ഹോളിവുഡ് താരം ഗ്വിനെത്ത് പാൽട്രോ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ഭക്ഷണത്തിൽ നിന്ന് റെഡ് മീറ്റ് പൂർണമായും ഒഴിവാക്കിയിരിക്കുകയാണ്. ഇതിന് പിന്നിലെ പ്രചോദനമായതാകട്ടെ, മറ്റൊരു പ്രശസ്ത ഹോളിവുഡ് താരമായ ലിയോനാർഡോ ഡികാപ്രിയോയും!

To advertise here,

ന്യൂയോർക്കിൽ താമസിച്ചിരുന്ന കാലത്ത് ഡികാപ്രിയോയുമായുള്ള സൗഹൃദമാണ് മാംസാഹാരത്തെക്കുറിച്ച് രണ്ടാമതൊന്ന് ചിന്തിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ഗ്വിനെത്ത് പാൽട്രോ വെളിപ്പെടുത്തി. വ്യാവസായിക അടിസ്ഥാനത്തിലുള്ള മൃഗപരിപാലനത്തെയും മാംസോത്പാദന രീതികളെയും കുറിച്ചുള്ള ഡികാപ്രിയോയുടെ ആശങ്കകളാണ് ഇതിന് വഴിയൊരുക്കിയത്.

'ഞാൻ ന്യൂയോർക്കിലേക്ക് താമസം മാറിയ കാലത്ത് ലിയോനാർഡോ ഡികാപ്രിയോയോടൊപ്പം സമയം ചെലവഴിക്കാറുണ്ടായിരുന്നു. അന്ന് അദ്ദേഹം സസ്യാഹാരിയായിരുന്നു. മാംസം എത്രത്തോളം വൃത്തിഹീനമാണെന്നും, ഫാക്ടറി ഫാമിങ് എത്രത്തോളം മോശമാണെന്നും ലിയോ എപ്പോഴും സംസാരിക്കുമായിരുന്നു. ഞാൻ റെഡ് മീറ്റ് ഉപേക്ഷിച്ചിട്ട് വർഷങ്ങളായി. എന്റെ ഈ തീരുമാനത്തിന് പൂർണ ഉത്തരവാദി ലിയോ അല്ലെങ്കിലും, ആ ചിന്തയുടെ വിത്ത് പാകിയത് തീർച്ചയായും അദ്ദേഹമാണ്,' പാൽട്രോ പറഞ്ഞു.

ഡികാപ്രിയോയുടെ വാക്കുകൾക്ക് പുറമെ, 1999-ൽ പിതാവിന് കാൻസർ രോഗം സ്ഥിരീകരിച്ചതും ഗ്വിനെത്ത് പാൽട്രോയുടെ ഭക്ഷണശീലങ്ങളിൽ വലിയ മാറ്റങ്ങളുണ്ടാക്കി. ഇതോടെയാണ് താരം 'മാക്രോബയോട്ടിക്' ഭക്ഷണരീതി ഗൗരവമായി പിന്തുടരാൻ തുടങ്ങിയത്.

ഭക്ഷണക്രമം മാറ്റുന്നതിലൂടെ പിതാവിന്റെ രോഗം വൈദ്യശാസ്ത്രപരമായി ഭേദമാക്കാൻ കഴിയുമെന്ന് താൻ കരുതിയിരുന്നില്ലെങ്കിലും, 'അതിലൂടെ എനിക്ക് അദ്ദേഹത്തെ മാനസികമായി സുഖപ്പെടുത്താൻ കഴിയുമെന്ന് തോന്നി' എന്നാണ് പാൽട്രോ പറഞ്ഞത്.

ലിയോനാർഡോ ഡികാപ്രിയോയുടെ ഭക്ഷണരീതി

പൊതുവെ സസ്യാഹാരിയെന്നും വീഗനെന്നുമൊക്കെയാണ് വിശേഷിപ്പിക്കപ്പെടുന്നതെങ്കിലും, താൻ സസ്യാഹാര രീതി പിന്തുടരുന്നയാളാണെന്ന് ഡികാപ്രിയോ ഔദ്യോഗികമായി അവകാശപ്പെടാറില്ല. എങ്കിലും, മാംസത്തിന്റെ ഉപയോഗം കുറയ്ക്കണമെന്ന ആശയത്തെ അദ്ദേഹം എപ്പോഴും പിന്തുണയ്ക്കുന്നു.

വ്യക്തിപരമായ ഭക്ഷണശീലങ്ങൾക്കപ്പുറം, ബദൽ പ്രോട്ടീൻ സംരംഭങ്ങളിൽ അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്. പരമ്പരാഗത കന്നുകാലി വളർത്തലില്ലാതെ കൃത്രിമമായി മാംസം ഉൽപ്പാദിപ്പിക്കുന്ന 'കൾട്ടിവേറ്റഡ് മീറ്റ്' സാങ്കേതികവിദ്യയെയും അദ്ദേഹം പ്രോത്സാഹിപ്പിക്കുന്നു.

എന്നാൽ, ഡികാപ്രിയോയുടെ ഈ സസ്യാഹാര പ്രതിച്ഛായയ്ക്ക് പിന്നിൽ രസകരമായ ഒരു കഥയുണ്ട്. 2015-ൽ പുറത്തിറങ്ങിയ 'ദി റെവനന്റ്' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ, ഒരു രംഗത്തിൽ അദ്ദേഹം കാട്ടുപോത്തിന്റെ കരൾ പാകം ചെയ്യാതെ കഴിച്ചിരുന്നു.

ഇതിന് പകരമായി ജെലാറ്റിൻ കൊണ്ടുള്ള കൃത്രിമ കരൾ തയ്യാറാക്കിയിരുന്നെങ്കിലും, രംഗത്തിന് കൂടുതൽ സ്വാഭാവികത ലഭിക്കുന്നതിനായി യഥാർത്ഥ കരൾ തന്നെ കഴിക്കാൻ ഡികാപ്രിയോ തീരുമാനിക്കുകയായിരുന്നു. സിനിമയിലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട രംഗങ്ങളിലൊന്നായിരുന്നു ഇത്.