കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരായി ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രരിക്കുന്നുണ്ട്. സോണിയ ഗാന്ധി മാലദ്വീപ് മുൻ പ്രസിഡൻ്റ് മൗമൂൺ അബ്ദുൾ ഗയൂമിൻ്റെ മടിയിൽ ഇരിക്കുന്നതാണ് ചിത്രത്തിൽ. സോണിയ ഗാന്ധിയുടെ 'Belonging: A Journey of Love' എന്ന ഓർമ്മക്കുറിപ്പ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഈ ചിത്രം വൈറലായത്. എന്നാൽ ഈ ചിത്രത്തിൻ്റെ സത്യാവസ്ഥ മറ്റൊന്നാണെന്നു മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
അന്വേഷണം
വൈറൽ ചിത്രം റിവേഴ്സ് ഇമേജ് സർച്ച് ചെയ്ത് പരിശോധിച്ചപ്പോൾ ഇതേ ഫോട്ടോ മുൻവർഷങ്ങളിലും പലപ്പോഴായി പ്രചരിച്ചതായി കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സോണിയ ഗാന്ധിയുടെയും മൗമൂൺ അബ്ദുൾ ഗയൂമിന്‍റെയും മറ്റൊരു ചിത്രം ലഭിച്ചു. വൈറൽ ചിത്രത്തിലുള്ള അതേ പശ്ചാത്തലത്തിലും വസ്ത്രധാരണത്തിലുമാണ് ഇരുവരും ഈ ഫോട്ടയിലുള്ളത്. മുൻപെങ്ങോ നടന്ന കൂടിക്കാഴ്ചയിൽനിന്നുള്ള ചിത്രമാണിത് എന്ന് തോന്നും. തുടരന്വേഷണത്തിൽ സ്റ്റോക് ഫോട്ടോ സൈറ്റായ ഗെറ്റി ഇമേജസിലും അന്താരാഷ്ട്ര ന്യൂസ് ഏജൻസിയായ എഎഫ്പി ഫോറത്തിലും ഇതേ ചിത്രം കണ്ടെത്താൻ സാധിച്ചു.
മാലദ്വീപ് മുൻ പ്രസിഡന്റ് മൗമൂൺ അബ്ദുൾ ഗയൂം അന്നത്തെ കോൺഗ്രസ് പ്രസിഡന്റും യുപിഎ അധ്യക്ഷയുമായിരുന്ന സോണിയ ഗാന്ധിയുമായി 2005 മാർച്ച് 29-ന് ന്യൂഡൽഹിയിൽ വെച്ച് ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയിരുന്നു. മൗമൂൺ അബ്ദുൾ ഗയൂമിന്‍റെ (2005 മാർച്ച് 27 മുതൽ ഏപ്രിൽ 1 വരെ) ഇന്ത്യ സന്ദർശനത്തിന്‍റെ ഭാഗമായി നടന്ന ആ കൂടിക്കാഴ്ചയിൽനിന്നുള്ള ചിത്രമാണിത്.
യഥാർത്ഥ ചിത്രത്തിൽ സോണിയ ഗാന്ധി ഗയൂമിന് സമീപത്തുള്ള കസേരയിലാണ് ഇരിക്കുന്നത്. രണ്ട് ചിത്രങ്ങളിലും സോണിയ ഇരിക്കുന്ന പോസ്റ്റർ ഒന്നു തന്നെയാണ്. എന്നാൽ ഒറിജിനൽ ചിത്രം എഡിറ്റ് ചെയ്ത് സോണിയയുടെ ഇരിപ്പിടം മാറ്റി അവർ ഗയൂമിന്‍റെ മടിയിൽ ഇരിക്കുന്ന രീതിയിലാക്കുകയായിരുന്നു. അന്നത്തെ കൂടിക്കാഴ്ച്ചയുടെ മറ്റ് ചിത്രങ്ങളും ഇൻ്റർനെറ്റിൽ ലഭ്യമാണ്.
ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രചരിക്കുന്ന ചിത്രം ഡിജിറ്റലി മാനിപ്പുലേറ്റ് ചെയ്തതാണെന്ന് സ്ഥാപിക്കാം.
വാസ്തവം
ഈ പ്രചാരണം വ്യാജമാണ്. 2005-ൽ മാലദ്വീപ് മുൻ പ്രസിഡന്റുമായി സോണിയ ഗാന്ധി കൂടികാഴ്ച്ച നടത്തിയപ്പോഴുള്ള ചിത്രം എഡിറ്റ് ചെയ്താണ് ഇപ്പോൾ തെറ്റായി പ്രചരിപ്പിക്കുന്നത്.
Content Highlights: A viral image claiming Sonia Gandhi is sitting on the lap of former Maldives President Maumoon Abdul Gayoom is completely fake., The original photo is from their official meeting in New Delhi on March 29, 2005., The original image shows Sonia Gandhi sitting on a separate chair next to Gayoom, which was digitally manipulated.
Published: 19 Nov 2026, 05:45 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented