ഊണിന് ഒഴിച്ചുകറിക്കു പുറമെ ഒരുപ്പേരിയോ തോരനോ ഉണ്ടെങ്കിൽ കുശാലാണ്. അത്യാവശ്യം രുചിയോടെ ഊൺ ആസ്വദിക്കാൻ ഇതൊക്കെ മതി. ഇത്തരം കൂട്ടുകറികളിൽ വൈവിധ്യം നിറഞ്ഞ രുചിക്കൂട്ടുകളാണ് കൊങ്കണി പാചകത്തിലെ ഒരു സവിശേഷത. 'സുക്കെ', 'സഘ്ളെ', 'ഭുത്തി', 'സോങ്ക്', 'ഗൊജ്ജു', 'കിസ്മ്പൂരി' എന്നിങ്ങനെ ഇത്തരം കറികളുടെ പട്ടിക നീളും. ഇവയൊക്കെ ദൈനംദിന പാചകത്തിനു പുറമെ വിശേഷ ദിവസങ്ങളിലെ സദ്യകളിലും പ്രധാനികളാണ്.  

To advertise here,

ഇന്ന് പരിചയപ്പെടുത്തുന്നത് 'സഘ്ളേ' എന്ന കറിയെ കുറിച്ചാണ്. കത്തിരിക്കയും വെണ്ടയ്ക്കയും ഒക്കെയാണ് സാധാരണയായി കൊങ്കണികൾ 'സഘ്ളേ' ഉണ്ടാക്കാനായി ഉപയോഗിക്കുന്ന പച്ചക്കറികൾ. ഇനി മീനുകളുടെ കാര്യമെടുത്താൽ കല്ലുമ്മക്കായ,അയല എന്നിവ കൊണ്ടും 'സഘ്ളേ' ഉണ്ടാക്കും.ഇന്ന് പരിചയപ്പെടുത്തുന്നത് വെണ്ടയ്ക്ക കൊണ്ടുള്ള സഘ്ളേയാണ്. നല്ല ഇളംപച്ച നിറത്തിൽ പിഞ്ചു നാടൻ വെണ്ടയ്ക്ക ആണെങ്കിൽ രുചി ഒരുപടി കൂടിയെങ്കിലെയുള്ളൂ. 

ചേരുവകൾ 

  • വെണ്ടയ്ക്ക- 1/4 കിലോ 
  • സവാള- 2 ഇടത്തരം 
  • ഇഞ്ചി - ഒരിഞ്ച് വലുപ്പത്തിൽ
  • മല്ലി- 2 ടീസ്പൂൺ 
  • വറ്റൽ മുളക്- 8 - 10 എണ്ണം 
  • വാളൻ പുളി- കുഞ്ഞ് നെല്ലിക്ക വലുപ്പത്തിൽ 
  • തേങ്ങാ- ഒന്നര കപ്പ്‌ 
  • വെളിച്ചെണ്ണ- 2 ടീസ്പൂൺ 
  • ഉപ്പ് ആവശ്യത്തിന് 
  • കടുക്- 1 ടീസ്പൂൺ 

തയ്യാറാക്കുന്ന വിധം 

വെണ്ടയ്ക്ക ഒരിഞ്ച് നീളത്തിലുള്ള കഷ്ണങ്ങളാക്കുക. സവാള നീളത്തിൽ അധികം കനത്തിലല്ലാതെ അരിയുക. ഇഞ്ചി പൊടിയായും അരിയുക. മല്ലിയും മുളകും ഒരല്പം വെളിച്ചെണ്ണയിൽ ചെറുതീയിൽ ചുവക്കെ വറുക്കുക. ഇവ തേങ്ങയ്ക്കും പുളിയ്ക്കുമൊപ്പം ആവശ്യത്തിന് വെള്ളം ചേർത്ത് ഒരല്പം തരുതരുപ്പായി അരച്ചെടുത്തു തയ്യാറാക്കി വെക്കുക.

ഇനി വാവട്ടമുള്ള ഒരു പാനിലോ മറ്റോ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് ഇഞ്ചിയും സവാളയും ചേർത്ത് വഴറ്റുക. സവാള വാടി വരുമ്പോൾ വെണ്ടയ്ക്ക ചേർക്കാം. ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റാം.

പാതി വഴണ്ടു വരുമ്പോൾ ഇതിലേക്ക് അരച്ചുവച്ച തേങ്ങാക്കൂട്ട് ചേർത്ത് സാവകാശം ഇളക്കി അരക്കപ്പ് വെള്ളവുമൊഴിച്ച് അടച്ചു വെച്ച് ചെറുതീയിൽ പാകം ചെയ്യുക. ചാറ് വറ്റി വെണ്ടയ്ക്ക ഉടഞ്ഞു പോവാതെ പാകത്തിന് വെന്തു തേങ്ങാക്കൂട്ടിൽ പൊതിഞ്ഞു വരുന്ന വരെ പാകം ചെയ്യുക. വെണ്ടയ്ക്ക സഘ്ളേ തയ്യാർ. ചോറിനൊപ്പം കഴിക്കാവുന്നതാണ്.