മൂന്നാം ക്ലാസ്സുകാരനായ ആൺകുട്ടി എൽകെജി വിദ്യാർത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തി എന്ന വാദത്തോടെ ഒരു വീഡിയോ വാട്സാപ്പിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആൺകുട്ടി പെൺകുട്ടിയുടെ തല ബെഞ്ചിലും ഡെസ്കിലും തുടർച്ചയായി ഇടിക്കുകയും കുട്ടിയുടെ മുഖത്തും ശരീരത്തിലും ചവിട്ടുന്നതുമാണ് ദൃശ്യങ്ങളിൽ. ഈ പ്രചാരണത്തിൻ്റെ വാസ്തവമന്വേഷിച്ച് ഒട്ടേറെ പേരാണ് മാതൃഭൂമി ഫാക്ട് ചെക്കുമായി ബന്ധപ്പെട്ടത്.

To advertise here,

അന്വേഷണം

ഹരിയാണ പഞ്ച്കുളയിലെ സംസ്‌കൃത് മോഡൽ സ്‌കൂളിൽ ഒക്ടോബർ 28-ന് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണിത്. വാർത്താ മാധ്യമങ്ങളെല്ലാം ഇത് റിപ്പോകർട്ട് ചെയ്തിരുന്നു. ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന കെ.ജി വിദ്യാർഥിനിയെയാണ് മൂന്നാം ക്ലാസ്സുകാരൻ ക്രൂരമായി മർദിച്ചത്. അച്ഛൻ വന്നിട്ടുണ്ടെന്ന് പറഞ്ഞ് പെൺകുട്ടിയെ ആളൊഴിഞ്ഞ ക്ലാസ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയായിരുന്നു ഉപദ്രവം. സ്കൂളിൽ എത്തിയ ഓട്ടോറിക്ഷാ ഡ്രൈവർ പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് അച്ഛനെ വിവരമറിയിക്കുകയായിരുന്നു.

വിദ്യാർത്ഥിനിയെ അന്വേഷിച്ച് സ്കൂ‌ളിലെത്തിയ അച്ഛന്റെ അടുത്തെത്തിയ എട്ടുവയസ്സുകാരൻ തന്നെയാണ് പെൺകുട്ടി മുകളിലുണ്ടെന്ന് പറഞ്ഞ് ക്ലാസ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. 'അങ്കിൾ, ഞാൻ നിങ്ങളെ മുകളിലേക്ക് കൊണ്ടുപോകാം. അവൾ അവിടെയുണ്ട്' എന്ന് പറഞ്ഞായിരുന്നു ഇതെന്ന് പരിക്കേറ്റ കുട്ടിയുടെ അമ്മാവൻ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞിരുന്നു. രക്തത്തിൽ കുളിച്ച് ബോധരഹിതയായ നിലയിലാണ് അച്ഛൻ പെൺകുട്ടിയെ കണ്ടെത്തിയത്. ഗുരുതര പരിക്കുകളേറ്റ പെൺകുട്ടിയെ ചണ്ഡീഗഢിലെ പി.ജി.ഐ.എം.ഇ.ആറിലേക്ക് മാറ്റിയതായും കുട്ടി അപകടനില തരണം ചെയ്‌തതായും പോലീസ് അറിയിച്ചിരുന്നു .

ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഏകദേശം 40 മണിക്കൂറിന് ശേഷമാണ് കുട്ടിക്ക് ബോധം വന്നത്. അക്രമിയായ കുട്ടി കെ.ജി. വിദ്യാർഥിനിയെ ഭ്രാന്തി എന്ന് വിളിച്ച് കളിയാക്കിയിരുന്നതായി അമ്മാവൻ പറഞ്ഞു. പെൺകുട്ടി അത് ചോദ്യം ചെയ്‌തപ്പോഴാണ്, അവളെ തന്ത്രപൂർവം ഒഴിഞ്ഞ ക്ലാസ് മുറിയിലേക്ക് വിളിച്ചുവരുത്തി അതിക്രൂരമായി മർദിച്ചതെന്നും അദ്ദേഹം ആരോപിച്ചു. അക്രമം നടത്തിയ കുട്ടിയ്ക്ക് എട്ടുവയസ്സ് മാത്രമാണ് പ്രായമെന്നതിനാൽ, ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടിയുടെ മാനസികാവസ്ഥ വിദഗ്‌ധരെക്കൊണ്ട് വിലയിരുത്താൻ പോലീസ് നടപടികൾ ആരംഭിച്ചതായാണ് റിപ്പോർട്ട്.

https://www.mathrubhumi.com/crime/news/panchkula-kg-student-attacked-by-boy-ez2cte81

സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഹരിയാണ സർക്കാർ അഞ്ചംഗ സമിതിയെ നിയോഗിക്കുകയും സംസ്ഥാനത്തുടനീളമുള്ള സ്കൂ‌ളുകളിൽ സമഗ്രമായ സുരക്ഷാ ഓഡിറ്റിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ ചികിത്സാച്ചെലവുകൾ മുഴുവൻ വഹിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു.

മർദനത്തിനിരയായ കുട്ടി മരണപ്പെട്ടു എന്ന തരത്തിലുള്ള പ്രചാരണം വ്യാജമാണ്. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ബന്ധുക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

വാസ്തവം

ഹരിയാണ പഞ്ച്കുളയിലെ സംസ്‌കൃത് മോഡൽ സ്‌കൂളിൽ ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന കെ.ജി വിദ്യാർഥിനിയെ മൂന്നാം ക്ലാസ്സുകാരൻ മർദിച്ചു കൊലപ്പെടുത്തി എന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. എട്ടു വയസ്സുകാരന്‍റെ ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടിക്ക് അവശ്യ ചികിത്സ ലഭ്യമാക്കുകയും ആരോഗ്യനില മെച്ചപ്പെട്ടതായുമാണ് വിവരം.