വാഹന ഉടമകളെ ലക്ഷ്യമിട്ടുള്ള “പരിവാഹൻ തട്ടിപ്പ്” വീണ്ടും സംസ്ഥാനത്ത് വ്യാപകമാകുകയാണ്. ഇതിനെക്കുറിച്ച് വിശദീകരിച്ചും ജാഗ്രത പാലിക്കണമെന്ന് വ്യക്തമാക്കിയും മാതൃഭൂമി ഫാക്ട് ചെക്ക് നേരത്തെയും റിപ്പോർട്ട് ചെയ്തിരുന്നു. മോട്ടാർ വാഹന വകുപ്പും പോലീസും പരിവാഹൻ തട്ടിപ്പ് സംബന്ധിച്ച് ഇടക്കിടെ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും പലരും ഇപ്പോഴും ഇതിന് ഇരയാകുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. അത്തരത്തിൽ തട്ടിപ്പിന് ഇരയായവരുടെ അനുഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഒരു വീഡിയോ മാതൃഭൂമി ഫാക്ട് ചെക്ക് ടിപ് ലൈനിൽ ലഭിച്ചു. ഇതിൽ പറയുന്ന വിവരങ്ങൾ ശരിയാണോ എന്ന് അന്വേഷിച്ചുകൊണ്ടായിരുന്നു ഇത്.

To advertise here,

വീഡിയോയിൽ പറയുന്ന കാര്യങ്ങളുടെ ചുരുക്കം- കഴിഞ്ഞ ഒൻപതാം തീയതി ആർടിഒ എന്ന പേരിൽ വാട്സാപ്പിൽ വന്ന ഒരു സന്ദേശം തുറന്നപ്പോൾ ഫോൺ ഹാങ്ങ് ആകുകയും ഒരു ആപ്പ് ഓട്ടോമാറ്റിക് ആയി ഇൻസ്റ്റാൾ ആകുകയും ചെയ്തു. അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ട വിവരം മെസ്സേജ് ആയി വന്നില്ല. അടുത്ത ദിവസം ബാങ്കിൽ വിളിച്ചപ്പോഴാണ് ബാലൻസ് പൂജ്യമായ വിവരം അറിഞ്ഞത്.

ട്രാഫിക് നിയമങ്ങൾ ലംഘിച്ചുവെന്ന് അറിയിച്ചുകൊണ്ടുള്ള ഇത്തരം വാട്‌സ്ആപ്പ് സന്ദേശങ്ങൾ നിങ്ങളെയും തേടിയെത്തിയേക്കാം. “നിങ്ങളുടെ വാഹനം ട്രാഫിക് നിയമം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്. വേഗത്തിൽ പിഴയടച്ച് തീർപ്പാക്കുക” എന്നായിരിക്കും പ്രചരിക്കുന്ന സന്ദേശത്തിന്‍റെ ഉള്ളടക്കം.

രാജ്യവ്യാപകമായി നടക്കുന്ന ഒരു തട്ടിപ്പാണ് ഇത് എന്നതാണ് യാഥാർത്ഥ്യം. പര്യവാഹൻ ഇ-ചലാൻ എന്ന പേരിൽ ലഭക്കുക ഒരു ആൻഡ്രോയിഡ് പാക്കേജ് കിറ്റ് (APK) ഫയൽ ആകും. ആഡ്രോയിഡ് ഡിവൈസുകളിൽ ആപ്പുകൾ എത്തിക്കാനും ഇൻസ്റ്റാൾ ചെയ്യുന്നതിനും ഉപയോഗിക്കുന്ന ഫയൽ ഫോർമാറ്റാണിത്. ഇതിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡ് ആകുന്നത് നിങ്ങളുടെ ഡിവൈസിൽ നിന്നു വിവരങ്ങൾ ചോർത്തുന്ന ഒരു ആപ്പ് ആയിരിക്കും.

ആപ്പ് ഇൻസ്റ്റാൾ ചെയ്‌ത് കോൺടാക്‌റ്റ്, ഫോൺ കോൾ, എസ് എം എസ് സന്ദേശങ്ങൾ എന്നിവ ആക്‌സസ് ചെയ്യാനുള്ള അനുമതിയും നേടിയാൽ  നമ്മുടെ ഡിവൈസിൽ നിന്നും സുപ്രധാന വിവരങ്ങളും ഒടിപിയുമെല്ലാം കൈക്കലാക്കാനും പണം തട്ടാനും സൈബർ കുറ്റവാളികൾക്കാകും.

ആൻഡ്രോയിഡ് മാൽവേറായ മോറിസ് ബോട്ട് ഉപയോഗിച്ച് ഇത്തരത്തിൽ വട്സ് ആപ്പിലൂടെ രാജ്യവ്യാപക തട്ടിപ്പ് നടത്തിയതായി നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മോറിസ് ഇൻസ്റ്റോൾ ചെയ്ത ഡിവൈസിൽ നിന്നും കോൺടാക്റ്റുകൾ, സന്ദേശങ്ങൾ, ഡിവൈസ് ഡീറ്റെയിൽസ് എന്നിവ കൈക്കലാക്കി തട്ടിപ്പുകാരുടെ നിയന്ത്രണത്തിലുള്ള ടെലിഗ്രാം ബോട്ടിലേക്ക് അയക്കുകയാണ് ചെയ്യുക.

ഇത്തരം തട്ടിപ്പ് സന്ദേശം എസ്എംഎസ് ആയും ലഭിക്കാം. നിയമനടപടി ഒഴിവാക്കാനായി മെസ്സേജിനൊപ്പം നൽകിയിരിക്കുന്ന ലിങ്കിൽ കയറി എത്രയും പെട്ടന്ന് പിഴയടക്കാനായിരിക്കും ആവശ്യപ്പെടുന്നത്. ഈ ലിങ്കുകൾക്ക് പരിവാഹൻ വെബ്സൈറ്റുമായി യാതൊരു ബന്ധവും കാണില്ല. സർക്കാർ വെബ്സൈറ്റുകളുടെ യു.ആർ.എല്ലിൽ (URL) '.gov' എന്ന ഡൊമെയ്നായിരിക്കും. തട്ടിപ്പുകാർ നൽകുന്ന ലിങ്ക് വ്യത്യസ്തവും. ഇങ്ങനെയുള്ള സന്ദേശങ്ങൾ ലഭിച്ചാൽ അവഗണിക്കുക.

തട്ടിപ്പിൽനിന്ന് എങ്ങനെ രക്ഷപ്പെടാം

ഇ-ചലാൻ ഉണ്ടെന്ന അവകാശവാദത്തോടെ ലഭിക്കുന്ന സന്ദേശങ്ങൾക്ക് ഒപ്പമുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ അറ്റാച്ച്മെൻ്റുകൾ ഡൗൺലോഡ് ചെയ്യുകയോ ചെയ്യരുത്.

ട്രാഫിക് ചലാനുകൾ അടയ്ക്കാൻ എപ്പോഴും ഔദ്യോഗിക പരിവാഹൻ ഇ-ചലാൻ പോർട്ടലോ അല്ലെങ്കിൽ അതത് സംസ്ഥാന ട്രാഫിക് പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളോ മാത്രം ഉപയോഗിക്കുക.

https://echallan.parivahan.gov.in/index/accused-challan  

https://www.payment.keralapolice.gov.in/ 

https://echallan.parivahan.gov.in/index/accused-challan 

സംശയാസ്പദമായ വെബ്സൈറ്റുകളിലോ മൊബൈൽ ആപ്പുകളിലോ നിങ്ങളുടെ ലോഗിൻ ക്രെഡൻഷ്യലുകളോ സുപ്രധാന സാമ്പത്തിക, ആധാർ വിവരങ്ങളോ പങ്കുവയ്ക്കാതിരിക്കുക. ഇ-ചലാൻ വെബ്സൈറ്റുകൾക്ക് സാധാരണയായി '.gov.in' ഡൊമെയ്ൻ ആയിരിക്കും. വ്യത്യസ്‌തമായവ കണ്ടാൽ ജാഗ്രത പാലിക്കുക.

ഈ തട്ടിപ്പിനെക്കുറിച്ച് സംസ്ഥാന മോട്ടോർവാഹന വകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടാൽ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിൽ ഉടനടി വിളിച്ച് പരാതി രജിസ്റ്റർ ചെയ്യുക.