മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടെ ആറ് സാക്ഷികൾ കൂറുമാറിയിരുന്നു. ഈ പശ്ചാത്തലത്തിൽ കോൺഗ്രസ് അനുകൂല ഫേസ്ബുക്ക് പേജുകളിൽ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. എസ്എഫ്ഐ പ്രവർത്തകരാണ് കൂറുമാറിയതെന്നു ധ്വനിപ്പിക്കുന്ന തരത്തിലാണ് പോസ്റ്റ്.
പോസ്റ്റിലെ വിവരണം- “കൂടെ കൊണ്ടുനടന്നു തീർത്തു എന്നിട്ട് ഇപ്പൊ വീണ്ടും ഒറ്റിക്കൊടുക്കുന്നു, എസ്എഫ്ഐ ഒക്കെ എസ്‌ഡിപിഐയുടെ അടിമകളാണ്.”
2018 ജൂലൈ 2-ന് പുലർച്ചെയായിരുന്നു എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യു കൊല്ലപ്പെട്ടത്. കോളേജിലേക്ക് നവാഗതരെ സ്വാഗതം ചെയ്തുള്ള ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സംഘം അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്. 16 പേർ പ്രതികളായുള്ള കേസിൽ 156 സാക്ഷികളാണുള്ളത്, ഇതിൽ ആറുപേരാണ് വിചാരണക്കിടെ കൂറുമാറിയത്.
പ്രചരിക്കുന്ന സന്ദേശത്തിൽ ആരോപിക്കുന്നതുപോലെ എസ്എഫ്ഐ ബന്ധമുള്ളവരല്ല പ്രതികൾക്ക് അനുകൂലമായി മൊഴിമാറ്റിയത്. മറിച്ച്, പ്രതികളുമായി അടുത്തബന്ധവുള്ളവരും സുഹൃത്തുക്കളുമാണ് . ആറാം പ്രതി പി.എം. റെജിബിന്റെ അയൽക്കാരൻ മുഹമ്മദ് അബ്ദുൾ, ഏഴാം പ്രതി അബ്‌ദുൾ നാസറിൻ്റെ അയൽക്കാരൻ സിറാജ്, എട്ടാം പ്രതി ആദിൽ ഉപയോഗിച്ച ഇരുചക്ര വാഹനത്തിന്റെ ആർ.സി. ഉടമ അമാൻ മൊയ്തീൻ, സഹോദരൻ നൗഫാൻ മൊയ്തീൻ, പന്ത്രണ്ടാം പ്രതി മുഹമ്മദ് ഷഹിമിന്റെ ഭാര്യ റൂബിയ, പതിനാറാം പ്രതി സനിദ് ജോലിചെയ്ത സ്ഥാപനത്തിലെ ജീവനക്കാരൻ ശ്രീനാഥ് എന്നിവരാണിത്.
അടുപ്പക്കാരായതിനാൽ പ്രതികൾക്ക് അനുകൂല മൊഴിയാണ് ഇവർ നൽകിയതെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പ്രോസിക്യൂഷന്‍റെ അപേക്ഷ അനുവദിച്ച് 10 മുതൽ 15 വരെ സാക്ഷികൾ കുറുമാറിയതായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ.കെ. ബാലകൃഷ്ണൻ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിൽനിന്നു കേസിലെ പ്രതികളുടെ സുഹൃത്തുക്കളും ബന്ധുവുമാണ് വിചാരണക്കിടെ കൂറുമാറിയതെന്നു
വ്യക്തമാണ്. എന്നാൽ, ഇക്കാര്യം മറച്ചുവെച്ചാണ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പോസ്റ്റ് പ്രചരിപ്പിക്കുന്നത്.
Content Highlights: Six witnesses turned hostile during the trial of the Abhimanyu murder case at the Ernakulam Principal Sessions Court., Social media posts falsely claimed that SFI members were the ones who turned hostile., Fact check reveals that the hostile witnesses are actually friends, relatives, and neighbors of the accused, not SFI members.
Published: 18 Nov 2026, 03:35 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented