രുചിക്കൂട്ടുകളിൽ നമ്മൾ പണ്ട് മുതലേ ആഘോഷിച്ചു പോരുന്ന ചില ജോഡികളുണ്ട്. ഒന്നിനോടൊന്നു ചേർന്നാൽ മാത്രം പൂർണത തോന്നുന്ന ചില കൂട്ടുകെട്ടുകൾ. ഇത്തിരി മിനക്കെട്ടിറങ്ങിയാലും വേണ്ടില്ല, രുചിയുടെ ആസ്വാദനം അതിന്റെ പാരമ്യത്തിലെത്താൻ ഈ കൂട്ടുകെട്ട് അനിവാര്യമാകുന്ന വിഭവങ്ങളുണ്ട്. അത്തരമൊരു കൂട്ടുകെട്ടാണ് ഇന്ന് പരിചയപ്പെടുത്തുന്ന വിഭവങ്ങൾ. നാലുമണിച്ചായയ്ക്കും പ്രാതലിനും വിളമ്പാവുന്ന ഭക്ഷണവുമാണിത്.
ഇത് കൊങ്കണികൾ ഏറെ ഇഷ്ടപ്പെടുന്ന ചെറുപയർ പരിപ്പ് കൊണ്ടുള്ള ' ഉസ്‌ലി' യും 'ബിസ്ക്കൂട്ട് അമ്പാടോ' യും. പേരിന്റെ നീട്ടം ഇതുണ്ടാക്കാൻ വേണ്ട കേട്ടോ. വളരെ എളുപ്പത്തിൽ തയ്യാറാക്കാം. തമിഴരുടെ സുണ്ടൽനോട് സാമ്യമുള്ളതാണ് ഉസ്‌ലി. പരിപ്പ് വെന്തു കുഴഞ്ഞു പോകാതെ, എന്നാൽ പാകത്തിന് വെന്തുലർന്ന് കിടക്കുന്ന ഉസ്‌ലി. അതാണ് ഉസ്ലിയുടെ രുചി അളക്കുന്ന മാനദണ്ഡം. താഴെ ചേർക്കുന്ന അളവുകൾ കൃത്യമായി പാലിച്ചാൽ ഇത് നമുക്ക് ഉണ്ടാക്കാവുന്നതേയുള്ളൂ.
Also Read
നമ്മുടെ ഉഴുന്നുവട തന്നെയാണ് ബിസ്ക്കൂട്ട് അമ്പാടോയും. എങ്കിലും ചേരുവകളിൽ ചെറിയ വ്യത്യാസമുണ്ട് താനും. പ്രാതലായോ വൈകുന്നേരത്തേക്കുള്ള ഭക്ഷണമായോ ആണ് കൊങ്കണികൾ ഉസ്‌ലി- അമ്പാടോ തയ്യാറാക്കുക. പണ്ട് കാലത്ത് അപ്രതീക്ഷിതമായി എത്തുന്ന വിരുന്നുകാരെ സൽക്കരിക്കാനും ഇതുണ്ടാക്കുമായിരുന്നു. വട കഷ്ണങ്ങളാക്കി ഉസ്‌ലിയും ചേർത്ത് കഴിക്കുമ്പോൾ കിട്ടുന്ന രുചിയൊന്ന് വേറെ തന്നേ.
1.ചെറുപയർ പരിപ്പ് ഉസ്‌ലി
ചേരുവകൾ
- ചെറുപയർ പരിപ്പ്- 1 കപ്പ്
- വെള്ളം- ഒന്നര കപ്പ്
- ഇഞ്ചി- ഒരിഞ്ച് നീളത്തിൽ
- പച്ചമുളക്- 3 വലുത്
- കറിവേപ്പില- 2 കതിർപ്പ്
- കടുക്- 1 ടീസ്പൂൺ
- വെളിച്ചെണ്ണ- 3 ടീസ്പൂൺ
- തേങ്ങാ- 3/4 കപ്പ്
- ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചെറുപയർ പരിപ്പ് നന്നായി കഴുകി അല്പം വെള്ളത്തിൽ 15 മിനിറ്റ് കുതിർത്ത് വെയ്ക്കുക. ശേഷം, വെള്ളം വാർത്തു വെയ്ക്കുക. ഇനി ഒരു ചീനചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും താളിക്കുക. ഇതിലേക്ക് പൊടിയായി അരിഞ്ഞ ഇഞ്ചിയും നെടുകെ കീറിയ പച്ചമുളകും ചേർത്ത് ഏതാനും സെക്കന്റുകൾ വറുക്കുക.
ശേഷം ചെറുപയർ പരിപ്പ് ചേർത്ത് ഒരു മിനിറ്റ് നേരം വഴറ്റുക. ഇതിലേക്ക് ഒന്നര കപ്പ് വെള്ളമൊഴിച്ച് ഇളക്കി, ചട്ടി അടച്ചു വെച്ച് ചെറുതീയിൽ പാകം ചെയ്യുക.
ശ്രദ്ധിക്കുക, ഈ സമയം വരെയും ഉപ്പ് ചേർക്കരുത്. ഇടയ്ക്കൊന്ന് ഇളക്കി യോജിപ്പിക്കാം. വെള്ളം ഏകദേശം വറ്റി, പരിപ്പ് വെന്തുവരുമ്പോൾ മാത്രം ഉപ്പ് ചേർക്കുക. ഇനി വീണ്ടും അടച്ചുവെച്ച് വെള്ളം നന്നായി വറ്റി പോകുന്നതുവരെ പാകം ചെയ്യുക. അടുപ്പിൽ നിന്നും മാറ്റിയതിനുശേഷം തിരുമ്മി വെച്ച തേങ്ങ ചേർത്ത് സാവകാശം ഇളക്കി യോജിപ്പിക്കുക. ചെറുപയർ പരിപ്പ് ഉസ്‌ലി തയ്യാർ.
2. ബിസ്ക്കൂട്ട് അമ്പാടോ
ചേരുവകൾ
ഉഴുന്ന്- 1 കപ്പ്
വെള്ളം- 1/4 കപ്പ്
ഉപ്പ്- ആവശ്യത്തിന്
ഇഞ്ചി- ഒരിഞ്ച് നീളത്തിൽ
പച്ചമുളക്- 3 എണ്ണം
കറിവേപ്പില- അല്പം
കായപ്പൊടി- ഒരു ടീസ്പൂൺ
അരിപ്പൊടി- ഒരു ടേബിൾ സ്പൂൺ
വറുക്കാൻ ആവശ്യമായ എണ്ണ.
തയ്യാറാക്കുന്ന വിധം
ഉഴുന്ന് നാല് തവണ എങ്കിലും നന്നായി കഴുകി ആവശ്യത്തിന് വെള്ളമൊഴിച്ച് ഒരു മണിക്കൂർ കുതിർക്കുക. ഫ്രിഡ്ജിൽ വെച്ച് കുതിർക്കുകയാണെങ്കിൽ അരയ്ക്കുമ്പോൾ മിക്സി ചൂടാവുന്നത് ഒഴിവാക്കാൻ പറ്റും. ഈ തണുത്തവെള്ളം തന്നെ ഉഴുന്ന് അരയ്ക്കാൻ എടുക്കുകയും ചെയ്യാം.
ഒരു മണിക്കൂറിനു ശേഷം ഉഴുന്ന് നന്നായി വാർത്തെടുത്തു വെയ്ക്കുക. ഇനി കാൽ കപ്പ് വെള്ളവും ഉപ്പും ചേർത്തു നന്നായി അരയ്ക്കുക.
ഏകദേശം അരഞ്ഞു വരുമ്പോൾ ഒരു ടേബിൾ സ്പൂൺ തണുത്ത വെള്ളം കൂടി ചേർത്ത് വീണ്ടും രണ്ട് മിനിറ്റ് നേരം അരയ്ക്കുക.
ഉഴുന്ന് നന്നായി അരഞ്ഞ് വടയ്ക്കുള്ള പരുവമാകുമ്പോൾ മിക്സിയിൽ നിന്നും മാറ്റുക.
ഒരല്പം മാവ് വെള്ളത്തിൽ ഇറ്റിച്ചാൽ, മാവ് വെള്ളത്തിൽ കലങ്ങാതെ പൊങ്ങി കിടക്കുന്നതാണ് വടയ്ക്കുള്ള പരുവം.
ഇനി ഇതിലേക്ക് അരിപ്പൊടി ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം പൊടിയായി അരിഞ്ഞ ഇഞ്ചിയും വട്ടത്തിൽ അരിഞ്ഞ പച്ചമുളകും ഒരല്പം കറിവേപ്പിലയും കായപ്പൊടിയും ചേർക്കണം. ബിസ്ക്കൂട്ട് അമ്പാടോയിൽ സാധാരണ ഉഴുന്ന് വടയിലേതുപോലെ സവാളയോ കുരുമുളകോ ചേർക്കാറില്ല.
നന്നായി യോജിപ്പിച്ചതിനു ശേഷം ഓരോ ഉരുളകളാക്കി ചൂടായ എണ്ണയിൽ വറുത്തു കോരുക. ഉഴുന്നുവട പോലെ, അമ്പാടോയിൽ നടുവിൽ തുള ഇടാറുമില്ല. ചൂടോടെ ഉസ്‌ലിയോടൊപ്പം ബിസ്ക്കൂട്ട് അമ്പാടോ ചേർത്ത് കഴിക്കാം.
Content Highlights: konkani recipes, biscuit ambade
Published: 20 Mar 2025, 02:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented