ഉത്തർപ്രദേശിലെ നോയിഡയിൽ ശമ്പളവർധനവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും ആവശ്യപ്പെട്ടായിരുന്നു തൊഴിലാളികൾ പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധം ആക്രമാസക്തമായതിനെ തുടർന്ന് പോലീസും തൊഴിലാളികളും ഏറ്റുമുട്ടുകയും കല്ലേറുണ്ടാവുകയും ചെയ്തു. നോയിഡ സെക്ടർ 80-ൽ ചൊവ്വാഴ്ചയുംപ്രതിഷേധം തുടർന്നിരുന്നു.

To advertise here,

ഇതിനിടെ “നോയിഡയിൽ ആയിരക്കണക്കിന് ജെൻസീ പ്രതിഷേധക്കാർ തെരുവിലിറങ്ങി. അവർക്ക് നേരെ ഉത്തർപ്രദേശ് പോലീസ് നടത്തിയ വെടിവെപ്പിൽ 14 പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു” എന്ന അവകാശവാദത്തോടെ നാല് ദൃശ്യങ്ങൾ അടങ്ങിയ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. വാഹനങ്ങൾ അഗ്നിക്കിരയാക്കിയതിന്റെയും കല്ലെറ് നടത്തുന്നതിന്റെയും ദൃശ്യങ്ങളാണിതിൽ.

ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക്ക് നടത്തിയ പരിശോധനയിൽ കണ്ടെത്തി.

അന്വേഷണം

ഏപ്രിൽ 13ന് നോയിഡയിലെ വിവിധ ഫാക്ടറികളിൽ നിന്നായി നൂറുകണക്കിന് തൊഴിലാളികളായിരുന്നു ശമ്പളവർധനവ് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയത്. പ്രതിഷേധം അക്രമാസക്തമായതിനെത്തുടർന്ന് പോലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. എന്നാൽ, പ്രതിഷേധക്കാർക്ക് നേരെ വെടിവെപ്പ് നടന്നതായി റിപ്പോർട്ടുകളൊന്നുമില്ല.

വീഡിയോ 1

പ്രചരിക്കുന്ന വീഡിയോയുടെ കീഫ്രെയിമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ ഇതേ ദൃശ്യങ്ങൾ അടങ്ങിയ ഒരു വാർത്ത കണ്ടെത്തി.

"നോയിഡയിലെ അക്രമങ്ങളിൽ 3,000 കോടി രൂപയുടെ നഷ്ടം; 10,000 വാഹനങ്ങൾ ആക്രമിക്കപ്പെട്ടു” എന്ന തലക്കെട്ടോടെ ഏപ്രിൽ 14-ന് ഹിന്ദി വാർത്താമാധ്യമമായ ജാഗരൺ പ്രസിദ്ധീക്കരിച്ച വാർത്തയാണിത്. തൊഴിലാളി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളിൽ അഞ്ഞൂറിലധികം ഫാക്ടറികൾ ആക്രമിക്കപ്പെടുകയും പതിനായിരക്കണക്കിന് വാഹനങ്ങൾ തകർക്കപ്പെട്ടതായുമാണ് വാർത്തയിൽ പറയുന്നത്.

नोएडा में बवाल की भारी कीमत: औद्योगिक इकाइयों के 3 हजार करोड़ स्वाहा, 10000 वाहन भी बने निशाना - noida protest 3000 cr loss 11000 industrial units affected

വീഡിയോ - 2

ഈ ദൃശ്യങ്ങളിൽ ദേശീയ വാർത്താ ഏജൻസിയായ എഎൻഐയുടെ ലോഗോ കാണാം. തുടർന്ന് എഎൻഐ ഇത്തരത്തിൽ ഒരു വീഡിയോ പങ്കുവച്ചിരുന്നോ എന്ന് പരിശോധിച്ചു. ഇവരുടെ എക്സ് പേജിൽ 2026 ഏപ്രിൽ 13-ന് പങ്കുവച്ച ഒരു പോസ്റ്റ് കണ്ടെത്തി. നോയിഡ ഫേസ്-2 ൽ ചിലയിടങ്ങളിൽ തൊഴിലാളി പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് സംഘർഷം നിയന്ത്രണവിധേയമാക്കാൻ സ്ഥലത്ത് വൻ പോലീസ് സന്നാഹം ഏർപ്പെടുത്തിയതായാണ് പോസ്റ്റിൽ പറയുന്നത്. നോയിഡയിൽ വെടിവെപ്പ് നടന്നതായി എഎൻഐ റിപ്പോർട്ട് ചെയ്തിട്ടില്ല.

വീഡിയാേ 3

ഈ ദൃശ്യങ്ങളും നോയിഡയിൽ നടന്ന തൊഴിലാളി പ്രതിഷേധത്തിന്റേത് തന്നെയാണ്. ഹിന്ദി വാർത്താമാധ്യമമായ ജാഗരൺ ഏപ്രിൽ 13ന് പ്രസിദ്ധീക്കരിച്ച വാർത്തയിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ നൽകിയിരുന്നു.

പ്രതിഷേധത്തെത്തുടർന്ന് സെക്ടർ-62 മുതൽ എൻ.എച്ച്-9 വരെ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതിനെ കുറിച്ചാണ് വാർത്ത.

വീഡിയോ-4

ഈ ദൃശ്യങ്ങളും നോയിഡയിൽ നടന്ന തൊഴിലാളി പ്രതിഷേധവുമായി ബന്ധപ്പെട്ടതന്നെയാണ്. എന്നാൽ പ്രചരിക്കുന്ന സന്ദേശത്തിൽ അവകാശപ്പെടുന്നതുപോലെ ഇത് ജെൻസീ പ്രക്ഷോഭമോ, പ്രതിഷേധക്കാർക്ക് നേരെ പോലീസ് വെടിവെപ്പോ ഉണ്ടായിട്ടില്ല.

വാസ്തവം

ശമ്പളവർധനവ് ആവശ്യപ്പെട്ട് നോയിഡയിൽ തൊഴിലാളികൾ നടത്തിയ പ്രതിഷേധത്തിന്റെ ദൃശ്യങ്ങളാണ് ജെൻസീ പ്രക്ഷോഭം എന്ന പേരിൽ പ്രചരിപ്പിക്കുന്നത്. പ്രക്ഷോഭകർക്ക് നേരെ പോലീസ് വെടിവെപ്പ് നടത്തി, 14 പേർ കൊല്ലപ്പെട്ടു എന്ന വാദവും തെറ്റാണ്.