നാട്ടിലെ കവലകൾ തോറും പച്ചക്കറി കടകൾ വ്യാപകമാകും മുമ്പ് (ഏതാണ്ട് അര നൂറ്റാണ്ട് മുമ്പ്), തൊടിയിൽ നിന്നും കിട്ടുന്ന വിഭവങ്ങളായിരുന്നു മിക്കവാറും കുടുംബങ്ങളിലെയും കറികളുടെ ചേരുവകൾ. പറമ്പിൽ ധാരാളം ഉണ്ടായിരുന്നതിനാലും, കറി വച്ചാൽ അതി രുചികരമാണ് എന്നതിനാലും ചേമ്പിൻ താൾ ആയിരുന്നു കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട ചേരുവ.

To advertise here,

ഇക്കാലത്ത് നാട്ടിൽ സുലഭമായ, ചൊറിച്ചിൽ ഇല്ലാത്ത ചീര താൾ എന്ന ഇനം താൾ അക്കാലത്ത് കണ്ടിട്ടില്ല. ശീമ ചേമ്പിൻ താളും, കാട്ടു താളും ആണ് കറി വയ്ക്കാനായി അമ്മ എടുക്കാറുള്ളത്. ഇതു രണ്ടിന്റെയും ചൊറിച്ചിൽ മാറാനായി ഇവ അരിഞ്ഞ് പുളി വെള്ളത്തിൽ വേവിച്ചാണ് അമ്മ താളു പുളിങ്കറി ഉണ്ടാക്കാറുള്ളത്. ചീര താൾ സമൂലം തോരൻ ഉണ്ടാക്കാറുണ്ട് (താളും ഇലയും അടക്കം). കറി വയ്ക്കാനായി കാട്ടു താളിന്റെ തണ്ടും വിരിയാത്ത കൂമ്പ് ഇലയും എടുക്കാറുണ്ട്. ശീമ ചേമ്പിന്റെ തണ്ട് മാത്രമേ ഉപയോഗിക്കാറുള്ളൂ.

മഴ പെയ്തതോടെ തൊടിയിൽ ധാരാളം ശീമ ചേമ്പിൽ തൈകളും താളും വിരിഞ്ഞതിനാൽ പണ്ട് അമ്മ ഉണ്ടാക്കി തരാറുള്ളത് പോലുള്ള വറുത്തരച്ച താളു പുളിങ്കറിയാണ് ഇന്നത്തെ സ്പെഷ്യൽ.

ചേരുവകൾ: - ( നാലു പേർക്ക്)

  1. ശീമ ചേമ്പിന്റെ ഇളം തണ്ട് - 2 എണ്ണം ( പുറം തൊലി നീക്കം ചെയ്ത് ഒരു സെ. മീ. കനത്തിൽ വട്ടത്തിൽ അരിഞ്ഞത് - 2 കപ്പ് )
  2. പച്ച മുളക് - 1 എണ്ണം (വലുത്) - 1 സെ.മീ നീളത്തിൽ അരിഞ്ഞത്
  3. മഞ്ഞൾ പൊടി - അര ടീ സ്പൂൺ
  4. ചുരണ്ടിയ തേങ്ങ - 1 കപ്പ്
  5. ചുവന്നുള്ളി - 6 എണ്ണം
  6. വറ്റൽ മുളക് - 7 എണ്ണം (ഇല്ലെങ്കിൽ മുളക് പൊടി 1 ടീ സ്പൂൺ)
  7. മല്ലി - 1 ടേബിൾ സ്പൂൺ (ഇല്ലെങ്കിൽ മല്ലി പൊടി 1 ടീ സ്പൂൺ)
  8. കറി വേപ്പില - 1 തണ്ട്
  9. വാളൻ പുളി, ഉപ്പ്, വെളിച്ചെണ്ണ, കടുക്, ഉലുവ ആവശ്യത്തിന്

ചുരണ്ടിയ തേങ്ങയും മുളകും (6 എണ്ണം) മല്ലിയും നാല് ഉള്ളിയും തേങ്ങ സ്വർണ്ണ നിറമാകുന്നത് വരെ വറുത്ത്‌ ലേശം വെള്ളം കൂടി ചേർത്ത് നന്നായി അരയ്ക്കുക. അരിഞ്ഞ താളും പച്ച മുളകും ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിക്കാം. ഇതിലേക്ക് പുളി പിഴിഞ്ഞ വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക (3-4 മിനിറ്റ്). ഇതിലേക്ക് വറുത്തരച്ച അരപ്പ് ആവശ്യത്തിനു വെള്ളം ഒഴിച്ച് കലക്കി തിളപ്പിച്ചു വാങ്ങാം. ശേഷം ഉലുവയും കടുകും വറ്റൽ മുളകും വട്ടത്തിൽ കനം കുറച്ച് അരിഞ്ഞ രണ്ട് ഉള്ളിയും കറിവേപ്പിലയും താളിക്കാം. രുചികരമായ താളു പുളിങ്കറി റെഡി.