രാഷ്ട്രീയ സ്വയംസേവക് സംഘിനെ (RSS) യുഎസിൽ നിരോധിച്ചു എന്ന വാദത്തോടെ സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രചാരണം നടക്കുന്നുണ്ട് . "യുഎസ് സർക്കാർ സ്ഥിരീകരിച്ചു! ആർഎസ്എസിനും എല്ലാ ആർഎസ്എസ് അംഗങ്ങൾക്കും സ്ഥിരമായ നിരോധനം" എന്നാണ് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവതിന്റെ ചിത്രം ഉൾപ്പടെയുള്ള സന്ദേശത്തിൽ പറയുന്നത്.

To advertise here,

RSS-ന്‍റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള ആഗോള സമ്പർക്ക പരിപാടിയായ ”യൂണിവേഴ്‌സൽ വൺനെസ് സെലിബ്രേഷൻ” അമേരിക്കയിലെ മാഡിസൺ സ്ക്വയറിലായിരുന്നു സംഘടിപ്പിച്ചത്. മോഹൻ ഭാഗവത് പങ്കെടുത്ത ഈ പരിപാടിയുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള രാഷ്ട്രീയ-സാമൂഹിക തർക്കങ്ങളായിരുന്നു യുഎസ്സിൽ ഉയർന്നത്. 'ഹിന്ദൂസ് ഫോർ ഹ്യൂമൻ റൈറ്റ്സ്', 'ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിൽ', 'ഇന്റർഫെയ്ത്ത് സെന്റർ ഓഫ് ന്യൂയോർക്ക്' തുടങ്ങി പല സംഘടനകൾ പരിപാടിക്കെതിരെ പ്രതിഷേധിക്കുകയും വേദി റദ്ദാക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആ സാഹചര്യത്തിൽകൂടിയായിരിക്കണം ഈ പ്രചാരണം.

ആർഎസ്എസ്സിനോ അതിലെ അംഗങ്ങൾക്കോ യുഎസ്സിൽ നിരോധനം ഏർപ്പെടുത്തിയതായുള്ള റിപ്പോർട്ടുകളൊന്നും തന്നെ ഇല്ല. അതേസമയം, ആർഎസ്എസിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (USCIRF) സർക്കാറിനോട് ശുപാർശ ചെയ്തതിരുന്നു 2026 മാർച്ചിലെ വാർഷിക റിപ്പോർട്ടിൽ സംഘടനക്കെതിരെ ഗുരുതര ആരോപണങ്ങളും ഉപരോധ ശുപാർശയുമാണ് ഉൾപ്പെടുത്തിയിരുന്നത്. ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളിലും വിദ്വേഷ പ്രചാരണങ്ങളിലും പങ്കുണ്ടെന്നും ഈ സാഹചര്യത്തിൽ സംഘടനയുടേയും ഭാരവാഹികളുടെയും ആസ്തികൾ കണ്ടുകെട്ടണം അവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തണം എന്നെല്ലാമായിരുന്നു റിപ്പോർട്ടിൽ ശുപാർശ ചെയ്തത്.

ഈ പശ്ചാത്തലത്തിലം മുൻനിർത്തിയാകണം പോസ്റ്റർ പ്രചാരണം എന്ന് വേണം കണക്കാക്കാൻ.

എന്നിരുന്നാലും കഴിഞ്ഞ ഓഗസ്റ്റ് 29 രക്ഷാ ബന്ധൻ ദിനത്തിൽ യുഎസ്സിലെ മാഡിസൺ സ്ക്വയറിൽ നടന്ന മോഹൻ ഭാഗവതിന്‍റെ പരിപാടിക്ക് അധികൃതർ വിലക്കൊന്നും ഏർപ്പെടുത്തിയിരുന്നില്ല. ഇതിൽ നിന്നും USCIRF റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ യുഎസ് സർക്കാർ RSSനും അംഗങ്ങൾക്കുമെതിരെ നടപടി സ്വീകരിച്ചിട്ടില്ല എന്നുവേണം മനസ്സിലാക്കാൻ. മാത്രമല്ല, യുഎസ്സിൽ RSS-നെ നിരോധിച്ചു എന്ന തരത്തിലുള്ള പ്രചാരണം മുൻവർഷങ്ങളിലും നടന്നിരുന്നു. പ്രചരിക്കുന്ന പോസ്റ്റർ വ്യാജമാണെന്ന് ഇതിൽനിന്നു വ്യക്തമാണ്.