വീട് വാടകയ്ക്ക് നൽകുന്നതിന് മുൻപ് വാടകക്കാർ സ്വന്തം സ്ഥലത്തെ പോലീസ് സ്റ്റേഷനിൽനിന്ന് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് തെളിയിക്കുന്ന പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വാദത്തോടെ ഒരു പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പോലീസിലും പഞ്ചായത്തിലും അറിയിക്കാതെ വാടകയ്ക്ക് നൽകുന്ന വീടുകളിൽ കുറ്റകൃത്യങ്ങൾ നടന്നാൽ വീട്ടുടമസ്ഥനും പ്രതിയാകും എന്നാണ് പോസ്റ്ററിലെ മുന്നറിയിപ്പ്. ഇതിലെ യാഥാർത്ഥ്യം അന്വേഷിച്ച് ഒട്ടേറെപ്പേർ മാതൃഭൂമി ഫാക്ട് ചെക്ക് ടിപ് ലൈനുമായി ബന്ധപ്പെട്ടു. അന്വേഷണത്തിൽ പ്രചാരണം തെറ്റിദ്ധരപ്പിക്കുന്നതാണെന്ന് കണ്ടെത്തി.
സംസ്ഥാനത്ത് വീടോ കെട്ടിടങ്ങളോ വാടകയ്ക്ക് നൽകുന്നതിനുമുമ്പ് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാണെന്ന് വ്യക്തമാക്കിക്കൊണ്ട് സർക്കാർ ഉത്തരവൊന്നും ഇറക്കിയിട്ടില്ല. അതേസമയം, എറണാകുളം റൂറൽ പോലീസ് ഇങ്ങനെ ഒരു നിർദേശം നൽകിയിരുന്നതായി 2025 ഫെബ്രുവരിയിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പ്രദേശത്ത് വ്യാജരേഖകളുമായി എത്തുന്ന അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനുള്ള പോലീസിന്റെ ശക്തമായ പരിശോധനകളുടെ ഭാഗമായിട്ടായിരുന്നു നടപടി. കെട്ടിട ഉടമകൾക്ക് കുറ്റകൃത്യങ്ങളിൽ പങ്കില്ല എന്ന് തെളിയിക്കുന്ന 'Non-Involvement in Offences ' സർട്ടിഫിക്കറ്റിനായി ഓൺലൈനായോ അല്ലെങ്കിൽ എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലോ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലോ അപേക്ഷിക്കാനായിരുന്നു നിർദേശം. ഇത് ഇതരസംസ്ഥാനക്കാർക്ക് മാത്രമല്ല, പ്രാദേശിക വാടകക്കാർക്കും ബാധകമാണെന്നായിരുന്നു അന്ന് എറണാകുളം റൂറൽ എസ് പി ആയിരുന്ന വൈഭവ് സക്‌സേന പറഞ്ഞത്.
വീടുകളോ കെട്ടിടങ്ങളോ വാടകയ്ക്ക് നൽകുമ്പോൾ വാടകക്കാരുടെ വിവരങ്ങൾ സമീപത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് പോലീസ് നിർദേശിക്കാറുണ്ട്. എന്നാൽ, വാടകക്കാരൻ സ്വന്തം നാട്ടിലെ പോലീസ് സ്റ്റേഷനിൽ നിന്ന് "വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്" നിർബന്ധമായും വാങ്ങി നൽകണം എന്ന് നിബന്ധനയില്ല. പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നതുപോലെ പോലീസിനെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയോ അറിയിക്കാതെ കെട്ടിടം വാടകയ്ക്ക് നൽകി എന്നതിൻ്റെ പേരിൽ മാത്രം, വാടകക്കാരൻ ചെയ്യുന്ന കുറ്റകൃത്യത്തിൽ ഉടമസ്ഥനെ പ്രതിയാക്കാൻ നിയമപരമായി സാധിക്കില്ല. കുറ്റകൃത്യത്തിൽ വീട്ടുടമസ്ഥന് പങ്കാളിത്തമുണ്ടെങ്കിലോ, കുറ്റവാളിയാണെന്ന് അറിഞ്ഞുകൊണ്ട് ഒളിത്താവളമൊരുക്കി നൽകിയാലോ മാത്രമേ ഉടമയ്‌ക്കെതിരെ കേസെടുക്കാനാകൂ. അല്ലതെ, വെരിഫിക്കേഷൻ നടത്തിയില്ല എന്നതുകൊണ്ട് മാത്രം ഒരാൾ കേസിൽ പ്രതിയാകില്ല.
ഈ പ്രചാരണത്തിൽ പ്രതികരണം തേടി കേരള പോലീസ് മീഡിയ സെൻററുമായി ഫോണിൽ ബന്ധപ്പെട്ടു. കെട്ടിടം വാടകയ്ക്ക് നൽകാൻ വാടകക്കാരുടെ സ്വന്തം നാട്ടിലെ (ആധാറിലുള്ള മേൽവിലാസ പ്രകാരം) പോലീസ് സ്റ്റേഷനിൽനിന്നുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്. വീട് വാടകയ്ക്ക് നൽകുന്നതിന് മുൻപ് വാടകക്കാരുടെ തിരിച്ചറിയൽ രേഖകളും വിവരങ്ങളും പോലീസ് സ്റ്റേഷനിൽ സമർപ്പിക്കുന്നത് സുരക്ഷ മുൻനിർത്തി ചെയ്യാവുന്ന കാര്യമാണ്. അല്ലാതെ, ഇത് നിയമപരമായി നിർബന്ധമാക്കിയിട്ടില്ല. മറിച്ചുള്ള പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്.
Content Highlights: Viral claim about mandatory police verification for renting houses is misleading., No government order makes police verification compulsory across Kerala., Landlords are encouraged to submit tenant details to local police for safety, but it is not a strict legal mandate., Landlords are not automatically liable for tenant crimes unless complicit.
Published: 28 Sept 2026, 06:11 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented