കട്ടപ്പന: നഗരസഭാ കാര്യാലയത്തിൽ എത്തുന്നവരുടെ മുന്നിൽനിന്ന് മുകളിലേക്കുയരാൻ ആഞ്ഞുനിൽക്കുകയാണ് സ്പൈഡർമാൻ. പറന്നുയരാൻ സാധിക്കില്ലെങ്കിലും ഈ സ്പൈഡർമാൻ ഒരുസന്ദേശം നൽകുന്നുണ്ട്. പ്ലാസ്റ്റിക് പുനരുപയോഗം നടത്തണമെന്നും വഴിയിൽ ഉപേക്ഷിക്കരുതെന്നുമുള്ള വലിയ ആശയം.

To advertise here,

പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ചാണ് ഈ സ്‌പൈഡർമാൻ രൂപം നിർമിച്ചിട്ടുള്ളത്. മാലിന്യം പുനരുപയോഗം ചെയ്ത് ഉപയോഗപ്രദമായ രീതിയിൽ മാറ്റിയെടുക്കാം എന്ന ആശയം പ്രചരിപ്പിക്കാനാണ് ആരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ഇത് നിർമിച്ചത്.

നഗരസഭാ പ്രദേശങ്ങളിലെ ബോട്ടിൽ ബൂത്തുകളിൽനിന്നും മറ്റും കിട്ടിയ പ്ലാസ്റ്റിക് കുപ്പികൾ, പ്ലാസ്റ്റിക് കവറുകൾ, പഴയ ഇരുമ്പ് കമ്പികൾ എന്നിവയാണ് ഈ സ്‌പൈഡർമാന് ജീവൻ നൽകാൻ ഉപയോഗിച്ചത്. ഹരിതകേരളം മിഷന്റെയും നഗരസഭയുടെയും ‘വേസ്റ്റ് ടു ആർട്ട്’ (മാലിന്യത്തിൽനിന്ന് കല) പദ്ധതിയുടെ ഭാഗമായി നഗരസഭാ ജീവനക്കാരും പ്രാദേശിക കലാകാരന്മാരും ചേർന്നാണ് ശില്പം യാഥാർഥ്യമാക്കിയത്. മാലിന്യ സംസ്‌കരണത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്താൻ ഇത്തരം വേറിട്ട കാഴ്ചകൾ സഹായിക്കുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.

നഗരസഭാധ്യക്ഷൻ ജോയ്‌ വെട്ടിക്കുഴി, നഗരസഭാംഗങ്ങൾ, ജീവനക്കാർ, ഹരിതകർമസേനാംഗങ്ങൾ, ശുചീകരണ തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിലാണ് ഈ വേറിട്ട ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്.

സ്‌പൈഡർമാൻ ആപത്തുകളിൽനിന്ന്‌ രക്ഷിക്കുന്നതുപോലെ നാടിനെ മലിനീകരണത്തിൽനിന്ന് രക്ഷിക്കാനെത്തുന്ന ഒരു രക്ഷകന്റെ പ്രതീകമായാണ് സ്‌പൈഡർമാന്റെ പ്രതിമ ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് നഗരസഭാധ്യക്ഷൻ ജോയ്‌ വെട്ടിക്കുഴി പറഞ്ഞു.

വരുംദിവസങ്ങളിൽ നഗരസഭാ പ്രദേശത്തെ എല്ലാ സ്‌കൂളുകളിലെയും കുട്ടികൾക്കായി ‘വേസ്റ്റ് ആൻഡ് ആർട്ട്’ ശില്പശാലയും നഗരസഭ ഒരുക്കുന്നുണ്ട്.