ആർഎസ്എസ് സംഘടിപ്പിച്ച രക്ഷാബന്ധൻ പരിപാടിയിൽ ന്യൂയോർക്ക് മേയർ സൊറാൻ മംദാനി പങ്കെടുത്തു എന്ന വാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വീഡിയോക്കൊപ്പം നൽകിയിരിക്കുന്ന വിവരണത്തിൽ പറയുന്നത് -
“ദാ.....ന്യൂയോർക്ക് RSS പരിപാടിയിൽ ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലിം മേയർ മാംദാനി..
എന്തൊക്കെയായിരുന്നു
മാഡിസൻ സ്ക്വയറിൽ പ്രോഗ്രാം നടക്കില്ല,അനുവാദം കൊടുത്തേല്ല... അനുവാദം കൊടുക്കില്ല....
കുന്തം ...കൊടചക്രം....
രാഖി അണിഞ്ഞ് തിലകം ഏറ്റുവാങ്ങി അദ്ദേഹം വികാരാധീനനാകുന്നു.”
ഇതിന്‍റെ യാഥാർത്ഥ്യം അന്വേഷിച്ച് ഒട്ടേറെപ്പേർ മാതൃഭൂമി ഫാക്ട് ചെക്കിന്‍റെ ടിപ് ലൈനുമായി ബന്ധപ്പെട്ടു. ഞങ്ങൾ നടത്തിയ പരിശോധനയിൽ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.
ഒരു മിനുറ്റ് ദൈർഘ്യമുള്ള വീഡിയോ പരിശോധിച്ചാൽ ഇതിന്‍റെ ആദ്യഭാഗത്ത് തന്നെ “ന്യൂയോർക്കിലെ ഇന്ത്യൻ സമൂഹം സംഘടിപ്പിച്ച രക്ഷാബന്ധൻ പരിപാടിയിൽ പങ്കെടുത്ത് സൊഹ്റാൻ മംദാനി” എന്ന് എഴുതിയിരിക്കുന്നതായി കാണാം. മാത്രമല്ല, വീഡിയോയിൽ പരിപാടിയുടെ ബാനറും ദൃശ്യമാണ് - ‘ഇന്ത്യ ഹോം എ സെൻറർ ഫോർ സീനിയർ കെയർ’ എന്നാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയിലെ ന്യൂയോർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയാണിത്. അമേരിക്കയിലേക്ക് കുടിയേറിയ സൗത്ത് ഏഷ്യക്കാർ പ്രത്യേകിച്ച് ഇന്ത്യക്കാരായ മുതിർന്ന പൗരന്മാർക്ക് താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് സംഘടനയുടെ പ്രവർത്തനം.
ഓഗസ്റ്റ് 29 രക്ഷാ ബന്ധൻ ദിനത്തിൽ മംദാനിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഇന്ത്യ ഹോം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിൻ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. ‘ഇന്ത്യാ ഹോമിലെ മുതിർന്നവരുമായി സന്തോഷം പങ്കുവെച്ചു’ എന്ന വിവരണത്തോടെയാണിത്. മംദാനിയുടെ ഈ പോസ്റ്റ് ഇന്ത്യ ഹോമിന്‍റെ ഫേസ്ബുക്ക് പേജിലും ഷെയർ ചെയ്തിട്ടുണ്ട്. സംഘടനയുടെ സമൂഹമമാധ്യമ പേജുകളും വെബ്സൈറ്റും പരിശോധിച്ചെങ്കിലും ആർഎസ്എസ്സുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള വിവരങ്ങളൊന്നും കണ്ടില്ല. മാത്രമല്ല എല്ലാ ജാതിമത വിഭാഗങ്ങളിൽപ്പെട്ടവരും സംഘടനയിൽ അംഗങ്ങളാണെന്നും എല്ലാവരെയും ഉൾക്കൊള്ളിക്കുന്ന തരത്തിലുള്ള ആഘോഷപരിപാടികൾ ഇന്ത്യ ഹോം നടത്തി വരുന്നതായുമാണ് അവരുടെ സമൂഹമാധ്യമ പേജുകൾ പരിശോധിച്ചതിൽ നിന്നും വ്യക്തമായത്.
രക്ഷാബന്ധൻ ദിനത്തിൽ അമേരിക്കയിലെ മാഡിസൺ സ്ക്വയറിൽ ആർ.എസ്.എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള ആഗോള സമ്പർക്ക പരിപാടിയായ ”യൂണിവേഴ്‌സൽ വൺനെസ് സെലിബ്രേഷൻ” സംഘടിപ്പിച്ചിരുന്നു. ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുത്ത പരിപാടിയുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള രാഷ്ട്രീയ-സാമൂഹിക തർക്കങ്ങളായിരുന്നു ഉയർന്നത്. 'ഹിന്ദൂസ് ഫോർ ഹ്യൂമൻ റൈറ്റ്സ്', 'ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിൽ', 'ഇന്റർഫെയ്ത്ത് സെന്റർ ഓഫ് ന്യൂയോർക്ക്' തുടങ്ങി പല സംഘടനകൾ പരിപാടിക്കെതിരെ പ്രതിഷേധിക്കുകയും വേദി റദ്ദാക്കാൻ ആവശ്യപ്പെടുകയും ചെയ്യുകയുണ്ടായി.
പരിപാടിയെ പിന്തുണയ്ക്കുന്നില്ലെന്നും ആർ.എസ്.എസിന്റെ നിലപാടുകളെ താൻ ശക്തമായി അപലപിക്കുന്നുവെന്നും എന്നാൽ പരിപാടി നിരോധിക്കാൻ നിയമപരമായ അധികാരമില്ലെന്നുമായിരുന്നു ന്യൂയോർക്ക് സിറ്റി മേയർ സോഹ്റാൻ മംദാനി നിലപാട് വ്യക്തമാക്കിയത്.
ആർഎസ്എസിനെ പരസ്യമായി വിവർശിച്ചിട്ടുള്ള മംദാനി അവർ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു എന്ന ഈ പ്രചാരണം വ്യാജമാണ്. രക്ഷാബന്ധൻ ദിനത്തിൽ ഇന്ത്യ ഹോം എന്ന സന്നദ്ധ സംഘടന സംഘടിപ്പിച്ച പരിപാടിയിൽ മംദാനി പങ്കെടുത്തതിന്‍റെ ദൃശ്യങ്ങളാണ് തെറ്റായി പ്രചരിപ്പിക്കുന്നത്.
Content Highlights: Viral video claims NYC Mayor Zohran Mamdani attended an RSS event., Investigation reveals the video is from an event organized by 'India Home', a senior care non-profit organization., Mamdani has previously opposed RSS stances while supporting free speech legally for the Madison Square event., The claim linking Mamdani to the RSS event is completely false.
Published: 02 Sept 2026, 02:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented