കൊപ്പം (പാലക്കാട്) : പ്രസിദ്ധമായ രായിരനല്ലൂർ മലകയറ്റത്തിന് വൻ തിരക്ക്. മഴ വിട്ടുനിന്നതും ഞായറാഴ്ചയായതും തിരക്ക് ഇരട്ടിയാക്കി. പുലർച്ചെമുതൽ തന്നെ വിവിധ ജില്ലകളിൽനിന്നുമുള്ള വിശ്വാസികൾ എത്തിത്തുടങ്ങി.

To advertise here,

കൊപ്പം-വളാഞ്ചേരി പാതയിലെ ഒന്നാന്തിപ്പടിയിൽനിന്നും 500 അടിയോളം ഉയരത്തിലാണ് ചെങ്കുത്തായ രായിരനല്ലൂർ മല സ്ഥിതിചെയ്യുന്നത്. മലയുടെ തെക്കുവശത്തെ ഒന്നാന്തിപ്പടിയിലൂടെയുള്ള സാഹസംനിറഞ്ഞ വഴിയിലൂടെയും പടിഞ്ഞാറുവശത്തെ പടവുകളിലൂടെയുമാണ് വിശ്വാസികൾ മലമുകളിലെത്തിയത്.

 

തിരക്കുമൂലം മലകയറ്റത്തിന് മണിക്കൂറുകളോളം വേണ്ടിവന്നു.

പന്തിരുകുല പ്രധാനി നാറാണത്തുഭ്രാന്തന് ദേവീദർശനം ലഭിച്ചെന്ന ഐതിഹ്യവുമായാണ് എല്ലാവർഷവും തുലാം ഒന്നിന് രായിരനല്ലൂർ മലകയറ്റം നടത്തുന്നത്. ഇതിന് മുന്നോടിയായി മലമുകളിലെ ക്ഷേത്രത്തിൽ മൂന്നുദിവസം ലക്ഷാർച്ചന നടത്തിയിരുന്നു. ഞായറാഴ്ചരാവിലെ മുതൽ വിശേഷാൽപൂജകളും നടന്നു. നാരായണത്തുഭ്രാന്തൻ ദ്വാദശാക്ഷരി ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ക്ഷേത്രത്തിൽ ചടങ്ങുകൾ നടത്തുന്നത്.

സുരക്ഷാ ക്രമീകരണങ്ങളും പ്രാഥമിക സൗകര്യങ്ങളും മലയിലും അടിവാരത്തും ഒരുക്കിയിരുന്നു. ഷൊർണൂർ ഡിവൈ.എസ്.പി. കെ.സി. വിനു, പട്ടാമ്പി സി.ഐ. ദീപക് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പോലീസും സ്ഥലത്തുണ്ടായിരുന്നു.