ടുക്കളയുടെ പിന്നാമ്പുറത്തൊരു കുഞ്ഞ് പന്തൽ എന്നും കാണുമായിരുന്നു. അതിലാണെങ്കിൽ മാറി മാറി കോവയ്ക്കയും അമരയ്ക്കയും ബസല ചീരയുമൊക്കെ പടർന്നു പന്തലിച്ചു നിൽക്കുന്നത് കാണാൻ തന്നേ ചേലായിരുന്നു.അതിൽത്തന്നെ കോവയ്ക്ക ആണെങ്കിൽ അതിനോട് പ്രത്യേക ഇഷ്ടം കുഞ്ഞിലേ ഉണ്ടായിരുന്നു. അയൽവക്കങ്ങളിലും ബന്ധുവീടുകളിലുമൊക്കെ വിതരണം ചെയ്താലും പിന്നേം നിറഞ്ഞു നില്കും ഇവ . അതുകൊണ്ട് തന്നേ ഒന്നിടവിട്ട ദിവസങ്ങളിൽ ഇവ അടുക്കളയിൽ പ്രവേശിക്കും. അന്നേരം സ്ഥിരം മെഴുക്കുപുരട്ടിയും ഉപ്പേരിയിൽ നിന്നുമൊക്കെ മാറ്റിപ്പിടിക്കേണ്ടതായും വരും.

To advertise here,

കൊങ്കണി പാചകത്തിൽ കോവയ്ക്ക കൊണ്ട് വിവിധ തരം വിഭവങ്ങൾ ഉണ്ടാക്കും. കോവയ്ക്കയും പച്ച കശുവണ്ടിയും ചേർത്ത "ഉപ്കരി" എന്ന വിഭവത്തിന് വിവാഹ സദ്യകളിലും മറ്റും വിശേഷ സ്ഥാനമാണ്. ഇനിയിപ്പോ കശുവണ്ടി കിട്ടാത്ത കാലത്ത് ഉരുളക്കിഴങ്ങും മുരിങ്ങയ്ക്കയുമൊക്കെ ചേർത്തും ഇതേ ഉപ്പേരി ഉണ്ടാക്കും. മുഴുവനും കോവയ്ക്ക അതേ പടി ചെറുതായി ഒന്നിടിച്ചു ചതച്ച് വെളുത്തുള്ളി വറുത്തുണ്ടാക്കുന്ന " തളസിനി " എന്ന രുചിക്കും ആരാധകർ ഏറെയാണ്. ഇതുകൂടാതെ തേങ്ങാ അരച്ച് ചേർത്ത് ഘശി യും കോവയ്ക്ക കൊണ്ടുണ്ടാക്കും. 

ഇനി വിളഞ്ഞു പഴുത്തു തുടങ്ങിയ കോവയ്ക്ക ആണെങ്കിൽ അതിനെ ശകലം മൂപ്പിച്ച് തേങ്ങ ചേർത്ത് പ്രത്യേക കൂട്ട് ചേർത്തുണ്ടാക്കുന്ന "കിസ്മ്പൂരി "ആണെങ്കിൽ അതീവ രുചികരമാണ്. പഴുത്ത കോവയ്ക്ക കൊണ്ട് ചമ്മന്തി വരേ കൊങ്കണികളുണ്ടാക്കും. അങ്ങനൊരു കോവയ്ക്ക രുചി ആണിന്നു പരിചയപ്പെടുത്തുന്നത്. ഇത് കോവയ്ക്ക കൊണ്ടുള്ള ' ഭുത്തി '. അധികം ചാറോ, അരപ്പിന്റെ നനവോ ഇല്ലാതെ ചെറുതീയിൽ തന്നെ തേങ്ങക്കൂട്ട് ചേർത്ത കോവയ്ക്ക മൂപ്പിച്ചു എടുക്കുന്ന ഭുത്തിക്ക് ഒന്നാന്തരം രുചിയാണ്. ചോറിനൊപ്പം പരിപ്പോ രസമോ ഉണ്ടെങ്കിൽ അത് ധാരാളം. 

പാചക രീതിയിലേക്ക് 

ചേരുവകൾ 

  1. കോവയ്ക്ക -20 എണ്ണം 
  2. സവാള - 1 വലുത് 
  3. തേങ്ങാ - ഒരു കപ്പ്‌ 
  4. വറ്റൽ മുളക് - 12 എണ്ണം 
  5. മല്ലി - ഒന്നര ടീസ്പൂൺ 
  6. വാളൻ പുളി - ചെറു കഷ്ണം 
  7. വെളിച്ചെണ്ണ - 3 - 4 ടീസ്പൂൺ
  8.  ഉപ്പ് 

തയ്യാറാക്കുന്ന വിധം

കോവയ്ക്ക അല്പം നേർത്തു വട്ടത്തിൽ അരിഞ്ഞു വെയ്ക്കുക.ശേഷം ഇതിലേക്ക് അല്പം ഉപ്പ് ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ഒരു ചെറു പാനിൽ അര ടീസ്പൂൺ എണ്ണ ചൂടാക്കി വറ്റൽ മുളക് ചേർത്ത് ചെറുതീയിൽ വറുത്തെടുക്കുക.തേങ്ങയും മല്ലിയും വറുത്ത മുളകും പുളിയും ചേർത്ത് തരുതരുപ്പായി വളരെ കുറച്ചു വെള്ളം ചേർത്ത് അരച്ചെടുക്കുക.ഒരു വലിയ പാനിൽ എണ്ണ ചൂടാക്കി ചെറുതായി അരിഞ്ഞ സവാള ചേർത്ത് നന്നായി വഴറ്റുക. ഉപ്പ് പുരട്ടിയ കോവയ്ക്ക കഷ്ണങ്ങൾ നന്നായി പിഴിഞ്ഞെടുക്കുക. സവാളയുടെ നിറം മാറി തുടങ്ങുമ്പോൾ കോവയ്ക്ക വട്ടങ്ങൾ ചേർത്ത് നന്നായി ഇളക്കുക. വാടി വരുമ്പോൾ അടച്ചു വെച്ച് ചെറുതീയിൽ പാകം ചെയ്യുക. കോവയ്ക്കയിൽ ഉപ്പ് ഉള്ളതിനാൽ നോക്കി മാത്രം വീണ്ടും ചേർത്താൽ മതി. കോവയ്ക്ക വെന്തു വരുമ്പോൾ അരപ്പ് ചേർത്ത് ഇളക്കി യോജിപ്പിക്കുക. വെള്ളം ചേർക്കേണ്ടതില്ല.
ചെറുതീയിൽ തന്നേ ഇടയ്ക്കിടെ ഇളക്കി ജലാംശം വറ്റി വരുന്ന വരേ പാകം ചെയ്യുക. ഉപ്പ് വേണമെങ്കിൽ ചേർക്കാം.കോവയ്ക്ക കഷ്ണങ്ങൾ തേങ്ങ കൂട്ടിൽ പൊതിഞ്ഞു കിടക്കണം. കോവയ്ക്ക കൊണ്ടുള്ള ഭുത്തി തയാർ.