ഏറെ കോളിളക്കം സൃഷ്ടിച്ച നിലമ്പൂർ രാധ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചുവെന്ന വാദത്തോടെ ഒരു പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മാതൃഭൂമി ഉൾപ്പടെയുള്ള മാധ്യമങ്ങളിൽ ഈ വാർത്ത ഉണ്ടായെന്ന് വരില്ലെന്ന ആരോപണത്തോടെയാണിത്. എന്നാൽ ഈ പ്രചാരണം തീർത്തും വാസ്തവവിരുദ്ധമാണ് എന്നതാണ് യാഥാർത്ഥ്യം.

https://www.facebook.com/manojmanuin/posts/8929400110504905
2014 ഫെബ്രുവരി അഞ്ചിനായിരുന്നു നിലമ്പൂർ കോൺഗ്രസ് ഓഫീസിലെ ജീവനക്കാരിയായ രാധയെ കാണാതായത്. ഫെബ്രുവരി 10-ന് ചുള്ളിയോട് ഉണ്ണിക്കുളത്ത് ഒരു കുളത്തിൽനിന്ന് രാധയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. അന്തരിച്ച മുൻമന്ത്രി ആര്യാടൻ മുഹമ്മദിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗവും കോൺഗ്രസ് ഓഫീസ് ജീവനക്കാരനുമായിരുന്ന ബി.കെ. ബിജു, ചുള്ളിയോട് കുന്നിശ്ശേരി ഷംസുദ്ദീൻ എന്നിവരായിരുന്നു കേസിലെ ഒന്നും രണ്ടും പ്രതികൾ. 2015 ഫെബ്രുവരി 12-ന്, മഞ്ചേരി ഒന്നാം ക്ലാസ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പി.എസ്. ശശികുമാർ ഇരുവരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു. എന്നാൽ, 2021 മാർച്ചിൽ ഹൈക്കോടതി ഇവരെ വെറുതെവിട്ടു. പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസ്‌ക്യൂഷനായില്ല എന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ 2022-ൽ സുപ്രീം കോടതിയെ സമീപിച്ചു. പ്രോസിക്യൂഷൻ ഹാജരാക്കിയ സാഹചര്യ തെളിവുകൾ കൃത്യമായി വിശകലനം ചെയ്യാതെയാണ് വിധിയെന്നായിരുന്നു സർക്കാർ വാദം. ഈ അപ്പീൽ പരിഗണിച്ച സുപ്രീം കോടതി 2024 ജനുവരിയിൽ പ്രതികൾക്ക് നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, എസ്.വി. ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ഇക്കാര്യങ്ങളെല്ലാം മാധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്തകളുടെ സ്‌ക്രീൻഷോട്ടുകൾ
https://www.mathrubhumi.com/crime/news/nilambur-radha-murder-case-accused-acquitted-1.5559543
കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലെ തുടർനടപടികൾ പരിശോധിച്ചു. ഒന്നാം കക്ഷിയായ ഷംസുദ്ദീന് അയച്ച നോട്ടീസ് കൈപ്പറ്റുകയും അഭിഭാഷകർ അയാൾക്കായി വക്കാലത്ത് നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ, രണ്ടാം കക്ഷിയായ ബി.കെ. ബിജുവിന് വേണ്ടി ആരും കോടതിയിൽ വക്കാലത്ത് ഫയൽ ചെയ്തിട്ടില്ലെന്നാണ് 2024 നവംബർ 11-ലെ സുപ്രീം കോടതി ഡെയ്‌ലി ഓർഡറിൽ പറയുന്നത്. ഇതിൽ മൂന്നും നാലും കക്ഷികൾ ചീഫ് സെക്രട്ടറിയും അഡീഷണൽ ചീഫ് സെക്രട്ടറിയുമാണ്. ഇരുവരെയും കേസിൽനിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് സർക്കാർ കോടതിയിൽ പിന്നീട് അപേക്ഷ സമർപ്പിച്ചിരുന്നു. ഈ കേസിൽ വിശദമായ വാദം ഇനിയും നടക്കേണ്ടതുണ്ട്. ശേഷം മാത്രമേ വിധിയുണ്ടാവുകയുള്ളൂ. ഇതിൽ നിന്നും പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചു എന്ന വാദത്തോടെ ഇപ്പോൾ നടക്കുന്ന പ്രചാരണം തെറ്റാണെന്ന് വ്യക്തമായി.

2015-ലായിരുന്നു നിലമ്പൂർ രാധ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2021-ൽ ഹൈക്കോടതി പ്രതികളെ വെറുതെ വിടുകയും ചെയ്തിരുന്നു. എന്നാൽ 2022 ഫെബ്രുവരിയിലും ഇതേ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.
Content Highlights: This comes amid allegations that this news should not have been reported in the media
Published: 21 Feb 2025, 07:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented