ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു
കാക്കനാട് : അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങളും വീഡിയോകളും മോർഫ് ചെയ്ത് അശ്ലീലരീതിയിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ തൃക്കാക്കര ഭാരതമാതാ കോളേജിലെ രണ്ടാംവർഷ ബി.ബി.എ. വിദ്യാർഥി വി.എസ്. ശ്രീഹരിയെ തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്തു. കോളേജ് അധികൃതർ നൽകിയ പരാതിയെത്തുടർന്നാണ് പോലീസ് നടപടി. വിദ്യാർഥിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന. കോളേജിലെ വിവിധ പരിപാടികളുടെ ഔദ്യോഗിക ചിത്രീകരണ ചുമതല വഹിച്ചിരുന്ന വിദ്യാർഥിയാണ് ശ്രീഹരി. ഇയാൾ പരിപാടികൾക്കിടെ പകർത്തിയ ചിത്രങ്ങളും വീഡിയോകളും മോർഫ് ചെയ്ത് അശ്ലീലരീതിയിലാക്കി ടെലഗ്രാം ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ചെന്നാണ് പരാതി.
സംഭവം പുറത്തറിഞ്ഞതോടെ കോളേജിൽ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് കോളേജ് അധികൃതർ നടത്തിയ പ്രാഥമിക പരിശോധനയിൽ വിദ്യാർഥിയുടെ മൊബൈൽ ഫോണിൽനിന്ന് മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഇതിന് പിന്നാലെ ഇയാളെ കോളേജിൽനിന്ന് സസ്പെൻഡ് ചെയ്തു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്താണ് കോളേജ് അധികൃതർ പോലീസിൽ പരാതി നൽകിയത്.
മൊബൈൽ ഫോണും മറ്റ് ഡിജിറ്റൽ വിവരങ്ങളും വിശദമായി പരിശോധിച്ച് ചിത്രങ്ങൾ എവിടെനിന്നാണ് തയ്യാറാക്കിയതെന്നും ഏതെല്ലാം പ്ലാറ്റ്‌ഫോമുകളിലൂടെയാണ് പ്രചരിപ്പിച്ചതെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ടെലഗ്രാം ഗ്രൂപ്പുകളുടെ വിശദാംശങ്ങൾ, ചിത്രങ്ങൾ പങ്കുവെച്ച അക്കൗണ്ടുകൾ, ഡിജിറ്റൽ ആശയവിനിമയങ്ങൾ എന്നിവയും അന്വേഷണത്തിന്റെ ഭാഗമാക്കും. അതേസമയം, സംഭവത്തിന്റെ ഗൗരവം വ്യക്തമായ ശേഷവും വിദ്യാർഥിയെ ലോക്കൽ ഗാർഡിയനൊപ്പം പോകാൻ കോളേജ് അധികൃതർ അനുവദിച്ചെന്നാരോപിച്ച് ഒരു വിഭാഗം വിദ്യാർഥികൾ കോളജ് കവാടത്തിൽ പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കാൻ പോലീസിന് നിർദേശം നൽകിയതായി ഉമാ തോമസ് എം.എൽ.എ. പറഞ്ഞു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ തൃക്കാക്കര അസി. കമ്മിഷണറയെയും സി.ഐ.യെയും വിളിച്ച് കാര്യക്ഷമമായ അന്വേഷണം ആവശ്യപ്പെട്ടിരുന്നുവെന്നും അവർ പറഞ്ഞു.
മോർഫിങ് കേസിൽ ഉൾപ്പെട്ട ബി.ബി.എ. വിദ്യാർഥി എസ്. ശ്രീഹരിയെ തൃക്കാക്കര ഭാരതമാതാ കോളജിൽനിന്ന് പുറത്താക്കിയതായി പ്രിൻസിപ്പൽ അറിയിച്ചു. സംഭവത്തിൽ മറ്റു വിദ്യാർഥികൾക്ക് പങ്കുള്ളതായി തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.
Published: 04 Sept 2026, 03:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented