സിപിഎം രാജ്യസഭാ എം.പി എ.എ. റഹീമിന്റെ അടുത്ത ബന്ധു എംഡിഎംഎയുമായി പോലീസ് പിടിയിലായി എന്ന വാദത്തോടെ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. തൊടുപുഴയിലെ ഡിവൈഎഫ്ഐ നേതാവും റഹീമിന്റെ സഹോദരിയുടെ മകനുമായ ഷിയാസാണ് പിടിയിലായത് എന്നാണ് പോസ്റ്റിലെ അവകാശവാദം. ഇതിന്റെ യാഥാർത്ഥ്യം അന്വേഷിച്ച് പലരും മാതൃഭൂമി ഫാക്ട് ചെക്കുമായി ബന്ധപ്പെട്ടു. ഞങ്ങൾ നടത്തിയ പരിശോധനയിൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി.
വൈറൽ പോസ്റ്ററിൽ റഹീമിനൊപ്പം നൽകിയിരിക്കുന്ന ചിത്രം ഡിവൈഎഫ്ഐ തൊടുപുഴ തെക്കുംഭാഗം മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായിരുന്ന ടി.എം. ഷിയാസിൻറേതാണ്. കഴിഞ്ഞ ഓഗസ്റ്റ് 19-ന് ഇയാൾ ഉൾപ്പടെ നാലുപേരെ തൊടുപുഴ പോലീസ് ലഹരി വസ്തുക്കളുമായി പിടികൂടിയിരുന്നു. ഷിയാസിനെ കൂടാതെ ആഷിഖ്, നിഹാൻ, ആർഷിത് എന്നിവരാണ് അറസ്റ്റിലായത്. ഓട്ടോറിക്ഷയിലും കാറിലുമായി സഞ്ചരിക്കുകയായിരുന്ന ഇവരുടെ പക്കൽനിന്ന് 19 ഗ്രാം എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായിരുന്നു അന്ന് പോലീസ് പിടിച്ചെടുത്തത്.
ഈ സംഭവം നടന്നതിന് തൊട്ടുപിറകെ പിടിയിലായ ഷിയാസ് എ.എ. റഹീം എംപിയുടെ സഹോദരീ പുത്രനാണ് എന്ന വാദത്തോടെ കോൺഗ്രസ്, മുസ്ലീം ലീഗ് അനുകൂല ഹാൻറിലുകൾ ഈ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ട്.
ഇതിനെതിരെ എ.എ റഹീമും രംഗത്ത് വന്നിരുന്നു. ഈ വ്യാജ പ്രചരണത്തിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നാണ് അദ്ദേഹം ഓഗ്സ്റ്റ് 19-ന് ഫേസ്ബുക്കിൽ കുറിച്ചത്.
പോസ്റ്റിൽ പറയുന്നത്-
ഈ വ്യാജ പ്രചരണത്തിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും.ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.
രാഷ്ട്രീയ എതിരാളികളെ നേരിടാൻ രാഷ്ട്രീയമായ വഴികൾ തേടാതെ, ഇത്തരം സങ്കുചിതമായ നുണപ്രചാരണങ്ങളും വ്യാജ വാർത്തകളും ചമയ്ക്കുന്നത് ശുദ്ധ അസംബന്ധവും ഭീരുത്വവുമാണ്.
സമൂഹത്തിൽ സ്പർദ്ധയും സംഘർഷങ്ങളും ഉണ്ടാക്കാൻ ശ്രമിക്കുന്ന ഇത്തരം സൈബർ ക്രിമിനൽ നീക്കങ്ങൾ സമൂഹത്തിന് തന്നെ വലിയ ഭീഷണിയാണ്.
ഈ വ്യാജ പ്രചാരണങ്ങൾക്കും വ്യക്തിഹത്യയ്ക്കുമെതിരെ IT Act (Sections 66C, 66D) പ്രകാരവും, BNS നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരവും കർശന നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഞാൻ ബഹുമാനപ്പെട്ട ആഭ്യന്തര വകുപ്പ് മന്ത്രി, സംസ്ഥാന പോലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.
വ്യാജ കാർഡുകൾ നിർമ്മിച്ച് പ്രചരിപ്പിച്ച പ്രൊഫൈലുകൾക്ക് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ആവശ്യമായ എല്ലാ നിയമപരമായ നടപടികളും സ്വീകരിക്കുന്നതാണ്.
ലഹരിവസ്തുക്കളുമായി പിടിയിലായ ഷിയാസ് തന്റെ സഹോദരീ പുത്രനാണെന്ന പ്രചാരണം വ്യാജമാണെന്നും വ്യക്തിഹത്യ നടത്തുക എന്ന ഉദ്ദേശത്തോടെയുള്ള പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിച്ചതായും എ.എ. റഹീം വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: Social media claims that a DYFI leader arrested in an MDMA case is CPM MP AA Rahim's nephew., Fact check confirms the viral claim is completely false and misleading., AA Rahim has filed a formal police complaint and initiated legal action against the cyber propaganda.
Published: 15 Oct 2026, 11:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented