വലിയ പ്രതിപക്ഷ പ്രതിഷേധത്തിനിടെയായിരുന്നു 'വഖഫ് നിയമ ഭേദഗതി ബിൽ' ന്യൂനപക്ഷ, പാർലിമെന്ററി കാര്യമന്ത്രി കിരൺ റിജിജു ലോക്സഭയിൽ അവതരിപ്പിച്ചത്. ഭരണഘടനയ്ക്ക് മേലുള്ള ആക്രമണമാണിതെന്ന വിമർശം പ്രതിപക്ഷാംഗങ്ങൾ ഉയർത്തി.
ബില്ലുമായി ബന്ധപ്പെട്ട ചർച്ചയിൽ കേന്ദ്രമന്ത്രി കിരൺ റിജിജു മറുപടി നൽകുന്നതിനിടെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉറങ്ങിയെന്നും തുടർന്ന് ഭരണപക്ഷാംഗങ്ങൾ ഒന്നടങ്കം അദ്ദേഹത്തെ കളിയാക്കിയെന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രാഹുലിനെ വ്യക്തിപരമായി കടന്നാക്രമിക്കുന്ന തരത്തിലാണ് സന്ദേശങ്ങൾ പ്രചരിക്കുന്നത്. ഇതിലെ വാസ്തവം പരിശോധിക്കാം
അന്വേഷണം
ഓഗസ്റ്റ് എട്ടിനായിരുന്നു കേന്ദ്രമന്ത്രി കിരൺ റിജിജു 'വഖഫ് നിയമഭേദഗതി ബിൽ 2024' ലോക്സഭയിൽ അവതരപ്പിച്ചത്. അന്നത്തെ സഭാ നടപടിക്രമങ്ങളുടെ വീഡിയോ പരിശോധിച്ചു. ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐയുടെ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച വീഡിയോയിൽ നാലു മണിക്കൂർ ഒരു മിനുറ്റ് കഴിഞ്ഞാണ്(4:01: 8) പ്രതിപക്ഷാംഗം സഭയിൽ ഉറങ്ങിയതിനെ കേന്ദ്രമന്ത്രിമാർ ഉൾപ്പടെ ഭരണപക്ഷാംഗങ്ങൾ കളിയാക്കുന്ന ഭാഗം വരുന്നത്.
വഖഫ് നിയമ ഭേദഗതി ബിൽ ചർച്ചക്ക് കേന്ദ്രമന്ത്രി കിരൺ റിജിജു മറുപടി നൽകുന്നതിനിടെ ആയിരുന്നു ഇത്. റിജിജു പറഞ്ഞ് തുടങ്ങിയത് ഇപ്രകാരമായിരുന്നു- 'ഇപ്പോൾ ദാദാ ചോദിച്ചിരുന്നു എൻറെ മണ്ഡലത്തിൽ ഇസ്ലാം മതസ്തർ ഉണ്ടോയെന്ന്, എൻറെ മണ്ഡലത്തിൽ ഒരുപാട് മുസ്ലീം വോട്ടർമാരുണ്ട്'. ഉടൻ, ബിജെപി എം.പിയും കേന്ദ്രമനന്ത്രിയുമായ ഗിരിരാജ് സിംഗ് ഇടപെട്ട് 'ഉറങ്ങിപ്പോയെന്ന്' കൈചൂണ്ടി പറയുന്നു. തുടർന്ന് ഭരണപക്ഷാംഗങ്ങൾ ഇതേറ്റ് പിടിച്ച് കളിയാക്കുകയും 'ദാദാ എഴുന്നേൽക്കൂ' എന്ന് പറയുകയും ചെയ്യുന്നു.
'ഇതുകൊണ്ടാണ് ദാദാ എപ്പോഴും സംസാരിക്കരുത് ഉറക്കം വരുമെന്ന് ഞാൻ നിങ്ങളോട് പറഞ്ഞതെന്ന് റിജിജു പരിഹാസരൂപേണ ഓർമിപ്പിക്കുന്നു. തുടർന്ന്, ഒരു പടികൂടി കടന്ന് 'താങ്കൾ രാത്രി എന്ത് ചെയ്യുകയായിരുന്നു എന്ന് ഞാൻ ചോദിക്കുന്നില്ല' എന്ന അദ്ദേഹത്തിന്റെ പരാമർശത്തെ ഭരണപക്ഷം കൂട്ടച്ചിരിയോടെ പിന്തുണച്ചപ്പോൾ പ്രതിപക്ഷം പ്രതിഷേധസ്വരം ഉയർത്തുന്നുണ്ട്.
ഇത്രയും ഭാഗമാണ് രാഹുൽ ഗാന്ധിക്കെതിരായി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മേൽപ്പറഞ്ഞ ഭാഗത്ത് കേന്ദ്രമന്ത്രിയും എം.പിമാരും അവർ കളിയാക്കുന്ന വ്യക്തിയെ 'ദാദാ' എന്ന് അഭിസംബോധന ചെയ്യുന്നുണ്ട്. ലോക്സഭാ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയെ ഇത്തരത്തിൽ അഭിസംബോധന ചെയ്യില്ല. സാധാരണ ബംഗാളിൽ മുതിർന്ന പുരുഷന്മാരെ ദാദാ എന്ന് വിളിക്കും. ഒരുപക്ഷേ, ബംഗാളിൽ നിന്നുള്ള മുതിർന്ന ലോക്സഭാംഗമാകാം ഉറങ്ങിപ്പോയതെന്ന അനുമാനത്തിൽ പരിശോധന തുടർന്നു.
വഖഫ് ബിൽ അവതരണ ദിവസം ലോക്സഭയിലുണ്ടായിരുന്ന മാതൃഭൂമി പത്രത്തിന്റെ ഡൽഹി ബ്യൂറോ ചീഫ് മനോജ് മേനോനുമായി ബന്ധപ്പെട്ടു. തൃണമൂൽ കോൺഗ്രസിന്റെ (ടി.എം.സി) മുതിർന്ന അംഗം പ്രൊഫ. സൗഗത റോയിയാണ് ചർച്ചയ്ക്കിടെ ഉറങ്ങിപ്പോയതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങാണ് ഭരണപക്ഷത്തിരുന്ന് ഇത് വിളിച്ച് പറഞ്ഞത്. ഉടൻ തന്നെ സൗഗതയ്ക്ക് സമീപത്തിരുന്ന മറ്റ് ടി.എം.സി എം.പിമാർ അദ്ദേഹത്തെ ഉണർത്തുകയും ഭരണപക്ഷത്ത് ഇത് കൂട്ടപ്പരിഹാസച്ചിരി ഉയർത്തുകയും ചെയ്തു. എന്നാൽ, സൗഗത ഇതിനോട് പ്രതികരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിൽനിന്നു വഖഫ് ഭേദഗതി ചർച്ചക്കിടെ ഉറങ്ങിപ്പോയതിന് ഭരണപക്ഷാംഗങ്ങൾ കളിയാക്കിയത് രാഹുൽ ഗാന്ധിയെയല്ല എന്ന് വ്യക്തമായി.
വാസ്തവം
രാഹുൽ ഗാന്ധിക്കെതിരായ ഈ പ്രചാരണം വ്യാജമാണ്. ടി.എം.സി എം.പി സൗഗത റോയിയാണ് വഖഫ് നിയമ ഭേദഗതി ബിൽ ചർച്ചയിൽ കേന്ദ്രമന്ത്രി മറുപടി നൽകുന്നതിനിടെ ഉറങ്ങിപ്പോയത്.
Content Highlights: Rahul Gandhi being attacked personally alleging that he was sleep while discussing waqf bill
Published: 13 Aug 2024, 10:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented