ഇരിട്ടി : ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച ഇരിട്ടി പടിയൂർ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം വിറയാർന്ന കൈകളാൽ അച്ഛൻ പ്രകാശൻ ഏറ്റുവാങ്ങിയപ്പോൾ ഒരുനാടാകെ തേങ്ങുകയായിരുന്നു. വെള്ളിയാഴ്ചയാണ് ചിതാഭസ്മം സജീവ് ജോസഫ് എം.എൽ.എ. കുടുംബത്തിന് കൈമാറിയത്. ഒരുമാസമായി ഒരുനാടിന്റെ നെഞ്ചിലെ കണ്ണീർ കനലായി മാറിയവളുടെ ഇങ്ങനെയുള്ള തിരിച്ചുവരവ് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. വ്യാഴാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച ചിതാഭസ്മം നോർക്ക അധികൃതരുടെ നേതൃത്വത്തിൽ തീവണ്ടി വഴി കണ്ണൂരിലെത്തിച്ചാണ് കുടുംബത്തിന് കൈമാറിയത്.

To advertise here,

ജപ്പാനിലെ ഗിഫു പ്രവിശ്യയിലുള്ള കകമിഗാഹാരയിൽ സെപ്റ്റംബർ രണ്ടിനാണ് ദേവികയെ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവദിവസം രാത്രി എട്ടരയോടെ ദേവിക നാട്ടിലുള്ള അമ്മയെ വീഡിയോ കോൾ ചെയ്തിരുന്നു. പണം പിൻവലിക്കാൻ പുറത്തുപോവുകയാണെന്നാണ് അമ്മയോട് പറഞ്ഞിരുന്നത്. പിന്നീട് വിവരമൊന്നും ഇല്ലാതായതോടെ ദേവികയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. അതിനിടെയാണ് റെയിൽവേ ട്രാക്കിന് സമീപത്തുനിന്ന് ലഭിച്ച തിരിച്ചറിയൽകാർഡിന്റെ അടിസ്ഥാനത്തിൽ മരിച്ചത് ദേവികയാണെന്ന് ജപ്പാനിലെ അധികൃതർ സ്ഥിരീകരിച്ചത്.

മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ജപ്പാനിൽ തന്നെ ദേവികയുടെ സംസ്കാര ചടങ്ങുകൾ നടത്തി. കുടുംബത്തിന്റെ അനുവാദത്തോടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ എംബസി, ജപ്പാനിലെ മലയാളി സംഘടനാ പ്രതിനിധികൾ എന്നിവരുടെ സഹായത്തോടെയായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.

നോർക്ക റൂട്ട്സ് ജൂനിയർ എക്സിക്യൂട്ടീവ് എം. ജയകുമാർ, നോർക്ക റൂട്ട്സ് സ്റ്റാഫ് അംഗം മനോജ് കുമാർ എന്നിവർ ചേർന്ന് സജീവ് ജോസഫിന് ചിതാഭസ്മം കൈമാറി.