വ്യവസായ നഗരമെന്നാണ് പേരെങ്കിലും കഴിഞ്ഞ 20 കൊല്ലത്തിനിടെ വ്യാവസായികരംഗത്തുണ്ടായ വളർച്ചയ്ക്കൊപ്പം നഗരത്തിലെ ഭൗതിക സൗകര്യങ്ങൾ വളർന്നില്ല എന്നതാണ് പെരുമ്പാവൂർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. നഗര വികസനം മുഖ്യമായി എം.സി. റോഡിനെയും ആലുവ-മൂന്നാർ റോഡിനെയും ചുറ്റിപ്പറ്റി ഒതുങ്ങുന്നു. ഒരിക്കലെങ്കിലും ഇതുവഴി കടന്നുപോകേണ്ടിവന്നിട്ടുള്ള മറുനാട്ടുകാരിൽ പലർക്കും ഗതാഗതക്കുരുക്കിന്റെ പേരിലായിരിക്കും പെരുമ്പാവൂരിന്റെ ഓർമ്മ. പെരുമ്പാവൂരിലെ ഗതാഗതക്കുരുക്കിനെക്കുറിച്ച് ‘മാതൃഭൂമി’ അന്വേഷണ പരമ്പര തുടങ്ങുന്നു...
പെരുമ്പാവൂർ: തടി, പ്ലൈവുഡ് അനുബന്ധ വ്യവസായങ്ങളുടെ പേരിലാണ് പെരുമ്പാവൂരിനെക്കുറിച്ച് പുറംലോകം അറിയുന്നത്. ഇതേ വ്യവസായമേഖലകളിൽ പണിയെടുക്കാനെത്തിയ ഇതര സംസ്ഥാനക്കാരുടെ പേരിൽ ഒരേസമയം പ്രസിദ്ധവും കുപ്രസിദ്ധവുമാണ് ഇന്ന് പെരുമ്പാവൂർ. ഒരുലക്ഷത്തോളം ഇതരസംസ്ഥാനക്കാർ പെരുമ്പാവൂർ മേഖലയിലുണ്ടെന്നാണ് കണക്ക്. ചെറുതും വലുതുമായി പെരുമ്പാവൂരിലുള്ള ആയിരത്തോളം വ്യത്യസ്തമായ തൊഴിൽമേഖലകളിൽ പണിയെടുക്കുന്നവരാണ് ഇവർ. കഴിഞ്ഞ 15-20 കൊല്ലത്തിനിടയ്ക്ക് പെരുമ്പാവൂരിലുണ്ടായത് വ്യവസായ മുന്നേറ്റമെന്ന് വിശേഷിപ്പിക്കാം. ഒരുകാലത്ത് ട്രാവൻകൂർ റയോൺസിന്റെ പേരിൽ ഊറ്റംകൊണ്ടിരുന്ന പെരുമ്പാവൂർ ഇന്ന് പെരുമ്പാവൂരിലെ പ്ലൈവുഡ്, തടി വ്യവസായങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്.
ഇത്രയധികം സ്ഥാപനങ്ങളിലേക്ക് വരുന്ന ആയിരക്കണക്കിന് വാഹനങ്ങളുണ്ട്. നാട്ടിൽ സ്വാഭാവികമായി ഉണ്ടായ വാഹനപ്പെരുപ്പത്തിന് പുറമേയാണിത്. ചെറുതും വലുതുമായ വാഹനങ്ങളും സ്ഥാപനങ്ങളുമെല്ലാം പത്തിരട്ടിയിലേറെ വർധിച്ചെങ്കിലും പെരുമ്പാവൂരിൽ ഒരു റോഡുപോലും പുതിയതായി ഉണ്ടായില്ലെന്നതാണ് പ്രതിസന്ധി. എം.സി. റോഡിൽ കാലടി പാലം മുതലുള്ള കുരുക്ക് പെരുമ്പാവൂരിലേക്ക് എത്തുന്നത് സ്വാഭാവികം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നൂറുകണക്കിന് വാഹനങ്ങളാണ് പെരുമ്പാവൂർ നഗരത്തിലൂടെ പോകുന്നത്.
എം.സി. റോഡിലൂടെയുള്ള ദീർഘദൂര ബസുകൾ, മൂന്നാർ പോലെ ഹൈറേഞ്ചിലേക്കുള്ള വിനോദസഞ്ചാരികളുടെ വാഹനങ്ങൾ, ശബരിമല തീർഥാടകരുടെ തിരക്ക്, ഇടുക്കിയിൽ നിന്ന് കൊച്ചിയിലേക്കുള്ളവരുടെ യാത്ര, തുടങ്ങി പെരുമ്പാവൂരിനെ കുരുക്കിലാക്കുന്ന പ്രശ്നങ്ങൾ നിരവധി.
കടലാസിൽ ഒതുങ്ങുന്ന പദ്ധതികൾ
20 കൊല്ലം മുൻപുതന്നെ പെരുമ്പാവൂരിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള മാർഗങ്ങൾ ചർച്ചയിലുണ്ട്. ബൈപ്പാസ്, റിങ് റോഡ്, ഫ്ളൈ ഓവർ തുടങ്ങിയ വ്യത്യസ്തമായ പദ്ധതികൾ വിഭാവനം ചെയ്തെങ്കിലും ഒന്നും പ്രായോഗികമായിട്ടില്ല. 15 കൊല്ലം മുൻപ് തുടങ്ങിയ ബൈപ്പാസ് പദ്ധതി നിലവിൽ തുടങ്ങിയിടത്തുതന്നെ. ഒന്നര കിലോമീറ്റർ സ്ഥലമേറ്റെടുക്കലും മറ്റും നടന്നെങ്കിലും പണികൾ മെല്ലേപ്പോക്കിലാണ്. ആലുവ-മൂന്നാർ റോഡിന് മാത്രമുതകുന്ന ബൈപ്പാസ് പദ്ധതി പെരുമ്പാവൂർ നഗരത്തിലെ ഗതാഗതക്കുരുക്കിന് 10 ശതമാനം പോലും പരിഹാരമാകുമെന്ന് പ്രതീക്ഷയില്ല.
തിരക്കേറിയ എം.സി. റോഡിൽ കടുവാൾ മുതൽ വട്ടയ്ക്കാട്ടുപടി വരെയെത്തുന്ന ഫ്ളൈ ഓവർ വരണമെന്ന ആവശ്യം അടുത്തിടെ ഗൗരവമായി ഉയർന്നിട്ടുണ്ട്. മനോജ് മൂത്തേടൻ എം.എൽ.എ. ഇക്കാര്യം നിയമസഭയിൽ ഉന്നയിക്കുകയും പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇക്കാര്യത്തിൽ പഠനം നടത്താമെന്ന് ഉറപ്പുനൽകുകയും ചെയ്തുവെന്നതാണ് പുതിയ പ്രതീക്ഷ. ഈ മാസംതന്നെ ഫ്ളൈ ഓവർ പദ്ധതിയുടെ സാധ്യതാ പഠനത്തിനായി വിദഗ്ധ സംഘം പെരുമ്പാവൂരിലെത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
ബൈപ്പാസാണെങ്കിലും ഫ്ളൈ ഓവറാണെങ്കിലും യാഥാർഥ്യമാകാൻ വർഷങ്ങൾ കാത്തിരിക്കേണ്ടിവരും എന്നിരിക്കെ, നിലവിൽ പെരുമ്പാവൂരിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ താത്കാലികമായ പരിഹാരമാർഗങ്ങൾ കണ്ടെത്തേണ്ടതും അത്യാവശ്യമായിരിക്കുകയാണ്. ഇതിനെക്കുറിച്ചുള്ള ചർച്ചകളാണ് ഇനി നടക്കേണ്ടത്.
(തുടരും)
Published: 16 Oct 2026, 02:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented