മുർഷിദാബാദ്: പശ്ചിമ ബംഗാളിൽ ദിവസങ്ങളോളം കുളങ്ങളിൽ ചിലവഴിച്ച് പതിനാറുകാരൻ. മുർഷിദാബാദിൽ നിന്നുള്ള ഇഖ്ബാൽ ഷെയ്ഖ് എന്ന കുട്ടിയാണ് ബെൽഡംഗയിലെ വിവിധ കുളങ്ങളിലായി പകലും രാത്രിയും സമയം ചിലവഴിക്കുന്നത്. ഇഖ്ബാൽ, ചിലപ്പോൾ ഒരാഴ്ചയോളം തുടർച്ചയായി വെള്ളത്തിൽ തന്നെ കിടക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.

To advertise here,

കുളത്തിന് പുറത്തിറങ്ങിയാൽ തന്റെ ശരീരത്തിൽ കഠിനമായ പൊള്ളൽ അനുഭവപ്പെടുന്നുവെന്നാണ് ഇഖ്ബാൽ പറയുന്നത്. വെള്ളത്തിൽ കിടക്കുമ്പോൾ ഈ അസ്വസ്ഥതയ്ക്ക് ശമനമുണ്ടാകുന്നു. അദൃശ്യമായ ഏതെങ്കിലും ശക്തിയോ 'ജിന്നോ' മാലാഖയോ ആണ് ഇതിന് പിന്നിലെന്നാണ് ഇഖ്ബാൽ പറയുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.

ദിവസങ്ങളോളം വെള്ളത്തിൽ തുടരുന്നത് ഇഖ്ബാലിന്റെ ആരോഗ്യത്തെ മോശമായി ബാധിച്ചിട്ടുണ്ട്. കൈകാലുകളിലെ തൊലി വിളറിയ നിറത്തിലായതായും കഫക്കെട്ടും ജലദോഷവും പിടിപെട്ടതായും റിപ്പോർട്ടുണ്ട്. പ്രദേശത്തെ ബ്ലോക്ക് പ്രൈമറി ഹെൽത്ത് സെന്ററിൽ ചികിൽസ തേടിയെങ്കിലും ആവശ്യമായ സഹായം ലഭിച്ചില്ലെന്നാണ് പരാതി. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം സ്വകാര്യ ആശുപത്രിയിൽ ചികിൽസിക്കാനും കുടുംബത്തിന് സാധിച്ചിട്ടില്ല.

കുളത്തിൽ കഴിയുന്ന ഇഖ്ബാലിനെ കാണാൻ ദിവസവും നിരവധി ആളുകളും സ്കൂൾ കുട്ടികളും കുളത്തിന് ചുറ്റും തടിച്ചുകൂടുന്നുണ്ട്. ചിലർ അവന് ബിസ്കറ്റും അവിലും മറ്റും ഭക്ഷണമായി നൽകുന്നുമുണ്ട്. അവനെ വെള്ളത്തിൽ നിന്ന് കരയ്ക്ക് കയറ്റാൻ പലരും ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല. ഇഖ്ബാലിന് കൃത്യമായ വൈദ്യസഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഗ്രാമവാസികൾ.