ചെറായി : അന്താരാഷ്ട്ര നിലവാരത്തിലുള്ള മുനമ്പം മാതൃകാ ഫിഷിങ് ഹാർബറിന്റെ പടിഞ്ഞാറുഭാഗം മുഴുവൻ കാട് കയറി മാലിന്യത്തിന്റെ പിടിയിലായി. ആധുനിക ഹാർബറാക്കി മാറ്റാനുള്ള ലക്ഷ്യത്തിൽ 200 കോടി രൂപയുടെ നവീകരണവും നടത്തുമെന്ന പ്രഖ്യാപനം ഇതുവരെ നടപ്പിലായിട്ടില്ല.

To advertise here,

ഹാർബറിന്റെ അവസ്ഥ ഏറെ ശോചനീയമാണ്. ഹാർബറിൽ ബോട്ടുകൾ അടുക്കുന്ന ഭാഗത്ത് പടിഞ്ഞാറുഭാഗം നടപ്പാത പൊട്ടിപ്പൊളിഞ്ഞ് വെള്ളം കെട്ടിക്കിടന്ന് മാലിന്യത്തിന്റെ പിടിയിലാണ്. ലേലപ്പുര ഉൾപ്പെടെ വികസനം വരേണ്ട സ്ഥലമാണ് കാടുകയറി നശിക്കുന്നത്. ഒരു മാസം മുൻപ് നിലവിലുള്ള ലേലപ്പുരയിലെ ടൈലുകൾ പൊട്ടിപ്പൊളിഞ്ഞത് അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും നടപ്പാതയിലെ പടിഞ്ഞാറുഭാഗത്ത് നവീകരണം ഒന്നും നടന്നില്ല.

200 കോടിയുടെ മുനമ്പം ഫിഷിങ് ഹാർബർ വികസനത്തിന് ഡി.പി.ആർ. തയ്യാറാക്കി സാഗർമാലയിലേക്ക് കൈമാറിയെങ്കിലും തുടർ നടപടിയൊന്നുമായിട്ടില്ല. അന്താരാഷ്ട്ര കയറ്റുമതി നിലവാരത്തിലേക്ക് ഹാർബറിനെ ഉയർത്തുകയാണ് ലക്ഷ്യം. കൊച്ചി ഹാർബർ മാതൃകയിൽ 12 മീറ്റർ വീതിയുള്ള റോഡുകൾ, വൻകിട വാഹനങ്ങൾക്കായി മൾട്ടി-ലെവൽ പാർക്കിങ് എന്നിവ ഉൾപ്പെടെ ആധുനിക മാലിന്യ സംസ്‌കരണ സംവിധാനങ്ങളോടെ 'ഗ്രീൻ സ്മാർട്ട് ഹാർബർ' ആയിട്ടായിരിക്കും വികസനം.

നാവിക സുരക്ഷയ്ക്ക് പുതിയ സിഗ്നൽ സ്റ്റേഷനും സ്ഥാപിക്കും. 42,546 ടണ്ണോളം മത്സ്യോത്പന്നങ്ങൾ വാർഷികമായി എത്തുന്ന പ്രധാനപ്പെട്ട ഹാർബറായ മുനമ്പത്തിന് കൈകാര്യത്തിലും നടപടികളിലും കാലിക മാനദണ്ഡങ്ങൾ പാലിക്കാൻ പര്യാപ്തതയില്ലെന്നു തിരിച്ചറിഞ്ഞാണ് വികസനത്തിന് ഒരുങ്ങുന്നത്. ഹാർബർ വികസനത്തിൽ 60% കേന്ദ്ര വിഹിതവും 40% സംസ്ഥാന പങ്കാളിത്തവുമാണ്. രണ്ട് നിലകളിലായി ഒരുങ്ങുന്ന കെട്ടിടത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ നാല് ഓക്ഷൻ ഹാളുകൾ, വൃത്തിപൂർണ സാഹചര്യം, പാർക്കിങ് സൗകര്യം, മറൈൻ ആംബുലൻസ് ഏർപ്പാടുകൾ, ഫയർഫോഴ്‌സ്, എന്നിവയുൾപ്പെടെയാണ് ഫിഷിങ് ഹാർബർ വികസനത്തിന് ഡി.പി.ആർ. തയ്യാറാക്കി നൽകിയിട്ടുള്ളത്.

ഉയർന്ന നിലവാരമുള്ള മത്സ്യങ്ങൾ വലിയ അളവിൽ കയറ്റുമതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖങ്ങളിൽ ഒന്നായ മുനമ്പം ഫിഷിങ് ഹാർബറിൽ കാലോചിതമായ മാറ്റങ്ങൾക്ക് വിധേയമായി നിലവിലുള്ള സൗകര്യങ്ങൾ വർധിപ്പിച്ചാൽ മാത്രമേ ഹാർബറിന്റെ നിലവാരം നിലനിർത്താൻ കഴിയുകയുള്ളൂ. 470-ഓളം ബോട്ടുകളും 37 വള്ളങ്ങളും മുനമ്പം ഹാർബറുമായി ബന്ധപ്പെട്ട് മത്സ്യബന്ധനം നടത്തുന്നുണ്ട്. ഒരു ദിവസം കയറ്റുമതി വിഭവങ്ങൾ ഉൾപ്പെടെ 80 ടൺ മത്സ്യമാണ് മുനമ്പം ഹാർബറിലെത്തുന്നത്.

ആയിരത്തിലധികം തൊഴിലാളികളാണ് ഹാർബറുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നത്.