ഫോർട്ട്കൊച്ചി : വിനോദസഞ്ചാര മേഖലയായ ഫോർട്ട്‌കൊച്ചിയിൽ ടൂറിസംവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ശൗചാലയനിർമാണം റവന്യൂവകുപ്പ് തടഞ്ഞു.
റവന്യൂ ഭൂമിയിൽ അനുവാദമില്ലാതെ ശൗചാലയം നിർമാണം തുടങ്ങിയത് നിർത്തിവെയ്ക്കണമെന്ന് റവന്യൂവകുപ്പ് രേഖാമൂലം നിർദേശം നൽകി.
ഫോർട്ട്കൊച്ചി പൈതൃകമേഖലയിൽ പൈതൃക സ്മാരകമായ ഡച്ച് സെമിത്തേരിക്കുസമീപം കെട്ടിടം നിർമിക്കുന്നതിനെതിരേ പൈതൃകസ്നേഹികൾ നേരത്തേതന്നെ രംഗത്തെത്തിയിരുന്നു. ഇത് നിയമവിരുദ്ധമാണെന്ന് അവരും ചൂണ്ടിക്കാട്ടിയിരുന്നു. നിർമാണത്തിന് കൊച്ചി നഗരസഭയുടെ അനുമതിയില്ലെന്ന ആക്ഷേപവും ഉയർന്നിരുന്നു.
ധാരാളം വിനോദസഞ്ചാരികൾ എത്തുന്ന ഫോർട്ട്കൊച്ചിയിൽ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിന് സൗകര്യമില്ലെന്ന് പരാതിയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടൂറിസംവകുപ്പ് ശൗചാലയ നിർമാണം തുടങ്ങിയത്.
നിർമിതികേന്ദ്രയ്ക്കായിരുന്നു നിർമാണച്ചുമതല. അതേസമയം ശൗചാലയ നിർമാണത്തിനായി ഫോർട്ട്കൊച്ചിയിൽ മറ്റൊരു സ്ഥലം റവന്യൂവകുപ്പ് അനുവദിച്ചിരുന്നു. ഇപ്പോഴും അവിടെ നിർമാണം നടത്താമെന്നിരിക്കെയാണ് കടപ്പുറത്തെ പ്രധാനയിടത്ത് ശുചിമുറി നിർമാണം ആരംഭിച്ചത്.
ഠാക്കൂർ ഹൗസിന് പുറകുവശത്തുള്ള പത്തുസെന്റ് ഭൂമിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ശുചിമുറി നിർമിക്കാൻ നേരത്തേതന്നെ പദ്ധതിയുണ്ടായിരുന്നതാണ്. ഇതിനിടെ കൊച്ചി നഗരസഭയുടെ സി ഹെഡ് നിർമിച്ച പ്രീ ഫാബ് ടോയ്‌ലെറ്റ് ഒരുവർഷമായി ഉപയോഗിക്കാൻ കഴിയാതെ കിടക്കുകയാണ്.
കുടിവെള്ള കണക്ഷൻ ലഭിക്കാത്തതാണ് കാരണം. വേണമെന്ന് വിചാരിച്ചാൽ കുടിവെള്ള കണക്ഷൻ കിട്ടാൻ ബുദ്ധിമുട്ടില്ല. പക്ഷേ, നഗരസഭയ്ക്ക താത്പര്യമില്ല. ടോയ്‌ലെറ്റ് സമുച്ചയത്തിലൊന്ന് ഫോർട്ട്‌കൊച്ചി പള്ളത്ത് രാമൻ മൈതാനിയിൽ ഉപേക്ഷിച്ചനിലയിൽ കിടക്കുകയാണ്.
ഫോർട്ട്‌കൊച്ചി സൗത്ത് ബീച്ചിൽ തകർന്നുകിടക്കുന്ന നഗരസഭയുടെ ശുചിമുറി കെട്ടിടം നവീകരിക്കാനുള്ള നടപടികളും ഉണ്ടായിട്ടില്ല.
ഈ ശുചിമുറികൾ ഉടൻ പ്രവർത്തനം ആരംഭിച്ച് സഞ്ചാരികൾക്ക് ഉപയോഗത്തിന് നൽകണമെന്ന് യുവവെളിച്ചം സാമൂഹിക സാംസ്കാരികവേദി സെക്രട്ടറി ബാബു ഐസക്ക് ജോൺ ആവശ്യപ്പട്ടു.
Published: 07 Oct 2026, 02:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented