പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വൻവിജയം നേടിയതിന് പിന്നാലെ സംസ്ഥാനത്ത് പല ഭാഗങ്ങളിലായി വ്യാപക അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കൂച്ച് ബെഹാർ, അസൻസോൾ, ഹൗറ എന്നിവിടങ്ങളിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) ഓഫീസുകൾ തകർത്തു.

To advertise here,

ഇതിനിടെ “ സിആർപിഎഫിന്റെ പിന്തുണയോടെ ബിജെപി പ്രവർത്തകർ മുഖ്യമന്ത്രി മമത ബാനർജിയുടെ വീടിനും ഓഫീസിനും തീയിട്ടു” എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് സമൂഹമാധ്യങ്ങളിൽ പ്രചരിക്കാൻ തുടങ്ങി. ഒരു വീട്ടിൽ തീപ്പിടുത്തം ഉണ്ടായതിന്‍റെയും കേന്ദ്ര സേന ലാത്തിച്ചാർജ് നടത്തുന്നതിന്‍റെയും ദൃശ്യങ്ങൾ ഇതിൽ കാണാം.

ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക്ക് നടത്തിയ പരിശോധനയിൽ കണ്ടെത്തി.

അന്വേഷണം
പശ്ചിമ ബംഗാളിൽ ആകെയുള്ള 294 നിയമസഭാ സീറ്റുകളിൽ 206 എണ്ണത്തിലും ബിജെപി വിജയിച്ചപ്പോൾ, തൃണമൂൽ കോൺഗ്രസിന് കേവലം 81 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. ബിജെപിയുടെ വിജയത്തിന് പിന്നാലെ പലയിടങ്ങളിലും സംഘർഷങ്ങൾ ഉണ്ടായെങ്കിലും, മമത ബാനർജിയുടെ വീടിനു നേരെ ആക്രമണം നടന്നതായി റിപ്പോർട്ടുകളൊന്നുമില്ല. മൂന്ന് വ്യത്യസ്ത ദൃശ്യങ്ങളാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്.

വീഡിയോ -1

പ്രചരിക്കുന്ന വീഡിയോയുടെ കീഫ്രെയിമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ ഇതേ ദൃശ്യങ്ങൾ അടങ്ങിയ ഒരു വാർത്ത കണ്ടെത്തി.2026 ജനുവരി 16-ന് “ബംഗ്ലാദേശിലെ ഭീകരത: ഹിന്ദു അധ്യാപകൻ്റെ വീട്ടിന് തീയിട്ടു” എന്ന തലക്കെട്ടൊടെ ദേശീയ മാധ്യമമായ ടൈംസ് നൗവ് പ്രസിദ്ധീക്കരിച്ച വാർത്തയാണിത്. ബംഗ്ലാദേശിലെ സിൽഹെറ്റ് ജില്ലയിൽ ന്യൂനപക്ഷങ്ങൾക്കെതിരെയുണ്ടായ അക്രമത്തിനിടെ ബിരേന്ദ്ര കുമാർ ഡേ എന്ന ഹിന്ദു അധ്യാപകന്റെ വീടിന് തീയിട്ടതിനെ പറ്റിയാണ് വാർത്തയിൽ പറയുന്നത്. ഇതിൽനിന്നു പ്രചരിക്കുന്ന ദൃശ്യങ്ങൾ പശ്ചിമ ബംഗാളിൽ നിന്നുള്ളതല്ല എന്ന് വ്യക്തമാണ്.

 

വീഡിയോ- 2

ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നതും കേന്ദ്രസേന ലാത്തിച്ചാർജ് നടത്തുന്നതുമാണ് ഈ ദൃശ്യങ്ങളിൽ. വീഡിയോയിൽ ദേശീയ വാർത്താ ഏജൻസിയായ എഎൻഐയുടെ ലോഗോ കാണാം. തുടർന്ന് എഎൻഐ ഇത്തരത്തിൽ ഒരു വീഡിയോ പങ്കുവച്ചിരുന്നോ എന്ന് പരിശോധിച്ചു. ഇവരുടെ എക്സ് പേജിൽ മെയ് 4-ന് പങ്കുവച്ച ഒരു പോസ്റ്റ് കണ്ടെത്തി. കൂച്ച് ബീഹാർ ജില്ലയിലെ ദിൻഹതയിൽ ബിജെപി-ടിഎംസി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയതായും തുടർന്ന് കേന്ദ്ര സേന ലാത്തിച്ചാർജ് നടത്തിയത്തിനെ കുറിച്ചുമാണ് വീഡിയോക്കൊപ്പമുളള വിവരണത്തിൽ പറയുന്നത്.

വീഡിയോ -3

ത്രിണമൂൽ കോൺഗ്രസിന്‍റെ പാർട്ടി ഓഫീസിനകത്തുനിന്നു തീയും പുകയും ഉയരുന്നതാണ് ദൃശ്യങ്ങളിൽ. പാർട്ടി പതാക സ്ഥാപിച്ചിരുന്ന കൊടിമരം തകർത്തതും മറ്റും ഇതിൽ കാണാം. വീഡിയോയുടെ കീഫ്രെയിമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ ഇതേ വീഡിയോയിൽ നിന്നുള്ള സ്ക്രീൻഷോട്ട് ഉൾപ്പെട്ട വാർത്ത ടൈംസ് നൗവിന്‍റെ സൈറ്റിൽ കഴിഞ്ഞ മെയ് 4-ന് പ്രസിദ്ധീകരിച്ചതായി കണ്ടു. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റം പ്രകടമായതോടെ ജാമുരിയയിലെ ടിഎംസി പാർട്ടി ഓഫീസ് തീയിട്ടതിനെ പറ്റിയാണ് ഈ വാർത്ത. അസൻസോൾ, ദിൻഹത എന്നിവിടങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പാർട്ടി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയതായും വാർത്തയിൽ പറയുന്നുണ്ട്.

വാസ്തവം
മമത ബാനർജിയുടെ വീടിന് തീയിട്ടു എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ ബംഗ്ലാദേശിൽ നിന്നുള്ളതാണ്. മറ്റു രണ്ട് വീഡിയോകളും തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം നടന്ന അക്രമ സംഭവങ്ങളുടേതാണ്.