തൊടുപുഴ : മണക്കാട് പുതുക്കുളം ശ്രീനാഗരാജസ്വാമിക്ഷേത്രത്തിൽ ആയില്യം നാളിൽ ആയിരക്കണക്കിന് ഭക്തരാണ് ഉത്സവച്ചടങ്ങുകൾകണ്ട് തൊഴാനായി എത്തിയത്. നൂറുംപാലും, അഭിഷേകങ്ങൾ, ഗണപതിഹോമം, മലർ നിവേദ്യം, പാൽപ്പായസ ഹോമം, ഉഷഃപൂജ, തളിച്ചുകൊട, അഷ്ടനാഗപൂജ, കളമെഴുത്തും പാട്ട്, തെക്കേക്കാവിലേക്ക് എഴുന്നള്ളിപ്പ്, തിരിച്ചെഴുന്നള്ളിപ്പ്, സർപ്പബലി എന്നീ വിശേഷ ചടങ്ങുകളും നടന്നു.

To advertise here,

ക്ഷേത്രം തന്ത്രി നീണ്ടൂർമന നാരായണൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി കാടമറുക് ഇല്ലം മിഥുൻ നമ്പൂതിരിയുടെയും കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. വൈകീട്ടോടുകൂടി തെക്കേക്കാവിലേക്ക് പഞ്ചവാദ്യം, നാഗസ്വരം എന്നിവയുടെ അകമ്പടിയോടുകൂടി നടന്ന താലപ്പൊലിയിലും നിരവധി ഭക്തരാണ് പങ്കെടുത്തത്. പ്രഭാതഭക്ഷണം, അന്നദാനം ഉൾപ്പെടെയുള്ള എല്ലാ സജ്ജീകരണങ്ങളും വാഹന പാർക്കിങ്ങിന് പ്രത്യേകം സൗകര്യങ്ങളും ക്ഷേത്രം ട്രസ്റ്റി ഒരുക്കിയിരുന്നു.

ഉത്സവ സമാപനദിവസമായ ബുധനാഴ്ച രാവിലെ 6.30 നൂറുംപാലും വിതരണം, 7.00 ഉഷഃപൂജ, 10.11 മകം ഇടി, ഉച്ചപൂജാ ചടങ്ങുകൾ 12.00 നടയടപ്പ് എന്നീ ചടങ്ങുകളും നടക്കും. വഴിപാടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും ക്ഷേത്രം ട്രസ്റ്റി ഒരുക്കിയിട്ടുണ്ട്.

ഫോൺ: 9446012500, 9995705405.