്കാതെ നന്നായി ചവച്ചുകഴിക്കുക.
- ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കാതിരിക്കുക.
- മാനസിക സമ്മർദം ഒഴിവാക്കുക.
- വളരെ തണുത്തതും വളരെ ചൂടുള്ളതുമായ ഭക്ഷണം ഒഴിവാക്കുക.
- ശരിയായ രീതിയിൽ ഇരുന്ന് ഭക്ഷണം കഴിക്കുക.
- ഭക്ഷണം കഴിച്ച് ഉടനെ കിടക്കരുത്. ചുരുങ്ങിയത് രണ്ട് മണിക്കൂർ എങ്കിലും കഴിഞ്ഞ് മാത്രമേ കിടക്കാവു.
- ഒരു ഭക്ഷണം ദഹിച്ച ശേഷം (വിശപ്പ് വന്ന ശേഷം) അടുത്ത ഭക്ഷണം കഴിക്കുക.
- ഗ്ലൈസീമിക് ഇൻഡെക്‌സ് കൂടിയ ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുക.
- മാംസം, ചായ, കാപ്പി (വെറുംവയറ്റിൽ), മദ്യം, സോഡ അടങ്ങിയിട്ടുള്ള കാർബണേറ്റഡ് ഡ്രിങ്കുകൾ തുടങ്ങിയവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക.
- അമിതവണ്ണം കുറയ്ക്കുക.
- പഞ്ചസാര, മധുരപലഹാരങ്ങൾ എന്നിവ കഴിവതും ഒഴിവാക്കുക.
- ഫാസ്റ്റ്ഫുഡ് ഉപയോഗം ഒഴിവാക്കുക.
- ഓറഞ്ച് പോലെയുള്ള സിട്രസ് ഫ്രൂട്ടിന്റെ ഉപയോഗം കുറയ്ക്കുക.
(ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്.
കോട്ടയ്ക്കൽ അൽമാസ് ഹോസ്പിറ്റലിലെ സീനിയർ ഡയറ്റീഷ്യൻ ആണ് ലേഖിക)
Content Highlights: Discover how food choices impact acid reflux. Learn to control symptoms with dietary adjustments, including alkaline foods and mindful eating.
Published: 09 Feb 2026, 09:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented