നമ്മുടെ വീടുകളില്‍ വളരെ സാധാരണയായി വാങ്ങുന്ന ഒന്നാണ് മുട്ട. പ്രോട്ടീനിനാല്‍ സമ്പന്നമായ മുട്ടയിഷ്ടമില്ലാത്തവര്‍ കുറവാണ്.  മിക്കവരും ഇത് ഒന്നിച്ച് വാങ്ങി വീട്ടില്‍ സൂക്ഷിക്കുന്നതും പതിവാണ്. എന്നാല്‍ ഈ മുട്ടകള്‍ കേടായിപ്പോകുന്ന അവസ്ഥയും വരാറുണ്ട്. പാക്കറ്റുകളില്‍ അല്ലാതെയായി വാങ്ങുന്ന മുട്ടയുടെ പഴക്കം പലപ്പോഴും കൃത്യമായി അറിയാനും കഴിയില്ല. പാചകം ചെയ്യാനെടുക്കുമ്പോഴാണ് ചീത്തയായത് അറിയാന്‍ കഴിയുന്നത്.

To advertise here,

 ഒരാഴ്ചയോളം നനവോ ഈര്‍പ്പമോ ഇല്ലാത്ത സ്ഥലത്ത് മുട്ട കേടാകാതെ വയ്ക്കാം. അതുതന്നെ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ ദീര്‍ഘനാള്‍ കേടാകാതിരിക്കും. കേടുവന്ന മുട്ട ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ല. അതിലുള്ള രോഗാണുക്കള്‍ ഭക്ഷ്യവിഷബാധയടക്കം വരുന്നതിന് കാരണമാകും.

ഇനി മുട്ട ചീത്തയായോ അല്ലയോ എന്ന് തിരിച്ചറിയാന്‍ ഈ കാര്യങ്ങള്‍ ചെയ്യാം. ആദ്യം മുട്ട വെള്ളം നിറച്ച പാത്രത്തില്‍ മുക്കിവെയ്ക്കണം.. മുട്ട വെള്ളത്തില്‍ നന്നായി താഴുന്നുണ്ടെങ്കില്‍ നല്ല പുതിയ മുട്ടയാണെന്ന് മനസിലാക്കാം. അല്‍പം പൊങ്ങിയിരുന്നാല്‍ ഒരാഴ്ച പഴക്കമുണ്ടെന്ന് സാരം. എങ്കിലും കഴിക്കാം. എന്നാല്‍ മുട്ട വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നുവെങ്കില്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. അത് കേടായ മുട്ടയാണ്.

മുട്ട പൊട്ടിക്കുമ്പോള്‍ അതിനകത്ത് ചുവന്ന നിറത്തില്‍ പാടുകളോ കലങ്ങിയതുപോലെയോ ഉണ്ടോയെന്നത് നോക്കണം. ഉണ്ടെങ്കില്‍ ആ മുട്ട ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം മുട്ടയ്ക്ക് അകത്ത് രാസപ്രവര്‍ത്തനം നടന്നുവെന്നതിന്റെ സൂചനയാണ് ഈ ചുവപ്പ്. 

മറ്റൊന്ന് മുട്ട പൊട്ടിക്കുമ്പോള്‍ ഇതിന്റെ ഗന്ധത്തില്‍ വന്ന വ്യത്യാസത്തിലൂടെയും മുട്ടയുടെ പഴക്കം മനസിലാക്കാം. മുട്ടയ്ക്ക് പൊതുവില്‍ ഒരു ഗന്ധമുണ്ട്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി അല്‍പം രൂക്ഷമായ ഗന്ധം വരുന്നുവെങ്കിലും ആ മുട്ട ഉപയോഗിക്കരുത്.

കൂടാതെ മുട്ട പൊട്ടിക്കുന്നതിന് മുന്‍പ് തന്നെ കുലുക്കി നോക്കണം. മുട്ട കുലുക്കുമ്പോള്‍ അകത്ത് ദ്രാവകം പരന്നൊഴുകുന്ന പ്രതീതിയാണ് തോന്നുന്നതെങ്കില്‍ അത് കേടായ മുട്ടയാണ്. നല്ലതാണെങ്കില്‍  മുട്ട കുലുക്കുമ്പോള്‍ കനത്തില്‍ ഉള്ള് പൊട്ടാതെ തന്നെ അത് നീങ്ങുന്നതായി അറിയാന്‍ കഴിയും.