കാഞ്ഞൂർ : തുറവുങ്കരയിൽ ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച ഓപ്പൺ ജിം കാടുകയറി നശിക്കുന്നു. പ്രദേശവാസികൾക്ക് വ്യായാമത്തിനും ആരോഗ്യസംരക്ഷണത്തിനുമായി പ്രയോജനപ്പെടേണ്ട പൊതുസൗകര്യമാണ് പരിപാലനമില്ലാതെ നശിക്കുന്നത്. തുറവുങ്കര, നായത്തോട് പ്രദേശങ്ങളിലെ നിരവധിയാളുകൾ ഓപ്പൺ ജിം ഉപയോഗിക്കുന്നുണ്ട്. സമീപത്തെ കോസ്റ്റ് ഗാർഡിലെ ഉദ്യോഗസ്ഥരും വ്യായാമത്തിനായി ഇവിടെയെത്താറുണ്ട്.
ശാരദാ മോഹൻ ജില്ലാ പഞ്ചായത്തംഗമായിരുന്നപ്പോഴാണ് ഓപ്പൺ ജിം സ്ഥാപിച്ചത്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നീക്കം ചെയ്ത ലോഡ് കണക്കിന് മണ്ണ് ഓപ്പൺ ജിമ്മിന് സമീപത്താണ് നിക്ഷേപിച്ചിട്ടുള്ളത്. മണ്ണ് നിക്ഷേപിച്ച പ്രദേശമുൾപ്പെടെ കാടുമൂടിക്കിടക്കുകയാണ്. ഇതോടെ ജിമ്മിന്റെ പരിസരം വൃത്തിഹീനമായ അവസ്ഥയിലുമായി.
കാടുപിടിച്ചയിടങ്ങളിൽ ഇഴജന്തുക്കളെ കാണുന്നതിനാൽ പേടിയോടെയാണ് പലരും വരുന്നത്. ഓപ്പൺ ജിമ്മിന്റെ പരിസരത്തെ കാടും പുല്ലും അടിയന്തരമായി വെട്ടിമാറ്റി സ്ഥലം വൃത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
പൈപ്പ് ലൈൻ ജോലികളുമായി ബന്ധപ്പെട്ട് നിക്ഷേപിച്ച മണ്ണും ഇവിടെനിന്നും നീക്കണം. ജിം പരിപാലനം ഉറപ്പാക്കുന്നതിന് വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. മുൻപ് ശ്രീമൂലനഗരം പഞ്ചായത്തിന്റെ ഭൂമിയിലായിരുന്നു ഓപ്പൺ ജിമ്മിരിക്കുന്ന പ്രദേശം. വിമാനത്താവളത്തിനായി റൺവേ നിർമിച്ചപ്പോൾ ഭൂമി മുറിഞ്ഞുപോയി. ഇപ്പോൾ കാഞ്ഞൂർ പഞ്ചായത്തിലെ തുറവുങ്കര വാർഡിന്റെ അതിർത്തിയാണ്.
പ്രദേശത്ത് വീടുകളൊന്നും ഇല്ല. ഇവിടെ കുറച്ചുസ്ഥലം വെറുതെ കിടക്കുന്ന സാഹചര്യം ഉണ്ടായപ്പോഴാണ് ഓപ്പൺ ജിം എന്ന ആശയം ഉണ്ടായതും ജില്ലാ പഞ്ചായത്തംഗം ശാരദാ മോഹൻ തുക അനുവദിച്ചതും. ഓപ്പൺ ജിം ആരംഭിക്കാനുള്ള പ്രാരംഭ സൗകര്യമെല്ലാം കാഞ്ഞൂർ പഞ്ചായത്താണ് ഒരുക്കി നൽകിയത്.
രേഖകളിൽ പ്രദേശം ശ്രീമൂലനഗരം പഞ്ചായത്തിലാണെന്ന സാങ്കേതിക പ്രശ്നം ഉള്ളതിനാലാണ് ജിം പരിപാലനത്തിൽ കാഞ്ഞൂർ പഞ്ചായത്തിന് ശ്രദ്ധയില്ലാതെ പോയത്.
ഇക്കാര്യത്തിൽ ഇരു പഞ്ചായത്തുകളും തമ്മിൽ ധാരണ ഉണ്ടാക്കി ഓപ്പൺ ജിം സംരക്ഷിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Published: 17 Oct 2026, 03:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented