രാഹുൽ ഗാന്ധി സ്ത്രീകൾക്കെതിരായി വിവാദപരാമർശം നടത്തി എന്ന ആരോപണത്തോടെ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാണ്. 29 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, “80 ശതമാനം ബലാത്സംഗങ്ങൾക്കും കാരണം സ്ത്രീകളാണ്. ബലാത്സംഗങ്ങൾ നടക്കുന്നത് 'ഇന്ത്യ'യിലാണ് 'ഭാരത'ത്തിലല്ല. സ്ത്രീകൾ വീടുകളിൽ അടച്ചിരിക്കണം, അവർക്ക് ജോലി ചെയ്യാൻ സ്വാതന്ത്ര്യം നൽകരുത്” എന്ന് രാഹുൽ പറയുന്നതാണ്. എന്നാൽ, മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.

To advertise here,

https://www.facebook.com/share/r/1HX2PB8XAf/

അന്വേഷണം

പ്രചരിക്കുന്ന വീഡിയോയിൽനിന്നു കീഫ്രെമുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തന്വേഷിച്ചു. സമാന പശ്ചാത്തലത്തിലുള്ള ദൈർഘ്യമേറിയ മറ്റൊരു വീഡിയോ ലഭിച്ചു. പൂനെയിൽവെച്ച് നടന്ന 'ഛാത്രോം കി ഗൂഞ്ച്' (Chhatron Ki Goonj) എന്ന പരിപാടിയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങളാണിത്. ഒരു മണിക്കൂറോളം ദൈർഘ്യമുള്ള വീഡിയോയിലെവിടെയും അദ്ദേഹം പ്രചരിക്കുന്ന വീഡിയോയിൽ ഉള്ളതുപോലെ സ്ത്രീകൾക്കെതിരായി യാതൊരു പരാമർശവും നടത്തിയിട്ടില്ല.

യഥാർത്ഥത്തിൽ സ്ത്രീവിരുദ്ധമായ ചിന്താഗതികളോട് തങ്ങൾ പോരാടുകയാണെന്നും സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യമായ ബഹുമാനവും സ്വാതന്ത്ര്യവും ലഭിക്കുന്ന ഒരു ഇന്ത്യയാണ് തങ്ങൾക്ക് വേണ്ടതെന്നുമാണ് രാഹുൽ ഗാന്ധി പ്രസംഗത്തിൽ പറഞ്ഞത്.

ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് 2013ലും ഹരിയാന മുൻ മുഖ്യമന്ത്രിയും നിലവിൽ കേന്ദ്രമന്ത്രിയുമായ മനോഹർ ലാൽ ഖട്ടർ 2018-ലും നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനകളെ രാഹുൽ ഗാന്ധി തന്‍റെ പ്രസംഗത്തിൽ ഉദ്ധരിച്ചിരുന്നു. അവർ നടത്തിയ പരാമർശങ്ങളെ കടുത്ത ഭാഷയിൽ വിമർശിക്കുകയാണ് രാഹുൽ ഗാന്ധി ചെയ്തത്. എന്നാൽ, അദ്ദേഹം ഭാഗവതും ഘട്ടറും മുൻപ് പറഞ്ഞ കാര്യങ്ങൾ ഉദ്ധരിച്ച ഭാഗം മാത്രം വീഡിയോയിൽനിന്ന് അടർത്തിയെടുത്താണ് സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തി എന്ന വാദത്തോടെ തെറ്റായി പ്രചരിപ്പിക്കുകയാണ്.

വാസ്തവം

ഇത് വ്യാജപ്രചാരണമാണ്. ബിജെപി- ആർഎസ്എസ് നേതാക്കൾ മുൻപ് നടത്തിയ പ്രസ്താവനകളെ രാഹുൽ പ്രസംഗത്തിൽ ഉദ്ധരിച്ച ഭാഗം മാത്രം അടർത്തിയെടുത്താണ് തെറ്റായി പ്രചരിപ്പിക്കുന്നത്.