ആഹാരക്രമത്തിൽ ഇലക്കറികൾ ഉൾപെടുത്താൻ നമ്മൾ എന്നും പ്രത്യേക ശ്രദ്ധ ചെലുത്താറുണ്ട്. രുചി എന്ന ഘടകത്തിനുപരി ആരോഗ്യ സംരക്ഷണം എന്നതിന് മുൻഗണന കൊടുക്കുന്നതിന്റെ ഭാഗമായാണ് ഇത് നമ്മൾ കൈക്കൊള്ളുന്നത്. എന്നാൽ രുചിക്ക് ഒരു പടി ചായ്‌വ് കൊടുത്തുകൊണ്ടുണ്ടാക്കുന്ന ഒരു വിഭവം ആയാലോ?
ഇന്നൊരു വടയാണ് താരം. കൊങ്കണികൾ ഇതിനെ "ഡങ്കർ" എന്ന് വിളിക്കും.വിവിധ തരം ഇല വർഗ്ഗങ്ങൾ ഇത്തരം വടകളുണ്ടാക്കാനായി എടുക്കാറുണ്ട്. സാധാരണ വടകളെ "അമ്പാടോ " എന്നും ഇല വർഗ്ഗങ്ങൾ ചേർക്കുന്നവയെ ഡങ്കർ എന്നും കൊങ്കണികൾ വിളിക്കും.
Also Read
മഴക്കാലത്തു സുഭിക്ഷം ലഭിക്കുന്ന തകര ഇലകൾ കൂടാതെ ഉലുവചീര, മുരിങ്ങ ഇല കൊണ്ടൊക്കെ ഇത്തരം ഡങ്കറുകൾ ഉണ്ടാക്കും. എണ്ണയിൽ വറുത്തു കോരി എടുക്കുന്ന ഇത്തരം രുചിക്കൂട്ടുകൾ വിശേഷ ദിവസങ്ങളിലെ കൊങ്കണികളുടെ സദ്യകളുടെ പ്രധാന ആകർഷണമാകും.
സാധാരണ വടകൾ പോലെ കടലമാവ് ഇതിൽ ചേർക്കാറില്ല. പകരം പച്ചരി, ഉഴുന്ന് അല്ലെങ്കിൽ തുവര പരിപ്പ് ഒക്കെയാണ് വടക്കൂട്ട്. അതിൽ ഈ ഇലകൾ ചെറുതായി കൊത്തി അരിഞ്ഞു ചേർക്കും. അല്പം എരിവും അതിലുപരി രുചിയും കൂടെയാകുമ്പോൾ ഊണിനൊപ്പം മറ്റ് കറികളുടെ കൂടെ ഈ ഡങ്കറുകളുടെ മാറ്റു കൂടി നിൽക്കും.
ഇന്ന് പരിചയപ്പെടുത്തുന്നത് ഇലവർഗ്ഗങ്ങളിലെ ഒരു പ്രധാനിയായ മത്തനില ചേർത്തുള്ള ഡങ്കർ ആണ്. നമ്മുടെ അടുക്കള തോട്ടങ്ങളിൽ ഒരു മത്തങ്ങാ വള്ളിയൊക്കെ പണ്ട് വളരെ സാധാരണ കാഴ്ച ആയിരുന്നു. മത്തങ്ങാ കായ്ച്ചില്ലേലും ഇലകളും പൂവുമൊക്കെ മതിയായിരുന്നു അന്ന് ഊണിനു രുചി കൂട്ടാൻ. പിഞ്ചു മത്തനില ഉപ്പേരിക്ക് പുറമെ കൊങ്കണികൾ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് മൂത്ത ഇലകളിൽ മാവ് പിടിപ്പിച്ചു ശേഷം ചുരുട്ടി റോൾ ആക്കി കഷ്ണങ്ങൾ ആക്കി മുറിച്ചെടുത്തു വറുത്തെടുക്കുന്ന ഫോഡി എന്ന വിഭവം ഇതേ പംക്തിയില്‍ മുൻപ് പങ്കുവെച്ചിട്ടുണ്ട്. ഇതിനോട് സാമ്യമുള്ളത് തന്നെയാണ് ഡങ്കർ. താരതമ്യേനെ എളുപ്പവും.
പാചകരീതിയിലേക്ക്
ചേരുവകൾ
1.മത്തനിലകൾ - 10- 15 എണ്ണം
2.ഉഴുന്ന് - 1/4 കപ്പ്
3.പച്ചരി - 1 കപ്പ്
4.വറ്റൽ മുളക് - 15-20 എണ്ണം
5.കായം - 1 ടീസ്പൂൺ
6.എണ്ണ - വറുക്കാനായി
7. ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഉഴുന്ന് ചെറുതീയിൽ എണ്ണയൊഴിക്കാതെ ചുവക്കെ വറുക്കുക. വറുത്തതിന് ശേഷം നന്നായി കഴുകി പച്ചരിയുടെ കൂടെ കഴുകി രണ്ടു മണിക്കൂറോളം കുതിർത്തു വെയ്ക്കുക.മത്തനിലയുടെ പിൻവശത്തുള്ള കട്ടിയുള്ള നാരുകൾ നീക്കം ചെയ്യുക. നന്നായി കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞു വെയ്ക്കുക. കുതിർത്തു വെച്ച ഉഴുന്നും പച്ചരിയും, വറ്റൽ മുളക് , കായം, ഉപ്പ് എന്നിവ ചേർത്ത് മിക്സിയിൽ നന്നായി പേസ്റ്റ് പോലെ അരച്ചെടുക്കുക. വെള്ളം കൂടിപ്പോവരുത്. നല്ല കട്ടിയിൽ വേണം മാവ് അരച്ചെടുക്കാൻ.
ഈ മാവിലേക്ക് അരിഞ്ഞു വെച്ച മത്തനില ചേർത്ത് നന്നായി യോജിപ്പിക്കുക. മാവിന് അയവ് കൂടിയതായി തോന്നുന്നുവെങ്കിൽ ആവശ്യത്തിന് അരിപ്പൊടി ചേർക്കാവുന്നതാണ്. അൽപാൽപ്പമായി ചേർത്താൽ മതി.ഈ കൂട്ടിൽ നിന്നും ചെറിയ ഉരുളകൾ എടുത്തു അല്പമൊന്നു അമർത്തി ഫോട്ടോയിൽ കാണുന്ന ഷേപ്പിൽ ആക്കി ചൂടായ എണ്ണയിൽ വറുത്തു കോരുക. ഡങ്കറുകൾ ചൂടായ എണ്ണയിൽ ഇട്ടയുടൻ തീ കുറച്ചുവെയ്ക്കുക. അകം നന്നായി വെന്തു പാകമാവേണ്ടതുണ്ട്. പുറം നന്നായി മൊരിഞ്ഞു ചുവന്നു വരുമ്പോൾ എണ്ണയിൽ നിന്നും കോരി എടുക്കാം. മത്തനില കൊണ്ടുള്ള ഡങ്കർ തയ്യാർ.
Content Highlights: Learn to make Dunkers, a Konkani specialty!
Published: 19 Jun 2025, 02:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented