കൂടെ പഠിക്കുന്ന പെൺകുട്ടികളുടെ പടങ്ങൾ മോർഫുചെയ്ത് അശ്ലീല ചിത്രമാക്കി ഫോണിൽസൂക്ഷിക്കുന്ന എൻജിനീയറിങ് വിദ്യാർഥി. അധ്യാപികമാരുെട പടങ്ങൾ മോർഫ് ചെയ്ത് ദുരുപയോഗം ചെയ്യുന്ന ഡിഗ്രി വിദ്യാർഥി. കൗമാരക്കാർ വൈകൃതമനസ്സോടെ ചെയ്തുകൂട്ടുന്ന കാര്യങ്ങൾ ഞെട്ടിക്കുന്നതാണ്.

കോട്ടയം: സഹപാഠികളായ വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മൊബൈൽ ഫോണിൽ സൂക്ഷിച്ച എൻജിനിയറിങ് വിദ്യാർഥി അറസ്റ്റിൽ. ഏറ്റുമാനൂരിലെ സ്വകാര്യ എൻജിനിയറിജ് കോളേജ് നാലാംവർഷ ബി.ടെക്. വിദ്യാർഥി ചങ്ങനാശ്ശേരി സ്വദേശിയെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റുചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം സ്റ്റേഷൻജാമ്യത്തിൽ വിട്ടു.
സഹപാഠികളുടെ ചിത്രമെടുത്തശേഷം അശ്ലീലചിത്രങ്ങളോട് ചേർത്തുവച്ച് ഫോണിൽ സൂക്ഷിക്കുകയായിരുന്നു. പ്രോജക്ട് വർക്കിനിടെ പ്രതിയുടെ ഫോൺ കൈവശം കിട്ടിയ സഹപാഠിയായ വിദ്യാർഥിനിയാണ്, തന്റേതുൾപ്പെടെയുള്ള ചിത്രങ്ങൾ ഫോണിൽ കണ്ടത്. തുടർന്ന് വിദ്യാർഥികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കാമ്പസിലെ ഏഴ് വിദ്യാർഥിനികളുടെ പരാതിയിൽ കേസെടുത്തു. നിരവധി വിദ്യാർഥിനികളുടെ ചിത്രങ്ങൾ ഇത്തരത്തിൽ നഗ്നചിത്രങ്ങളോട് ചേർത്തുവെച്ചനിലയിൽ പ്രതിയുടെ ഫോണിൽനിന്ന് കണ്ടെത്തി. ലാപ്ടോപ്പിലെയും മൊബൈലിലെയും ആദ്യം തുറക്കുമ്പോഴുള്ള ഫോൾഡറിൽ വിദ്യാർഥിനികളുടെ യഥാർഥ ചിത്രങ്ങളാണ് സേവ് ചെയ്തിരുന്നത്. ഈ ചിത്രങ്ങൾത്തന്നെ അശ്ലീലചിത്രങ്ങളുമായി ചേർത്ത് രഹസ്യഫോൾഡറിലാണ് സൂക്ഷിച്ചിരുന്നത്. സഹപാഠികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഫോണിൽ സൂക്ഷിച്ചതിനാണ് കേസ്. പ്രതി ഈ ചിത്രങ്ങൾ മറ്റാർക്കും അയച്ചുകൊടുത്തിട്ടില്ലെന്നും ഫോണിൽ സൂക്ഷിക്കുകയായിരുന്നുവെന്നും പ്രാഥമികാന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൊബൈൽ ഫോണും ലാപ്ടോപ്പും പോലീസ് കസ്റ്റഡിയിലെടുത്തു.
കാക്കനാട്: തൃക്കാക്കര ഭാരതമാതാ കോളേജിലെ അധ്യാപികമാരുടെയും വിദ്യാർഥിനികളുടെയും ചിത്രങ്ങൾ പകർത്തി മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്. അറസ്റ്റിലായ കോളേജ് വിദ്യാർഥി അധ്യാപികമാരുടെ ചിത്രങ്ങളാണ് മോർഫ് ചെയ്ത് പ്രചരിപ്പിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തതായി തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
സംഭവത്തിൽ ഭാരതമാതാ കോളേജിലെ രണ്ടാം വർഷ ബി.ബി.എ. (ലജിസ്റ്റിക്സ്) വിദ്യാർഥിയും തിരുവനന്തപുരം കിളിമാനൂർ സ്വദേശിയുമായ എസ്. ശ്രീഹരിയെ അറസ്റ്റ് ചെയ്തിരുന്നു. കോളേജ് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബുധനാഴ്ചയാണ് പോലീസ് കേസെടുത്തത്.
സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് സംഘമായി പ്രവർത്തിച്ചിരുന്നതായി തെളിവ് ലഭിച്ചിട്ടില്ലെന്നും പ്രതിയുടെ മാനസിക വൈകൃതമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
വിദ്യാർഥിനികളുടെ ചിത്രങ്ങൾ ടെലഗ്രാമിൽ
വിദ്യാർഥിനികളുടെ സാധാരണ വസ്ത്രധാരണത്തിലുള്ള ചിത്രങ്ങളും വിഡിയോ ക്ലിപ്പുകളും പ്രതി മൊബൈൽ ഫോണിൽ പകർത്തിയ ശേഷം സൂം ചെയ്ത് എഡിറ്റ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകളിൽ പങ്കുവെച്ചതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ ചിത്രങ്ങളിൽ മോർഫിങ് നടത്തിയിട്ടില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. അതേസമയം, കോളേജിലെ അധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ക്ലോസ്ഡ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മറ്റുചില സ്ത്രീകളുടെ ചിത്രങ്ങളും സമാനമായി ദുരുപയോഗം ചെയ്തതായി പോലീസ് കണ്ടെത്തി.
ടെലഗ്രാം ഗ്രൂപ്പുകൾ പൂട്ടി; തെളിവുശേഖരണം വെല്ലുവിളി
കേസ് പുറത്തായതിന് പിന്നാലെ കുറ്റകൃത്യത്തിന് ഉപയോഗിച്ചിരുന്ന ടെലഗ്രാം ഗ്രൂപ്പുകൾ പൂർണമായി ഡിലീറ്റ് ചെയ്ത നിലയിലാണ്. ആളെ തിരിച്ചറിയുന്നത് ബുദ്ധിമുട്ടാക്കുന്ന ടെലഗ്രാമിന്റെ അനോണിമിറ്റി സംവിധാനമാണ് പ്രതി പ്രയോജനപ്പെടുത്തിയതെന്നാണ് പോലീസ് നിഗമനം. ടെലഗ്രാമിൽനിന്ന് വിവരങ്ങൾ വീണ്ടെടുക്കുന്നതിനും അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കുന്നതിനും പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.
പ്രതിയുടെ മൊബൈൽ ഫോണും ലാപ്ടോപ്പും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്കായി ഫൊറൻസിക് ലാബിലേക്ക് അയയ്ക്കും. പ്രതി താമസിച്ചിരുന്ന മുറിയിലും പോലീസ് പരിശോധന നടത്തി.
പ്രതിയെ കസ്റ്റഡിയിൽ വാങ്ങും
പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി തിങ്കളാഴ്ച കസ്റ്റഡിയിൽ കിട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഡിജിറ്റൽ ഉപകരണങ്ങളിൽനിന്ന് കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനും ഡിലീറ്റ് ചെയ്ത ഗ്രൂപ്പുകളുടെയും ഉള്ളടക്കത്തിന്റെയും ഉറവിടം കണ്ടെത്തുന്നതിനും വിശദമായ ചോദ്യം ചെയ്യൽ ആവശ്യമാണ്. തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ സി.കെ. ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Published: 06 Sept 2026, 04:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented