ഭക്ഷണശീലങ്ങളാണ് നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. ചില ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നതായിരിക്കില്ല. അത്തരത്തിലൊന്നാണ് കറുത്ത എള്ള്. വളരെയേറെ പോഷകഗുണങ്ങളുള്ള ഭക്ഷണമാണിത്. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ഇത് ഗുണം ചെയ്യും.

To advertise here,

കൂടാതെ ഇതില്‍ പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍, വിറ്റാമിനുകള്‍, കാത്സ്യം, ഇരുമ്പ്, മഗ്‌നീഷ്യം, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇവ പതിവായി ഡയറ്റിലുള്‍പ്പെടുത്തിയാല്‍ നിരവധി ആരോഗ്യ ഗുണങ്ങളാണുള്ളത്.

അയണ്‍, സിങ്ക് തുടങ്ങിയവ ധാരാളം അടങ്ങിയ ഒന്നാണിത്. അതിനാല്‍ എള്ള് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടിയുടെ ആരോഗ്യത്തിന് വലിയരീതിയില്‍ ഗുണം ചെയ്യും. അകാല നരയെ അകറ്റാനും മുടി കൊഴിച്ചിലിനെ തടയാനും എള്ള് കഴിക്കുന്നത് നല്ലതാണ്. 

എല്ലുകളുടെ ആരോഗ്യത്തിന് വളരെ ഗുണം  ചെയ്യുന്ന ഒന്നാണ് കറുത്ത എള്ള്. 'ഓസ്റ്റിയോപൊറോസിസ്' വരാതിരിക്കാനും ഇത് ഗുണം ചെയ്യും. വയറില്‍ എപ്പോഴും പ്രശ്‌നങ്ങള്‍ വരുന്നവര്‍ക്ക്  ഇത് കഴിക്കുന്നത് ഗുണം ചെയ്യും. ദഹനപ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും മലബന്ധം അകറ്റാന്‍ ഇത് സഹായിക്കും.

വിറ്റാമിന്‍ ബി6, മഗ്‌നീഷ്യം തുടങ്ങിയവ അടങ്ങിയ എള്ള് കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനും നല്ലതാണ്. ഓര്‍മശക്തി കൂട്ടാനും ഇവ ഗുണം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഇത് ഗുണകരമാണ്. ഇതിലടങ്ങിയിരിക്കുന്ന ഫൈബറാണ് ഇതിന് സഹായിക്കുന്നത്. പ്രമേഹരോഗികള്‍ക്ക് കഴിച്ചിരിക്കേണ്ട ഭക്ഷണം കൂടിയാണിത്. കരളിന്റെ ആരോഗ്യത്തിനും എള്ള് നല്ലതാണ്.

ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും മിനറലുകളും അടങ്ങിയ എള്ള് കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം സംരംക്ഷിക്കുകയും ചെയ്യും. ഫൈറ്റോ ഈസ്ട്രജന്‍ ധാരാളം അടങ്ങിയിട്ടുണ്ട് എള്ളില്‍. അതിനാല്‍ സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയുടെ ആരോഗ്യപൂര്‍ണമായ പ്രവര്‍ത്തനത്തിന് ഇത് സഹായകരമാകുന്നു.

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ എള്ള് പതിവായി കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. യുവത്വം നിലനിര്‍ത്തുകയും സ്വഭാവിക തിളക്കം പ്രദാനം ചെയ്യുകയും ചെയ്യും. ചര്‍മ്മത്തിലെ വരള്‍ച്ചയെ അകറ്റാനും ഇവ വളരെ നല്ലതാണ്. 

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)