ബോളിവുഡ് താരം ടൈഗർ ഷ്റോഫിനെ ലക്ഷ്യമിട്ട് മുംബൈയിലെ ജൂഹുവിൽ നടന്ന വെടിവെപ്പ് ആക്രമണത്തിന് (ഒക്ടോബർ 18-ന്) ശേഷം, അദ്ദേഹത്തിന്റേതെന്ന പേരിൽ ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയുടെ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. വെടിവെയ്പിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്‌ണോയ് സംഘം ഏറ്റെടുക്കുകയും ചിലർ പിടിയിലാവുകയും ചെയ്തിരുന്നു.

To advertise here,

ഇതിന് പിന്നാലെയാണ് സംഭവത്തെക്കുറിച്ച് ടൈഗർ ഷ്റോഫ് ആദ്യമായി പ്രതികരിച്ചു എന്ന എന്ന തരത്തിൽ സ്ക്രീൻഷോട്ട് വൈറലായത്. വർഗീയ പരാമർശങ്ങളും സർക്കാരിനെതിരെയുള്ള വിമർശനങ്ങളും അടങ്ങിയ ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും വഴി വച്ചിരിക്കുകയാണ്. എന്നാൽ, അന്വേഷണത്തിൽ ഈ സ്ക്രീൻഷോട്ട് വ്യാജമാണെന്ന് കണ്ടെത്തി.

വൈറലായ വ്യാജ സ്ക്രീൻഷോട്ടിൽ പറയുന്നത്:

ലോറൻസ് ബിഷ്‌ണോയ് ഒരു മുസ്ലീമോ ക്രിസ്ത്യാനിയോ ആയിരുന്നെങ്കിൽ ആളുകൾ അദ്ദേഹത്തെ തീവ്രവാദി എന്ന് വിളിക്കുകയും ഏറ്റുമുട്ടലിൽ വധിക്കാനോ തൂക്കിലേറ്റാനോ ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു, എന്നാൽ അദ്ദേഹം ഒരു ഹിന്ദുവായതുകൊണ്ട് ആളുകൾ അദ്ദേഹത്തെ തിരുത്തുന്നതിന് പകരം പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു? ജനങ്ങളുടെ സുരക്ഷയ്ക്കായി ഇത് അവസാനിക്കേണ്ടതുണ്ട്. സർക്കാരിന്റെ വലിയ പരാജയം. എന്നാണ്

അന്വേഷണം

ഈ പ്രസ്താവന ടൈഗർ ഷ്റോഫ് തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച സ്റ്റോറി എന്ന അവകാശവാദത്തോടെയാണ് പലരും സോഷ്യൽ മീഡിയകളിൽ ഇത് റീപോസ്റ്റ് ചെയ്തത്. ഗൂഗിൾ ലെൻസ് ഉപയോഗിച്ച് വൈറൽ സ്ക്രീൻഷോട്ട് റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ, സമാനമായ വാദങ്ങളോടെ ഈ ചിത്രം മറ്റു പല സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പങ്കുവെക്കപ്പെട്ടതായി കണ്ടെത്തി.

ടൈഗർ ഷ്റോഫ് ഇത്തരമൊരു പ്രസ്താവന ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നോ എന്നാണ് ആദ്യം പരിശോധിച്ചതെങ്കിലും കണ്ടെത്താനായില്ല. ടൈഗറിനെപ്പോലെ ഒരു പ്രമുഖ നടൻ ഇങ്ങനെയൊരു പരസ്യ പ്രസ്താവന നടത്തിയിരുന്നെങ്കിൽ അത് തീർച്ചയായും വാർത്തയായേനെ. എന്നാൽ വാർത്ത മാധ്യമങ്ങളൊന്നും ഇത് റിപ്പോർട്ട് ചെയ്തിട്ടില്ല. അന്വേഷണത്തിൽ, വെടിവെയ്പ് സംഭവത്തിന് ശേഷം ടൈഗർ ഷെറോഫിന്റെ ഔദ്യോഗിക ടീം പുറത്തിറക്കിയ പ്രസ്താവന ലഭിച്ചു.

ഈ സംഭവവുമായി ബന്ധപ്പെട്ട് ടൈഗർ ഷ്റോഫ് യാതൊരുവിധ പ്രസ്താവനകളും നടത്തിയിട്ടില്ലെന്നും, വീഡിയോകളോ ഔദ്യോഗിക സന്ദേശങ്ങളോ പുറത്തുവിട്ടിട്ടില്ലെന്നുമാണ് പ്രസ്താവനയിൽ പറയുന്നത്. ടൈഗർ ഷ്റോഫിന്റേതെന്ന പേരിൽ വ്യാജ കഥകളും, എഐ നിർമ്മിത വീഡിയോകളും മറ്റും സോഷ്യൽ മീഡിയ പേജുകളിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവ അനുമതിയില്ലാത്തതും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതുമാണ്. അത്തരം ഉള്ളടക്കങ്ങളെ പിന്തുണയ്ക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല. വ്യാജ പോസ്റ്റുകൾ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പും പ്രസ്താവനയിൽ ഉണ്ട്.

 

വാസ്തവം

ഇത് വ്യാജപ്രചാരണമാണ്. ടൈഗർ ഷ്റോഫ് ഇങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടില്ല. പ്രചരിക്കുന്ന സ്ക്രീൻഷോട്ട് വ്യാജമായി ഉണ്ടാക്കിയതാണ്.