ഹരിഹരയ്യർ റോഡിൽ യാത്ര കഠിനം
പെരുമ്പാവൂർ : മൂന്നുകൊല്ലം മുൻപ് പൈപ്പ് സ്ഥാപിക്കുന്നതിനായി ജല അതോറിറ്റി കുത്തിപ്പൊളിച്ച നഗരഹൃദയത്തിലെ പ്രധാനപാതയായ ഹരിഹരയ്യർ റോഡിന്റെ പുനർനിർമാണം നടന്നില്ല. നഗരത്തിലെ ഗതാഗതക്കുരുക്കിന് പ്രധാന കാരണങ്ങളിലൊന്ന് തിരക്കേറിയ ഹരിഹരയ്യർ റോഡിന്റെ ശോച്യാവസ്ഥയാണ്. എം.സി. റോഡിൽ ഔഷധി ജങ്ഷനിൽ നിന്ന് ശ്രീധർമശാസ്താ ക്ഷേത്രത്തിന് മുന്നിലൂടെ എ.എം. റോഡിൽ ആശുപത്രിപ്പടി വരെയാണ് റോഡ്. എ.എം. റോഡിൽ യാത്രി നിവാസ് ഭാഗത്തുനിന്ന് കോടതി സമുച്ചയത്തിന് മുന്നിലൂടെ ഔഷധി ജങ്ഷനിലെത്തുന്ന റോഡിന്റെ തുടർച്ചയാണ് ഹരിഹരയ്യർ റോഡ്. നഗരത്തിലെ ഏറ്റവും തിരക്കേറിയ, ബസുകൾ ഉൾപ്പെടെ വൺവേ ആയി പോകുന്ന റോഡിന്റെ സ്ഥിതി വർഷങ്ങളായി പരിതാപകരമാണ്.
ഔഷധി ജങ്ഷനിൽ നിന്ന് ആശുപത്രിപ്പടി വരെയുള്ള ഭാഗം ജൽജീവൻ പദ്ധതി മുഖേനയാണ് ജലഅതോറിറ്റി പൈപ്പുകൾ സ്ഥാപിച്ചത്. കോടതി റോഡിൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പൈപ്പുകൾ സ്ഥാപിച്ചതെന്ന് പറയുന്നു. റോഡ് പൊളിച്ചതിന് പരിഹാരമായി 65 ലക്ഷം രൂപ ജലഅതോറിറ്റി പൊതുമരാമത്ത് വകുപ്പിന് നൽകിയെങ്കിലും ഇതുവരെ പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തുനിന്ന് നടപടിയൊന്നും ഉണ്ടായിട്ടില്ല.
സാങ്കേതിക കാരണങ്ങൾ നിരത്തി രണ്ട് വകുപ്പുകളും പരസ്പരം പഴിചാരുകയാണ്. 2025-ൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ആയിരിക്കെ പ്രശ്നപരിഹാരത്തിനായി സർവകക്ഷി യോഗം വിളിച്ചുചേർക്കുകയും ഉടൻ പണികൾ പൂർത്തിയാക്കുകയും ചെയ്യുമെന്ന് ഉറപ്പ് നൽകിയിരുന്നതാണ്. ക്ഷേത്രോപദേശക സമിതിയും രാഷ്ട്രീയകക്ഷികളും ഉൾപ്പെടെ പലവട്ടം പൊതുമരാമത്ത് വകുപ്പ് ഓഫീസിൽ നിവേദനം നൽകുകയും മാർച്ച് സംഘടിപ്പിക്കുകയും ചെയ്തിട്ടും ഒന്നും സംഭവിച്ചില്ല.
ഉദ്യോഗസ്ഥർ നടപടി എടുക്കുന്നില്ലെന്ന് ക്ഷേത്രോപദേശക സമിതി
പെരുമ്പാവൂർ : പലവട്ടം പരാതി നൽകിയിട്ടും റോഡ് സഞ്ചാരയോഗ്യമാക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലെന്ന് ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ ആരോപിച്ചു.
പലവട്ടം പൊതുമരാമത്ത് വകുപ്പിലും ജലഅതോറിറ്റിയിലും നിവേദനങ്ങൾ നൽകിയതാണ്. ശനിയാഴ്ച നൂറുകണക്കിന് ഭക്തർ പങ്കെടുക്കുന്ന ഭാഗവതസപ്താഹം തുടങ്ങാനിരിക്കുകയാണ്. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കും നഗരവാസികൾക്കും വാഹനങ്ങൾ ഓടിക്കുന്നവർക്കുമെല്ലാം ഒരുപോലെ ദുരിതമുണ്ടാക്കുന്ന പ്രശ്നത്തിന് ഉന്നതാധികാരികൾ ഇടപെട്ട് എത്രയുംവേഗം പരിഹാരമുണ്ടാക്കണമെന്ന്് സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
Published: 04 Sept 2026, 03:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented