പടിയൂർ : ഉദ്ഘാടനം കഴിഞ്ഞ് ഏഴുമാസം പിന്നിട്ടിട്ടും സഞ്ചാരികൾക്കായി തുറന്നുകൊടുക്കാതെ പടിയൂർ ഇക്കോ ടൂറിസം കേന്ദ്രം. കുട്ടികൾക്കുള്ള കളിസ്ഥലം, വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങൾ, കൂട്ടായ്മകളും മറ്റ് പരിപാടികളും സംഘടിപ്പിക്കാനുള്ള സൗകര്യം എന്നിവ ഉൾപ്പെടുത്തിയാണ് പദ്ധതി വിഭാവനം ചെയ്തത്. എന്നാൽ, ലക്ഷങ്ങൾ ചെലവഴിച്ച് ഒരുക്കിയ കേന്ദ്രം ഇനിയും പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുന്നില്ല. പടിയൂർ ടൗണിൽനിന്ന് ഏകദേശം ഒരു കിലോമീറ്റർ ദൂരത്തിലാണ് ഇക്കോ ടൂറിസം കേന്ദ്രം. കേന്ദ്രത്തിലേക്ക് റോഡ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും സഞ്ചാരികൾക്കായി തുറന്നുനൽകാൻ അധികൃതർ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. മാസങ്ങളായി പരിപാലിക്കാതെ കിടക്കുന്നതോടെ ഉപകരണങ്ങളും മറ്റ് സംവിധാനങ്ങളും നശിച്ചുപോകാൻ ഇടയാക്കുമെന്ന ആശങ്കയും ശക്തമാണ്.

To advertise here,

​കേന്ദ്രം പ്രവർത്തനരഹിതമായി തുടരുന്നതിനാൽ രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധർ ഇവിടെ എത്തിച്ചേരുന്നതായും നാട്ടുകാർ ആരോപിക്കുന്നു. ആവശ്യമായ നിരീക്ഷണവും സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാത്തത് പ്രദേശത്ത് ആശങ്ക സൃഷ്ടിക്കുകയാണ്.

​അടിയന്തരമായി സഞ്ചാരികൾക്കായി തുറന്നുകൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൃത്യമായ പരിപാലനം ഉറപ്പാക്കുക, രാത്രികാലങ്ങളിൽ പോലീസ് പട്രോളിങ് ശക്തമാക്കുക തുടങ്ങിയവയും ആവശ്യമാണ്. പൊതുജനങ്ങൾക്ക് വിനോദത്തിനും വിശ്രമത്തിനും പ്രയോജനപ്പെടേണ്ട കേന്ദ്രം നശിച്ചുപോകാതെ പ്രവർത്തനസജ്ജമാക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാവുന്നു.