മുതിര കാണാൻ ഇത്തിരിപ്പോന്നതാണെങ്കിലും പോഷക ഗുണം കണക്കാക്കുമ്പോൾ വമ്പൻ തന്നെ. കുതിരകൾക്കുള്ള ആഹാരമായാണ് മുതിര പ്രധാനമായും ഉപയോഗിക്കുന്നത്. അത് കൊണ്ട് തന്നെ ഇംഗ്ലീഷിൽ ഇതിനെ ഹോഴ്സ് ഗ്രാം എന്ന് വിളിക്കുന്നു. മുതിര കഴിച്ചാൽ കുതിരയുടെ ശക്തി കിട്ടുമെന്ന് പഴമക്കാർ പറയുന്നത് ഇതിന്റെ പോഷകം ഗുണം കൊണ്ടുതന്നെയാണ്.
പ്രോട്ടീൻന്റെ കലവറയാണ് മുതിര. നാരുകളാൽ സമൃദ്ധം. ആയതിനാൽ നമ്മുടെ ഭക്ഷണ ക്രമത്തിൽ ഇവ ഉൾപ്പെടുത്തേണ്ടത് വളരെ അത്യന്താപേക്ഷിതമാണ്. കൊങ്കണി പാചകത്തിൽ മുതിര വളരെ സാധാരണമാണ്. 'കുളിത്തു" എന്നാണ് കൊങ്കണിയിൽ മുതിരയെ വിളിക്കുക. മുതിര വേവിച്ചു ഇടിച്ചക്കയോ കൂർക്കയോ ചേർത്ത് തേങ്ങ അരച്ചുണ്ടാക്കുന്ന കോദ്ദൽ എന്ന കറിയാണ് എല്ലാർക്കും പ്രിയങ്കരമായത്. കൂടാതെ വെറുതെ മുതിര മാത്രം അല്പം അധികം ചാറോടു കൂടി തിളപ്പിച്ചതിൽ വെളുത്തുള്ളിയും വറ്റൽ മുളകും മൂപ്പിച്ച് താളിച്ചെടുക്കുന്ന 'സർശി ' എന്ന കറി ഉണ്ടാക്കാൻ എളുപ്പം ആണെന്ന് മാത്രമല്ല രുചികരവുമാണ്. എന്തിന്, മുതിര ഉഴുന്നിനൊപ്പം പ്രത്യേക അനുപാതത്തിൽ അരച്ചുണ്ടാക്കുന്ന ഇഡ്ഡലി കൊങ്കണികളുടെ ഒരു വിശേഷ രുചിയാകുന്നു.
Also Read
ഇന്ന് പരിചയപ്പെടുത്തുന്നത് മുതിര കൊണ്ടുള്ള "ഖടി" ആണ്. പഞ്ചാബികളുടെ ഖടിയുമായി പേരിൽ മാത്രമേ സാമ്യമുള്ളൂ. പണ്ട് കാലത്ത് കന്നുകാലികൾക്ക് കൊടുക്കാനായി മുതിര അല്പം കൂടിയ അളവിൽ പാകം ചെയ്യേണ്ടതായി വരുമല്ലോ. അപ്പോൾ ഈ മുതിര വെന്ത നല്ല കുറുകിയ വെള്ളം അല്ലെങ്കിൽ ചാറു മാറ്റി വെയ്ക്കും. ഇതാണ് മുതിര ഖടി ഉണ്ടാക്കാനെടുക്കുക. ഇതിൽ വെള്ളരിക്ക കഷ്ണങ്ങൾ കൂടെ ചേർക്കും. ചോറിനു ഒഴിച്ച് കറിയായിട്ടാണ് ഇത് വിളമ്പുക. മാറ്റിയെടുത്ത മുതിര കൊണ്ട് ' ഉപ്പേരി' കൂടെ ഉണ്ടാക്കിയാൽ ഒരു വെടിക്ക് രണ്ട് പക്ഷി എന്നപോലെ എളുപ്പത്തിൽ ഒരു കൂട്ട് കറിയുമായി.
പാചകരീതിയിലേക്ക്
മുതിര ഖടി
ചേരുവകൾ
1.മുതിര- 2 കപ്പ്
2.വെള്ളരിക്ക- 200 ഗ്രാം
3.സവാള- 1 ഇടത്തരം
4.മല്ലി- ഒരു ടീസ്പൂൺ
5.വറ്റൽമുളക്- 6-8 എണ്ണം
6.വാളൻ പുളി- ഒരു ചെറിയ കഷ്ണം
7.വെളുത്തുള്ളി- 6-8 എണ്ണം
8.വെളിച്ചെണ്ണ- 2 ടീസ്പൂൺ
9.ഉപ്പ്- ആവശ്യത്തിന്
മുതിര മൂന്നിരട്ടി വെള്ളം ചേർത്ത് കുക്കറിൽ വേവിയ്ക്കുക. വെന്ത മുതിര മാറ്റി, മുതിര വേവിച്ച വെള്ളം അര മണിക്കൂറോളം ചെറുതീയിൽ തിളപ്പിക്കുക.
ഇടയ്ക്ക് വെച്ചു വെള്ളരിക്ക ചെറുതായി കഷ്ണങ്ങളാക്കിയതും സവാള ചെറു ചതുര കഷ്ണങ്ങളാക്കിയതും ഉപ്പും ചേർക്കാം.
വറ്റൽമുളക് അൽപ്പം എണ്ണയിൽ ചെറുതീയിൽ വറുക്കുക. വറ്റൽമുളകും മല്ലിയും പുളിയും ചേർത്ത് നന്നായി അരയ്ക്കുക. വെള്ളരിക്ക വെന്തു ചാർ കുറുകി വരുമ്പോൾ അരപ്പു ചേർക്കാം. തിളച്ചു കഴിഞ്ഞു അടുപ്പിൽ നിന്നും മാറ്റുക.
വെളുത്തുള്ളി എണ്ണയിൽ ചുവക്കെ മൂപ്പിച്ചു താളിച്ചു ചേർക്കാം. മുതിര ഖടി തയ്യാർ.
മുതിര ഉപ്പേരി
1.മാറ്റി വെച്ച വെന്ത മുതിര
2.കടുക് ഒന്നര ടീസ്പൂൺ
3.വറ്റൽ മുളക് 4-6എണ്ണം
4.കറിവേപ്പില 2 കതിർപ്പ്
5.കായപ്പൊടി 1 ടീസ്പൂൺ
6.വെളിച്ചെണ്ണ 3 ടീസ്പൂൺ
7.ഉപ്പ് ആവശ്യത്തിന്
8.തേങ്ങാ അര കപ്പ്
ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും വറ്റൽമുളകും മൂപ്പിക്കുക.
ഇതിലേക്ക് വേവിച്ച മുതിര ചേർക്കാം. കായപ്പൊടിയും ഉപ്പും ചേർക്കാം. ചെറുതീയിൽ ഇടയ്ക്കിടെ ഇളക്കി പാകമായി വരുമ്പോൾ തേങ്ങാ ചേർത്ത് ഇളക്കി എടുക്കുക. മുതിര ഉപ്കരി തയ്യാർ.
Content Highlights: Exploring the Culinary Versatility and Health Benefits of Horse Gram/ Muthira
Published: 22 May 2025, 12:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented