കാരമുട്ട് (കരുവാറ്റ) : കാരമുട്ടിലെ യാത്രാബുദ്ധിമുട്ടിനു പരിഹാരമായി ചെറുപുഷ്പം-കാരമുട്ട് ലിങ്ക് റോഡ് പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു. റോഡു നിർമിക്കാനുള്ള പദ്ധതി തയ്യാറാക്കിയെങ്കിലും തുടർനടപടികളായിട്ടില്ല. കുറിച്ചിക്കൽ കടവിലെ പാലത്തിന്റെ പൂർണ പ്രയോജനം കാരമുട്ട് നിവാസികൾക്കു ലഭിക്കണമെങ്കിൽ കുറിച്ചിക്കൽ പാലമിറങ്ങി ചെറുപുഷ്പത്തുനിന്ന് കാരമുട്ട് ഗവ. എൽ.പി.സ്‌കൂളിനു സമീപമെത്തുന്ന ലിങ്ക് റോഡ് യാഥാർഥ്യമാകണം. പാടശേഖരത്തിലൂടെയുളള റോഡ് എത്തിച്ചേരുന്നത് എസ്.ആർ. ജങ്ഷൻ-കോരംകുഴി റോഡിലേക്കാണ്. റോഡിനായി സ്ഥലമുണ്ടെങ്കിലും പുൽച്ചെടികളും മറ്റും വളർന്നിരിക്കുന്നതിനാൽ യാത്രചെയ്യാനാകില്ല.
കരുവാറ്റ പഞ്ചായത്തിലെ ഒന്നാംവാർഡാണ് കാരമുട്ട്. ലീഡിങ് ചാനലും കോരംകുഴി തോടും വിശാലമായ പുഞ്ചപ്പാടങ്ങളും അതിരിടുന്ന ദ്വീപാണ് കാരമുട്ട്. നാനൂറിലധികം കുടുംബങ്ങളാണ് ഇവിടെയുള്ളത്. എസ്.ആർ. ജങ്ഷൻ കോരംകുഴി, എസ്.എൻ.കടവ്-ആശാട്ടിമുക്ക് റോഡുകളാണ് പ്രദേശത്തെ പ്രധാന യാത്രാമാർഗം. മഴക്കാലത്ത് രണ്ടു റോഡുകളും മുങ്ങും. പിന്നീട് ഇതുവഴി സഞ്ചരിക്കാനാകാത്ത സ്ഥിതിയാണ്. പുറംലോകവുമായി ബന്ധപ്പെടുന്നതിന് എസ്.എൻ.കടവിലെ ജങ്കാറാണ് ആശ്രയം. രാത്രി എട്ടുകഴിഞ്ഞാൽ ജങ്കാറിന്റെ സേവനം കിട്ടില്ല. പിന്നീട് വള്ളത്തിലാണ് നാട്ടുകാർ മറുകര കടക്കുന്നത്.
ആറ്റിൽ ഒഴുക്കുള്ളപ്പോഴും മഴയത്തും വള്ളത്തിലെ യാത്ര അപകടകരമാണ്. ലീഡിങ് ചാനലിന്റെ തീരമിടിഞ്ഞതിനാൽ വാഹനങ്ങളിൽ പോകുന്നതിനോ കാൽനടയായി പോകാനോ കഴിയില്ല. കാരമുട്ടിൽനിന്ന് ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ ഭാഗങ്ങളിലെ വിവിധ സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന കുട്ടികൾ വെള്ളപ്പൊക്കസമയത്ത് ക്ലാസിൽ പോകാനാകാതെ ബുദ്ധിമുട്ടുകയാണ്. കാരമുട്ടിൽ സഞ്ചാരയോഗ്യമായ റോഡുകളില്ലാത്തതിനാൽ അടിയന്തരഘട്ടങ്ങളിൽ രോഗികളെ ആശുപത്രിയിൽ എത്തിക്കാനാകില്ല. ഇങ്ങനെ രോഗികൾ മരണപ്പെട്ട സംഭവങ്ങളുമുണ്ട്.
എസ്.എൻ.കടവിലെ ജങ്കാറിലാണ് കാരമുട്ടിലെ താമസക്കാർ വാഹനങ്ങളും മറ്റും കൊണ്ടുപോകുന്നത്. ജങ്കാർ ഇല്ലാത്തപ്പോൾ കുറിച്ചിക്കൽ കടവിനു സമീപത്തുനിന്ന് വള്ളത്തിലാണ് ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ കയറ്റിക്കൊണ്ടുപോകുന്നത്. അപകടകരമായ യാത്രയാണെന്ന് അറിയാമെങ്കിലും മറ്റു മാർഗമില്ലാത്തതിനാൽ നാട്ടുകാർ വള്ളങ്ങളെ ആശ്രയിക്കുകയാണ്.
കുറിച്ചിക്കൽ കടവിൽ പാലംപണി ഏകദേശം പൂർത്തിയായി. അനുബന്ധപാതകളുടെ നിർമാണംകൂടി കഴിഞ്ഞാൽ പാലം ഗതാഗതത്തിനു തുറക്കും. എന്നാൽ, പാലംവഴിയുള്ള യാത്രയുടെ പ്രയോജനം കാരമുട്ടിലെ ജനങ്ങൾക്കു കിട്ടണമെങ്കിൽ ചെറുപുഷ്പം-കാരമുട്ട് ലിങ്ക് റോഡ് പൂർത്തിയാക്കുകയും പ്രദേശത്തെ മറ്റു റോഡുകൾ സഞ്ചാരയോഗ്യമാക്കുകയും വേണം.
Published: 02 Oct 2026, 02:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented