കൽപ്പറ്റ പട്ടണത്തെ ഇളക്കിമറിച്ചു കൊണ്ടായിരുന്നു ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിന് രാഹുൽ ഗാന്ധിയുടെ റോഡ് ഷോ നടന്നത്. വയനാട് ലോക്സഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയായ രാഹുൽ ഗാന്ധിയുടെ നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് മുന്നോടിയായിട്ടായിരുന്നു ഈ റോഡ് ഷോ.
കേരളത്തിലെ യു.ഡി.എഫ്. അണികൾക്കിടയിൽ ആവേശം നിറച്ച ഈ പരിപാടി ചില വിവാദങ്ങൾക്കും കാരണാമായി മാറി. കോൺഗ്രസ്സിന്റെയും അവരുടെ സഖ്യകക്ഷിയായ മുസ്ലിം ലീഗിന്റെയും കൊടികൾ റോഡ് ഷോയ്ക്ക് ഉപയോഗിക്കാതിരുന്നതാണ് ഇതിനു കാരണം. 2019 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് വയനാട്ടിൽ നടത്തിയ റോഡ് ഷോയിൽ മുസ്ലിം ലീഗിന്റെ പതാകകളും കോൺഗ്രസ് പതാകകൾക്കൊപ്പം ഉപയോഗിച്ചിരുന്നു. എന്നാൽ, രാഹുലിന്റെ റോഡ്ഷോയിൽ പാകിസ്താന്റെ പതാക ഉപയോഗിച്ചു എന്ന തരത്തിൽ ലീഗ് കൊടിയുടെ ചിത്രങ്ങൾ ഉപയോഗിച്ച് ഉത്തരേന്ത്യയിൽ വ്യാപക പ്രചാരണങ്ങൾ നടന്നു.
തുടർന്ന് 2021-ൽ നടന്ന അസംബ്ലി തിരഞ്ഞെടുപ്പിനിടെയുള്ള രാഹുലിന്റെ റോഡ് ഷോയിൽ ലീഗിന്റെ പതാക ഉപയോഗിക്കാതിരുന്നത് മറ്റൊരു വിവാദത്തിനു തിരികൊളുത്തി. സംഘപരിവാറിനെ ഭയന്ന കോൺഗ്രസ് ലീഗ് പതാകയ്ക്ക് വിലക്കേർപ്പെടുത്തിയെന്നായിരുന്നു അന്നത്തെ ആക്ഷേപം. എന്നാൽ, ഇത്തവണ കോൺഗ്രസിന്റേത് ഉൾപ്പടെയുള്ള ഒരു പതാകകളും റോഡ് ഷോയ്ക്ക് ഉപയോഗിച്ചില്ല. ഈ നടപടിയും വിവാദങ്ങൾക്ക് അറുതി വരുത്തിയില്ല. മറിച്ച്, എതിർകക്ഷികളുടെ ആക്ഷേപത്തിന് കാരണമായി മാറുകയും ചെയ്തു.
ഈ അവസരത്തിലാണ്, മുസ്ലിം ലീഗ് നേതാവും എം.എൽ.എയുമായ പി.കെ. കുഞ്ഞാലിക്കുട്ടിയെ റോഡ് ഷോയിൽനിന്ന് ഇറക്കിവിട്ടു എന്ന അവകാശവാദത്തോടെ ഒരു വീഡിയോ പ്രചരിക്കുന്നത്. രാഹുൽ ഗാന്ധിയും മറ്റു നേതാക്കളും സഞ്ചരിച്ച തുറന്ന പ്രചാരണ വാഹനത്തിൽനിന്നു കുഞ്ഞാലിക്കുട്ടിയെ ഏതാനും പേർ താഴേക്ക് പിടിച്ചിറക്കുന്നതിന്റേതാണ് വീഡിയോ. എന്താണ് ഇതിലെ വാസ്തവമെന്ന് പരിശോധിക്കുന്നു.
അന്വേഷണം
രാഹുൽ ഗാന്ധിയുടെ പ്രചാരണ വാഹനത്തിൽനിന്ന് കുഞ്ഞാലിക്കുട്ടിയെ ഏതാനും പേർ ചേർന്ന് പിടിച്ചിറക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. രാഹുൽ ഗാന്ധി, ചാണ്ടി ഉമ്മൻ, ടി.സിദ്ധിഖ് എന്നിവരും കുഞ്ഞാലിക്കുട്ടിയെ വാഹനത്തിൽനിന്ന് ഇറങ്ങാൻ സഹായിക്കുന്നുണ്ട്. അദ്ദേഹത്തെ വാഹനത്തിൽനിന്ന് ഇറക്കിവിടുകയായിരുന്നു എന്ന് വീഡിയോ കണ്ടാൽ തോന്നില്ല. മാത്രമല്ല, അദ്ദേഹം വളരെ ക്ഷീണിതനാണെന്നും ശ്രദ്ധിച്ചാൽ മനസ്സിലാകും.
പരിശോധനയിൽ, 'സാഹിബ് കേരള' എന്ന ഇൻസ്റ്റാഗ്രാം പേജിൽനിന്ന് ഇതേ സംഭവത്തിന്റെ മറ്റൊരു വീഡിയോ ലഭിച്ചു. 'നോമ്പും ഒപ്പം പൊരിവെയിലിലും അൽപം തളർച്ചയനുഭവപ്പെട്ട കുഞ്ഞാലിക്കുട്ടി സാഹിബിനോട് രാഹുൽ ഗാന്ധിയടക്കമുള്ള നേതൃത്വത്തിൻറെ കരുതൽ' എന്ന വിവരണത്തോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

തുടർന്നുള്ള അന്വേഷണത്തിൽ, 'വി വൺ മലയാളം' എന്ന ഓൺലൈൻ മാധ്യമത്തിന്റെ യൂട്യൂബ് ചാനലിൽ ഇതേ വീഡിയോ കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോയുടെ ഏറ്റവും മുകളിൽ, വലത്തേ അറ്റത്തായി ഒരു ലോഗോ കാണാൻ സാധിക്കും. അത് വി വൺ മലയാളത്തിന്റെതാണ്. അങ്ങനെ പ്രചരിക്കുന്ന വീഡിയോ ഈ ഓൺലൈൻ മാധ്യമത്തിന്റെ വീഡിയോയിൽ നിന്നുള്ളതാണ് എന്ന് വ്യക്തമായി.
'രാഹുൽ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടയിൽ ഉന്തും തള്ളും, കുഞ്ഞാലിക്കുട്ടിക്ക് ദേഹാസ്വാസ്ഥ്യം' എന്നാണ് വീഡിയോയുടെ തലക്കെട്ട്. റോഡ് ഷോയ്ക്കൊപ്പം നടന്ന് ചിത്രീകരിച്ച 9:22 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുടെ 3:45 മിനിറ്റ് മുതലാണ് കുഞ്ഞാലിക്കുട്ടിയെ പ്രചാരണ വാഹനത്തിൽനിന്നു താഴെയിറക്കുന്ന ഭാഗമുള്ളത്. വാഹനത്തിൽ നിന്നിറങ്ങിയ അദ്ദേഹം ഒരു കാറിൽ കയറുന്നതും ആ കാർ പ്രചാരണ വാഹനത്തിന്റെ പുറകിലായി പോകുന്നതും തുടർന്ന് കാണാം.
2024 ഏപ്രിൽ നാലിന് പ്രസിദ്ധീകരിച്ച മാതൃഭൂമി ദിനപ്പത്രത്തിൽ രാഹുൽ ഗാന്ധിയുടെ റോഡ് ഷോയുടെ ചിത്രം നൽകിയിട്ടുണ്ട്. അതിൽ പ്രചാരണ വാഹനത്തിന്റെ ഏറ്റവും മുന്നിൽ രാഹുൽ ഗാന്ധിക്കൊപ്പമായിരുന്നു കുഞ്ഞാലിക്കുട്ടി ഉണ്ടായിരുന്നത്. ഇദ്ദേഹത്തെ കൂടാതെ, ലീഗ് നേതാവ് അബ്ബാസലി ശിഹാബ് തങ്ങളും കൂടെയുണ്ടായിരുന്നു. ഈ റോഡ്ഷോയെ കുറിച്ച് വിവിധ വാർത്താ ചാനലുകൾ നൽകിയ വാർത്തകളും പരിശോധിച്ചു. അവയിൽ കുഞ്ഞാലിക്കുട്ടി പ്രചാരണ വാഹനത്തിൽനിന്ന് ഇറങ്ങുന്ന ദൃശ്യങ്ങൾ നൽകിയിട്ടുണ്ട്. അദ്ദേഹം ഇറങ്ങിയ ശേഷവും അബ്ബാസലി ശിഹാബ് തങ്ങൾ വാഹനത്തിൽ തന്നെയുണ്ടായിരുന്നു.

വാസ്തവം
വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ പ്രചാരണ വാഹനത്തിൽനിന്നു മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ ഇറക്കിവിട്ടു എന്ന പ്രചാരണം വ്യാജമാണ്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുഞ്ഞാലിക്കുട്ടിയെ പ്രചാരണ വാഹനത്തിൽനിന്ന് ഇറങ്ങാൻ സഹായിക്കുന്ന വീഡിയോയാണ് തെറ്റായി പ്രചരിക്കുന്നത്. പ്രചാരണ വാഹനത്തിൽ നിന്നിറങ്ങിയ അദ്ദേഹം ഒരു കാറിൽ റാലിയ്ക്കൊപ്പം ഉണ്ടായിരുന്നു.
Content Highlights: The video shows Kunhalikutty being pulled down by a few people
Published: 08 Apr 2024, 03:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented