പനങ്ങാട് : കുമ്പളം ടോൾപ്ലാസയിലെ ഡിവൈഡറിലേക്ക് ബസ് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 24 പേർക്ക് പരിക്കേറ്റു. ഇതിൽ 17 പേർ സ്ത്രീകളാണ്. പരിക്കേറ്റവരെ വി.പി.എസ്. ലേക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

To advertise here,

വെള്ളി‍യാഴ്ച രാവിലെ 7.45-നായിരുന്നു സംഭവം. എരമല്ലൂർ- കലൂർ റൂട്ടിൽ സർവിസ് നടത്തുന്ന മുല്ലശ്ശേരി ബസാണ് ടോൾപ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറിയത്. ബസ് എരമല്ലൂരിൽനിന്നും കലൂരിലേക്ക് വരുകയായിരുന്നു.

അമിതവേഗത്തിലെത്തിയ ബസ് ടോൾപ്ലാസയിലെ തിരക്കു കുറഞ്ഞ ലെയ്നിലേക്ക് വെട്ടിച്ചുകയറ്റിയപ്പോൾ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് പരിസരത്തുണ്ടായിരുന്നവർ പറഞ്ഞു. ബസിനുള്ളിൽ തെറിച്ചുവീണാണ് കൂടുതൽ പേർക്കും പരിക്കേറ്റത്. മറ്റൊരു ബസിലും ആംബുലൻസുകളിലുമായി ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

 

അരൂർ സ്വദേശികളായ കണ്ടങ്കൽവീട്ടിൽ മുരുകേശൻ (59), കാട്ടുകണ്ടത്തിൽവീട്ടിൽ ദേവദാസ് (61), പുള്ളിയത്തറവീട്ടിൽ പത്രോസ് (65), തറയിൽവീട്ടിൽ ടി.എൻ. സലീപൻ (65), പുരുത്തുക്കാടുവീട്ടിൽ ബിന്ദു (45), വട്ടക്കുളം അഴുേവലിപ്പറമ്പുവീട്ടിൽ ശ്യാമ (46), ആലീസ് (51), കടവിപ്പറമ്പിൽവീട്ടിൽ പ്രസന്നാ ഷൺമുഖൻ (58), കട്ടപ്പുരയ്ക്കൽവീട്ടിൽ പ്രജിഷ (43), കോയിപ്പറമ്പിൽവീട്ടിൽ രത്നകുമാരി (62), കാരത്തറവീട്ടിൽ സതി (61), തട്ടമ്പിള്ളി വീട്ടിൽ പത്മാവതി (64), ചക്കനാട്ടുവീട്ടിൽ റീനാ ജെയിംസ് (45), എരമല്ലൂർ സ്വദേശികളായ വെട്ടുവേൽചിറവീട്ടിൽ രജിത (46), തായിപ്പറമ്പിൽവീട്ടിൽ ജസ്റ്റിൻ (53), പുതുവൽനികർത്ത് വീട്ടിൽ ശ്രീജാ കുഞ്ഞുമോൻ (47), ആലപ്പുഴ സ്വദേശികളായ പുത്തൻപറമ്പിൽവീട്ടിൽ സാബു (60), കുന്നേൽവീട്ടിൽ നിഷ (43), കൊല്ലം അതിനാട് നോർത്ത് വെളുത്തിടത്തുതറയിൽ വീട്ടിൽ ബാബു (55), അസം സ്വദേശിനി മാപ്ഗോഗോ (34), ചേർത്തല മഞ്ചാടിക്കുന്നേൽവീട്ടിൽ രാധാമണി (57), ചന്തിരൂർ തഴുപ്പിൽവീട്ടിൽ എസ്. സുമി (43), ഫോർട്ട്കൊച്ചി പേരേക്കൽവീട്ടിൽ പി.ആർ. റുഫൈദ (24), അരൂക്കുറ്റി ആലങ്ങാട്ടുവീട്ടിൽ രമ്യാ രവീന്ദ്രൻ (40) എന്നിവർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റ രാധാമണി, രമ്യ എന്നിവർ വി.പി.എസ്. ലേക്‌ഷോർ ആശുപത്രിയിലെ ജീവനക്കാരാണ്.  വെള്ളിയാഴ്ച രാവിലെ കുമ്പളം ടോൾപ്ലാസയിലെ ഡിവൈഡറിലേക്ക് ബസ് ഇടിച്ചുകയറിയുണ്ടായ അപകടം