കുട്ടിക്കാലത്ത് വീടിനു പിൻ ഭാഗത്തെ പഞ്ചായത്ത് വക ചെമ്മണ്ണു റോഡിലൂടെ സൈക്കിളിൽ എത്താറുള്ള മീൻ കച്ചവടക്കാരൻ ഇസ്മായിൽ ഇക്ക കൊണ്ടു വരാറുള്ളത് ചെറു ചാളയോ (മത്തി), അയലയോ, കൊഴുവയോ (നെത്തോലി) മാത്രമായിരുന്നു. ചാളയുടെ രൂക്ഷ ഗന്ധം ഇഷ്ടമല്ലാത്തതിനാൽ ചാള വാങ്ങുന്ന, ചാള കറി വയ്ക്കുന്ന ദിവസങ്ങളിൽ മീൻ കൂട്ടാറില്ല. എന്നാൽ ചെറു മീൻ ഏതായാലും പുളിയില ചുട്ടതാണെങ്കിൽ (അത് ചാളയായാൽ പോലും) ഇഷ്ടമായിരുന്നു എന്നോർക്കുന്നു. പുളിയില അരച്ച ചമ്മന്തിയിൽ പൊതിഞ്ഞു ചുട്ട മീനിന് ഉളുമ്പു മണം കുറവാണ് എന്നാണനുഭവം.
വാളൻ പുളി മരത്തിൽ എക്കാലത്തും പുതുനാമ്പുകൾ ഉണ്ടാകാറില്ല. അതുകൊണ്ടു തന്നെ വല്ലപ്പോഴുമൊക്കെ മാത്രമേ രുചികരമായ മീൻ പുളിയില ചുട്ടത് എന്ന ഈ ഇഷ്ട വിഭവം ഉണ്ടാക്കാൻ കഴിയാറുള്ളൂ. കാല വർഷം കനിഞ്ഞതിന്റെ സന്തോഷത്തിൽ ഇപ്പോൾ നാടെങ്ങുമുള്ള പുളി തൈകളിൽ പുതു നാമ്പുകൾ ഉള്ള കാലമായതിനാലും തെക്കേ തൊടിയിലെ പുളി മര തയ്യിൽ നിന്നും കുറച്ച് തളിരിലകൾ കിട്ടിയതിനാലും പണ്ട് അമ്മ ഉണ്ടാക്കാറുള്ളത് പോലെ, ഇന്നു കിട്ടിയ ഇടത്തരം വലുപ്പമുള്ള ചാളകൾ കൊണ്ട് മീൻ പുളിയില ചമ്മന്തി ചുട്ടത് ഇങ്ങനെയാണ്.
Also Read
ചേരുവകൾ: ( 3 പേർക്ക് )
- വൃത്തിയാക്കിയ ഇടത്തരം ചാള - 6 എണ്ണം (300 gm)
- ഇളം പച്ച നിറമുള്ള ഇളം പുളിയില - അടർത്തി എടുത്തത് - 1 കപ്പ്
- ചുരണ്ടിയ തേങ്ങ - 1 കപ്പ്
- ചുവന്നുള്ളി - 6
- ഇഞ്ചി - 1 കഷണം ( 1 ഇഞ്ച് നീളത്തിൽ )
- വെളുത്തുള്ളി - 3 ഇതൾ
- കാന്താരി മുളക് - 12 എണ്ണം ( വലുപ്പവും എരിവും അനുസരിച്ച് )
- കറി വേപ്പില - 1 തണ്ട്op
- വാഴയില, ഉപ്പ്, മഞ്ഞൾ പൊടി, വെളിച്ചെണ്ണ ആവശ്യത്തിന്
പാചക ക്രമം
- ഇളം പുളിയിലയും കറിവേപ്പിലയും അടർത്തി അരയ്ക്കുക.
- തേങ്ങ, കാന്താരി മുളക്, ചുവന്നുള്ളി, വെളുത്തുള്ളി, അരിഞ്ഞ ഇഞ്ചി എന്നിവ ഒരുമിച്ച് അരയ്ക്കുക.
- അരച്ച അരപ്പുകൾ മഞ്ഞൾ പൊടിയും, ഉപ്പും, വെളിച്ചെണ്ണയും ചേര്‍ത്ത് കുഴച്ച് യോജിപ്പിക്കുക.
- അരപ്പ് വാഴയിലയിൽ പരത്തി, അതിനു മുകളിൽ മീൻ നിരത്തി വച്ച് മുകളിലും അരപ്പ് വിതറി പൊതിഞ്ഞു വയ്ക്കുക.
- ഏതാണ്ട് അര മണിക്കൂറിനു ശേഷം ദോശ തവയിൽ തിരിച്ചും മറിച്ചുമിട്ട് ഇരുവശവും ചുട്ടെടുക്കുക.
പണ്ട് അമ്മിക്കല്ലിൽ അരച്ച് വറ കലത്തിൽ വച്ച് വിറകടുപ്പിലാണ് അമ്മ മീൻ പുളിയില ചമ്മന്തി ചുടാറുള്ളത്. അമ്മിക്കല്ലും, വറകലവും, വിറകടുപ്പും ഇല്ലാത്തതിനാൽ മിക്സിയിൽ അരച്ച് (അരയ്ക്കുമ്പോൾ പുളിയിലയും കറിവേപ്പിലയും ആദ്യം അരച്ചു മാറ്റിയ ശേഷം മറ്റുള്ള ചേരുവകൾ അരച്ച് കൂട്ടി യോജിപ്പിക്കുന്നതായിരിക്കും ഉചിതം) ഗ്യാസ് സ്റ്റൗവ്വിൽ വച്ച്, ദോശ തവയിൽ തിരിച്ചും മറിച്ചുമിട്ട് ചുട്ടത്. ചെറു ചാള മാത്രമല്ല, കൊഴുവയും പരലും ഒക്കെ ഇതു പോലെ പുളിയില ചമ്മന്തി ചുടാൻ നല്ലതാണ്.
Content Highlights: ish in Tamarind Chutney: A Traditional South Indian Recipe
Published: 14 Aug 2025, 12:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented