ജാതിയധിഷ്ഠിത സംവരണത്തിനെതിരായി ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന വൻപ്രതിഷേധങ്ങൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സംവരണ വിഷയത്തിൽ തന്റെ നിലപാട് മാറ്റി എന്ന വാദത്തോടെ അദ്ദേഹം പ്രസംഗിക്കുന്നൊരു വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ‌ വൈറലാണ്.

To advertise here,

വീഡിയോയിൽ പറയുന്നത്: "പൊതുവിഭാഗത്തിലും പാവപ്പെട്ടവരുണ്ട്. ബ്രാഹ്മണ കുടുംബങ്ങളിൽ പാവപ്പെട്ടവരില്ലേ? ബനിയ കുടുംബങ്ങളിൽ പാവപ്പെട്ടവരില്ലേ? സമൂഹത്തിലെ ഉന്നത ജാതിക്കാർക്കിടയിൽ ദരിദ്രരില്ലേ? മുൻപ് ഉണ്ടായിരുന്നവർക്ക് ഇവരെക്കുറിച്ച് യാതൊരു ആശങ്കയുമില്ലായിരുന്നു. അവർക്കും സംവരണം ആവശ്യമാണ്."

"മോദിജിക്ക് എങ്ങനെയാണ് ഈ മനമ്മാറ്റം ഉണ്ടായത്?..." എന്ന വിവരണത്തോടെ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക്ക് നടത്തിയ പരിശോധനയിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.

അന്വേഷണം

2026 ഓഗസ്റ്റ് 21-നായിരുന്നു വിദ്യാർത്ഥികളും വീട്ടമ്മമാരും കർഷകരും ഉൾപ്പടെ സമൂഹത്തിന്‍റെ നാനാതുറയിൽപ്പെട്ടവരെ അണിനിരത്തി ഡൽഹി ജന്തർ മന്തറിൽ സംവരണവിരുദ്ധ പ്രതിഷേധമായ 'സംവരണം ഹട്ടാവോ ആന്ദോളൻ' (Reservation Hatao Andolan) നടന്നത്. ജാതി അടിസ്ഥാനമാക്കിയുള്ള സംവരണ സമ്പ്രദായത്തിൽ മാറ്റം വരുത്തണമെന്നും സാമ്പത്തിക നിലയ്ക്കും മെറിറ്റിനും മുൻഗണന നൽകണമെന്നുമാണ് പ്രതിഷേധക്കാർ ആവശ്യപ്പെട്ടത്. എന്നാൽ, ഈ പ്രതിഷേധത്തിന് ശേഷം പ്രധാനമന്ത്രി സംവരണ വിഷയത്തിൽ പുതിയ പ്രസ്താവനകൾ ഒന്നും നടത്തിയിട്ടില്ല.

പ്രചരിക്കുന്ന വീഡിയോയുടെ കീഫ്രെയിമുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തന്വേഷിച്ചു. ഇതേ പശ്ചാതലമുള്ള വീഡിയോ നരേന്ദ്ര മോദിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ 2024 മെയ് 24-ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 32 മിനിറ്റ് ദൈർഘ്യമുള്ള ഈ പ്രസംഗത്തിലെ 19:07 മിനുറ്റ് മുതൽ 19:35 വരെയുള്ള ഭാഗമാണ് ഇപ്പോൾ പ്രചരിക്കുന്നത്. ജനറൽ കാറ്റഗറിയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് തന്‍റെ സർക്കാർ നൽകിയ 10 ശതമാനം സാമ്പത്തിക സംവരണത്തെ (EWS Reservation) കുറിച്ചാണ് പ്രധാനമന്ത്രി പ്രസംഗത്തിൽ പറയുന്നത്. സംവരണകാര്യത്തിൽ, മുന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവരെ കോൺഗ്രസ് പാർട്ടി അവഗണിച്ചതായി അദ്ദേഹം തന്‍റെ പ്രസംഗത്തിൽ ആരോപിച്ചിരുന്നു.

ഇതിൽനിന്നു പ്രചരിക്കുന്ന വീഡിയോ ഇപ്പോഴത്തേതല്ല, മറിച്ച് രണ്ട് വർഷം മുൻപുള്ളതാണെന്ന് വ്യക്തമായി. 2024 ലോക്സഭ തിരഞ്ഞെടുപ്പ് വേളയിൽ മോദി നടത്തിയ പ്രസംഗത്തിൽനിന്നു ചെറിയൊരു ഭാഗം സന്ദർഭം വ്യക്തമാക്കാതെ അടർത്തിയെടുത്താണ് തെറ്റായി പ്രചരിപ്പിക്കുന്നത്.

വാസ്തവം

ഇത് വ്യാജപ്രചാരണമാണ്. 2024-ൽ മോദി നടത്തിയ പ്രസംഗത്തിൽ, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവർക്ക് 10% സംവരണം നൽകിയതിനെക്കുറിച്ച് (EWS) പറയുന്ന ഭാഗമാണ് 2026-ലെ സംവരണവിരുദ്ധ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹം നിലപാട് മാറ്റിയതായി എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നത്.