എണ്ണയിൽ വറുത്തെടുക്കുന്ന വിഭവങ്ങൾ രുചികരമാണെങ്കിലും ആരോഗ്യപരമായ കാരണങ്ങളാൽ നമ്മൾ പലപ്പോഴും അല്പം അകറ്റി നിർത്തും. എങ്കിലും വല്ലപ്പോഴും അതിഥി സൽക്കാരങ്ങൾക്കായോ വിശേഷാവസരങ്ങളിലുമൊക്കെ ഇത് ഒഴിച്ച് നിർത്താറുമില്ല എന്നത് മറ്റൊരു ഭാഗം. അങ്ങനെയുള്ള നേരങ്ങളിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പലഹാരമാണ് ഇന്നത്തെ താരമായ മധുരക്കിഴങ്ങു 'ഫോഡി' അല്ലെങ്കിൽ ബജ്ജി.
    
കൊങ്കണി പാചകത്തിൽ മധുരക്കിഴങ്ങു വിഭവങ്ങൾ  ഒരുപിടിയുണ്ട് താനും. പണ്ടൊക്കെ മധുരക്കിഴങ്ങ് ലഭിക്കുന്ന കാലമായാൽ വൈകുന്നേരങ്ങളിലെ പലഹാരങ്ങൾക്ക് ഒരു രുചികരമായ പരിഹരമാകും.  മുൻപന്തിയിൽ ആവിയിലോ വെള്ളത്തിലോ ഇട്ടു പുഴുങ്ങി എടുക്കുന്ന മധുരക്കിഴങ്ങ് തന്നേ. സ്വതവേ ഉള്ള ഇളം മധുരം പോരായെങ്കിൽ കുട്ടികൾ ശർക്കര പാനിയിൽ മുക്കി കഴിക്കും. 

To advertise here,

എങ്കിലും കനലിൽ ചുട്ടെടുക്കുന്ന മധുരക്കിഴങ്ങിന്റെ രുചിയും മണത്തിനുമൊപ്പം കിട പിടിക്കാൻ മറ്റൊന്നിനുമാകില്ല. പുറം തൊലി അല്പം കരിഞ്ഞു കൂടെ കിട്ടിയാൽ അകത്തെ കിഴങ്ങിന്റെ രുചി ഒരു പൊടിക്ക് കൂടും. ഇത് കൂടാതെ കൊങ്കണികൾ തയ്യാറാക്കുന്ന മറ്റൊരു വിഭവമാണ് മധുരക്കിഴങ്ങു ' ഉപ്കരി '.പൊടിയായി അരിഞ്ഞ ഇഞ്ചിയും പച്ചമുളകും വറുത്തു കടുക് താളിച്ചതിലോട്ടു തേങ്ങാ പൊതിഞ്ഞു കിടക്കുന്ന മധുരക്കിഴങ്ങ് കഷ്ണങ്ങളുടെ രുചി അസാധ്യം തന്നേ.
    
ഇതൊക്കെ കൂടാതെ ഊണിനൊപ്പം വിളമ്പുന്ന ചില കറികളിലും കൊങ്കണികൾ മധുരക്കിഴങ്ങു ചേർക്കാറുണ്ട്.  ഓലനിൽ മറ്റ്‌ പച്ചക്കറികളുടെ കൂട്ടത്തിൽ ഒരു ചെറു കഷ്ണം ചേർക്കുന്നത് രുചി വർധിപ്പിക്കും. കൂടാതെ കാസറഗോട്ടുകാരുടെ ഇഷ്ട ചീരകളിലൊന്നായ ബസല ചീര കൊണ്ടുള്ള അമ്പട്ട് എന്ന കറിയിലും മധുരക്കിഴങ്ങു ചേർക്കും.
   
കാസറഗോഡും കർണാടകയിലുമൊക്കെ ചെറു ഹോട്ടലുകളിലൊക്കെ യഥേഷ്ടം ലഭിക്കും ഈ പലഹാരം. ചൂട് ചായയ്ക്കൊപ്പം രണ്ട് മൂന്ന് ബജ്ജികൾ അല്ലെങ്കിൽ ഫോഡി കൂടെ ഉണ്ടെങ്കിൽ പിന്നൊന്നും നോക്കണ്ട.  

ചേരുവകൾ :
 
മധുരക്കിഴങ്ങ്  - അരക്കിലോ 
കടലമാവ്    -   1 കപ്പ്‌
മുളകുപൊടി-  2 ടീസ്പൂൺ
കായപ്പൊടി  -  1 ടീസ്പൂൺ
ജീരകം   - 1 ടീസ്പൂൺ
ഉപ്പ്  -   ആവശ്യത്തിന്
പഞ്ചസാര-  1 ടീസ്പൂൺ
എണ്ണ- വറുക്കാൻ

തയ്യാറാക്കുന്ന വിധം :

മധുരക്കിഴങ്ങിന്റെ തൊലി നീക്കി അധികം കനമില്ലാതെ നേർത്തു വട്ടത്തിൽ അരിയുക.ബജ്ജി കൂട്ടായ കടലമാവ്, ജീരകം, മുളകുപൊടി, കായപ്പൊടി, ഉപ്പ്, പഞ്ചസാര എന്നിവ ആവശ്യത്തിന് മാത്രം വെള്ളം ചേർത്ത് കട്ടായില്ലാതെ അധികം നേർത്തു പോവാതെ കട്ടിയായി കലക്കുക.
കഷ്ണങ്ങൾ ഓരോന്നായി ബജ്ജിമാവിൽ മുക്കി ചൂടായ എണ്ണയിൽ വറുത്തു കോരുക.മധുരക്കിഴങ്ങ് ഫോഡി തയ്യാർ.