കുട്ടിക്കാലത്ത് സ്കൂൾ വിട്ട് വീട്ടിലേക്ക് ഓടി വരുമ്പോൾ നമ്മൾ കൊതിയോടെ കാത്തിരുന്നത് ചായ പലഹാരങ്ങൾക്കായിരുന്നു. മിക്കവാറും പ്രാതൽ പലഹാരം ബാക്കി വന്നത് ആയിരിക്കുമെങ്കിലും ചില അവസരങ്ങളിൽ അത് മാറ്റി പിടിച്ച് നമ്മുടെ അടുക്കളകളിൽ മറ്റ് രുചികൾ കൂടെ ഉണ്ടാവാറുണ്ട്. മിക്കതും രുചിക്കൊപ്പം തന്നെ പോഷകഗുണം കൂടെ കുട്ടികൾക്ക് കിട്ടത്തക്ക രീതിയിലുള്ള പലഹാരങ്ങൾ ആയിരിക്കും. ഇലയപ്പം, കിണ്ണത്തപ്പം, നേന്ത്രപ്പഴം ചുട്ടു പുഴുങ്ങിയത്, കപ്പ പോലുള്ള രുചികൾ ആയിരിക്കും കൂടുതലും ഉണ്ടാവാറുള്ളത്. അങ്ങനെയുള്ള ഒരു വിഭവത്തെ ഇന്ന് പരിചയപ്പെടാം.
മധുരക്കിഴങ്ങ്- പേരിൽ മാത്രമല്ല, രുചിയിലും ആ ഇളം മധുരം ഇവ കൊണ്ടുണ്ടാക്കുന്ന വിവിധ തരം ഭക്ഷണത്തിൽ കാണും. കൊങ്കണി രുചിക്കൂട്ടുകളിൽ മധുരക്കിഴങ്ങ് കൊണ്ട് അനേകം വിഭവങ്ങളുണ്ടാക്കും. കടലമാവിൽ മുക്കി പൊരിച്ചെടുക്കുന്ന "പോടി" എന്ന് വിളിക്കുന്ന ബജ്ജി ഇതിന് മുൻപ് ഇതേ പംക്തിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Also Read
മുഷ്ടി ബജ്ജോ എന്ന് വിളിക്കുന്ന മറ്റൊരു ബജ്ജിയിൽ ആണെങ്കിൽ പച്ചക്കായയ്ക്കും ഉരുളക്കിഴങ്ങിനുമൊപ്പം മധുരക്കിഴങ്ങും കൂടി പൊടിയായി അരിഞ്ഞു ചേർക്കും. ഓലനിൽ പോലും കൊങ്കണികൾ ഒരു കഷ്ണം മധുരക്കിഴങ്ങ് ചേർക്കാറുണ്ട്.
ഇന്ന് പരിചയപ്പെടുത്തുന്നത് മധുരക്കിഴങ്ങ് 'ഉസ്‌ലി' യാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാം. കാഴ്ചയിൽ തൊടു കറി പോലെ ഇരിക്കുമെങ്കിലും ചായക്കൊപ്പം വിളമ്പാവുന്ന ഒരു പലഹാരമായാണ് കൊങ്കണികൾ ഇതിനെ കാണുന്നത്. നമ്മുടെ കപ്പപ്പുഴുക്ക് പോലെ. വളരെ എളുപ്പത്തിൽ പാകം ചെയ്ത് കിട്ടുന്ന ഒരു കിഴങ്ങാണല്ലോ മധുരക്കിഴങ്ങ്. അതുകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കാം.
പാചകരീതിയിലേക്ക്:
ചേരുവകൾ
1.മധുരക്കിഴങ്ങ് - 2 ഇടത്തരം
2.ഇഞ്ചി- ഒരിഞ്ച് വലുപ്പത്തിൽ
3.പച്ചമുളക്- 3- 4 എണ്ണം
4.തേങ്ങ- അര കപ്പ്
6.ഉപ്പ്- ആവശ്യത്തിന്
7.ശർക്കര- 1 ടീസ്പൂൺ
8.കടുക്- 1 ടീസ്പൂൺ
9.ഉഴുന്ന്- 1ടീസ്പൂൺ
10.കറിവേപ്പില -അല്പം
11.വറ്റൽമുളക്- 2 എണ്ണം
12. എണ്ണ- 3 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകും ഉഴുന്നും കറിവേപ്പിലയും താളിക്കുക. ഇതിലേക്ക് പൊടിയായി അരിഞ്ഞ ഇഞ്ചിയും നെടുകെ കീറിയ പച്ചമുളകും ചേർത്ത് വറുക്കുക. മധുരക്കിഴങ്ങും ഉപ്പും കൂടെ ചേർത്ത് നന്നായി വഴറ്റുക. ഇനി ശർക്കര ചേർത്ത് വേവാൻ ആവശ്യമുള്ള വെള്ളവും ചേർത്ത് അടച്ചു വെച്ച് പാകം ചെയ്യുക.
വളരെ പെട്ടെന്ന് വെന്തു വരുന്നതാണ്. വെള്ളം മുഴുവനും വറ്റിക്കേണ്ടതില്ല. ശകലം വെള്ളത്തോടെ തന്നേ തേങ്ങാ ചേർത്ത് യോജിപ്പിച്ചു തിളയ്ക്കുമ്പോൾ അടുപ്പിൽ നിന്നും മാറ്റാം. മധുരക്കിഴങ്ങ് ഉസ്‌ലി തയ്യാർ.
Content Highlights: Learn how to make delicious and easy Sweet Potato Usli, a Konkani snack.
Published: 30 Jun 2025, 01:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented